
പണ സമ്പാദനം ലക്ഷ്യമിടുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിച്ച കേന്ദ്ര സർക്കാരിന്റെ നടപടി ഇന്ത്യൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബിസിസിഐക്കും ഐപിഎല്ലിനും മാത്രമല്ല, താരങ്ങൾക്കും കനത്ത വരുമാന നഷ്ടത്തിന് വഴിവയ്ക്കും. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രം പുതിയ നിയമംകൊണ്ടുവന്ന് റിയൽ മണി ഗെയിമിങ് നിരോധിച്ചത്.
ഇതോടെ ഡ്രീം11, മൈ11 സർക്കിൾ തുടങ്ങി ഈ രംഗത്തുള്ള കമ്പനികൾക്ക് ഈയിനം ഗെയിമുകൾ അവസാനിപ്പിക്കേണ്ടിയും വന്നു.
വരുമാനത്തിന്റെ മുഖ്യപങ്കും ലഭിച്ചിരുന്ന ഗെയിമുകൾ നിരോധിക്കപ്പെട്ടത് കമ്പനികൾക്ക് വൻ ആഘാതവുമായിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ജഴ്സി സ്പോൺസർമാരായിരുന്നു ഡ്രീം11.
ഇവരുമായി ബിസിസിഐക്ക് 2026 വരെ നീളുന്ന 358 കോടി രൂപയുടെ കരാറുണ്ടായിരുന്നു. കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിൽ കരാറുമായി ഇനി മുന്നോട്ടില്ലെന്ന് ബിസിസിഐ കഴിഞ്ഞദിവസം വ്യക്തമാക്കി.
ഐപിഎല്ലുമായി മൈ11സർക്കിളിനുള്ള 125 കോടി രൂപയുടെ സ്പോൺസർഷിപ്പ് കരാറും തുലാസിലായി.
താരങ്ങൾക്കും തിരിച്ചടി
ബിസിസിഐയോ ഐപിഎല്ലിനെയോ മാത്രമല്ല താരങ്ങളെയും ഓൺലൈൻ ഗെയിം നിരോധന ബിൽ ബാധിക്കും. 150 കോടി മുതൽ 200 കോടി രൂപവരെ നഷ്ടമാണ് സംയോജിതമായി താരങ്ങൾ നേരിട്ടേക്കുക.
കൂടുതൽ തിരിച്ചടി രോഹിത് ശർമ, വിരാട് കോലി, എം.എസ്. ധോണി, ഹാര്ദിക് പാണ്ഡ്യ തുടങ്ങിയവർക്കായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
∙ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, കെ.എൽ.
രാഹുൽ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, സഹോദരൻ ക്രുനാൽ പാണ്ഡ്യ തുടങ്ങിയവർക്ക് ഡ്രീം11നുമായി കരാറുണ്ടായിരുന്നു. ശുഭ്മൻ ഗിൽ, മൊഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാൾ, റിതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എന്നിവർക്ക് മൈ11 സർക്കിളുമായായിരുന്നു സഹകരണം.
വിരാട് കോലിക്ക് എംപിഎൽ, എം.എസ്. ധോണിക്ക് വിൻസോ എന്നിവയുമായിട്ടായിരുന്നു കരാർ.
∙ കോഹി 10-12 കോടി രൂപയാണ് പ്രതിവർഷം നേടിയിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രോഹിത് ശർമ 6-7 കോടി രൂപ. മറ്റ് താരങ്ങൾ കുറഞ്ഞത് ഒരു കോടി രൂപയും.
∙ കോലി, രോഹിത് ശർമ, ധോണി തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് ബ്രാൻഡ് അംബാസഡർമാർ എന്ന നിലയിലെ മൊത്ത വരുമാനത്തിന്റെ 5-10% മാത്രമേ ഗെയിമിങ് കമ്പനികളുമായുള്ള കരാറുകൾ നിലയ്ക്കുന്നതിലൂടെ നഷ്ടമാകുന്നുള്ളൂ.
എന്നാൽ, വാഷിങ്ടൺ സുന്ദറിനെ പോലുള്ള ജൂനിയർതലത്തിലെ താരങ്ങൾ 50-100% നഷ്ടം നേരിടും. ഇവരിൽ പലർക്കും ഈ കമ്പനികളുമായി മാത്രമാണ് കരാറുണ്ടായിരുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]