
പുതുപുത്തൻ ടിവിയും ഫോണും എസിയുമൊക്കെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വന്തമാക്കുന്നതുപോലെ ഇനി സ്വർണാഭരണങ്ങളും വാങ്ങാൻ പറ്റിയാലോ..? നിലവിൽ ഈ സൗകര്യമില്ല. എന്നാൽ, കേന്ദ്രസർക്കാർ കനിഞ്ഞാൽ ഉപഭോക്താക്കൾക്ക് കോളടിക്കും.
കുത്തനെ വിലകൂടിനിൽക്കുന്ന സ്വർണം പണം ഒറ്റയടിക്ക് നൽകാതെ, തവണവ്യവസ്ഥയിൽ വാങ്ങാനാകും. വിവാഹ ആവശ്യത്തിനും പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനുമൊക്കെ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് അതു വലിയ ആശ്വാസവുമാകും.
നിലവിൽ സ്വർണത്തിന് 3 ശതമാനമാണ് ജിഎസ്ടി.
ദീപാവലിയോടെ ജിഎസ്ടി നിരക്കുകൾ സമഗ്രമായി പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി സ്വർണത്തിന്റെ ജിഎസ്ടി ഒരു ശതമാനമെങ്കിലും കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
കേന്ദ്രവും ജിഎസ്ടി കൗൺസിലും ഇതിനു പച്ചക്കൊടി വീശിയാൽ സ്വർണവില കുറയും. ആഭരണപ്രിയർക്കത് വൻ ആശ്വാസവുമാകും.
സ്വർണവും ഇഎംഐയും
ലോകത്ത് ഏറ്റവുമധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
പ്രതിവർഷം 1,000 ടണ്ണോളം സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നെങ്കിലും കഴിഞ്ഞ വർഷങ്ങളിലെ വിലക്കയറ്റം ബാധിച്ചു. നിലവിൽ ശരാശരി ഇറക്കുമതി 700 ടണ്ണായി.
കഴിഞ്ഞ ഏതാനും വർഷത്തിനിടെ മാത്രം പവൻവിലയിൽ 35,000 രൂപയിലധികമാണ് വർധിച്ചത്. ഇത് ഇടത്തരം കുടുംബങ്ങളെയും വ്യാപാരികളെയും ഒരുപോലെ ബാധിച്ചുവെന്ന് കെ.
സുരേന്ദ്രൻ പ്രസിഡന്റായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു നൽകിയ നിവേദനം ചൂണ്ടിക്കാട്ടി.
സ്വർണം വാങ്ങാനും ഇഎംഐ സൗകര്യം അനുവദിച്ചാൽ സാധാരണക്കാർക്ക് അതു ഗുണം ചെയ്യും. മാത്രമല്ല, സ്വർണം വാങ്ങൽ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാകാനും ഇതു സഹായിക്കുമെന്ന് എകെജിഎസ്എംഎ പറയുന്നു സ്വർണം വാങ്ങാനും ഇഎംഐ സൗകര്യം ഉറപ്പാക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക്, ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്സി) എന്നിവയുമായി കേന്ദ്രം ചർച്ച നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
സ്വർണവും ജിഎസ്ടിയും
സ്വർണത്തിന് 3 ശതമാനമാണ് ജിഎസ്ടി.
എന്നാൽ, ഇതിനു പുറമെ ഉപഭോക്താവ് പണിക്കൂലിയും ഹോൾമാർക്ക് ഫീസും നൽകുന്നുണ്ട്. ഫലത്തിൽ, സ്വർണത്തിന്റെ അടിസ്ഥാന വിലയേക്കാളും കൂടുതൽ ഉയർന്ന വിലയാണ് സ്വർണം ആഭരണമായി വാങ്ങുന്ന ഉപഭോക്താവ് നൽകേണ്ടിവരുന്നത്.
ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി സ്വർണത്തിന്റെ ജിഎസ്ടിയും കുറച്ചാൽ ഉപഭോക്താക്കൾക്ക് നേട്ടമാകുമെന്നും ഡിമാൻഡും വിപണിയും ഉഷാറാകുമെന്നും വ്യാപാരികൾ പറയുന്നു.
ജിഎസ്ടി നിലവിലെ 3ൽ നിന്ന് രണ്ട് ശതമാനത്തിലേക്കോ ഒരു ശതമാനത്തിലേക്കോ കുറയ്ക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വർണവിലയിലുണ്ടായ വൻ വർധന നിരവധി ഉപഭോക്താക്കളെ സ്വർണവിപണിയിൽനിന്ന് അകറ്റിയിട്ടുണ്ട്.
അവരെ തിരികെയെത്തിക്കാനും ഇതു സഹായിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]