
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അറുതിവരുത്താൻ ഇരു രാജ്യങ്ങളും ഉടൻ ശ്രമിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്റ് ആയി ചുമതലയേൽക്കുന്ന ആദ്യ ദിവസംതന്നെ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നടപടിയെടുക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, തന്റെ ഇടപെടലുണ്ടായിട്ടും റഷ്യയും യുക്രെയ്നും വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് ട്രംപ്. ഇതൊരു ലോക മഹായുദ്ധത്തിലേക്ക് പോകില്ലെന്നും എന്നാൽ ‘സാമ്പത്തിക യുദ്ധ’മായിരിക്കും നടക്കുകയെന്നും അതു വളരെ മോശമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസിൽ ക്യാബിനറ്റ് അംഗങ്ങളുമായി നടത്തിയ യോഗത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
യുക്രയ്നുമായി വെടിനിർത്തൽ ഉടമ്പടിയിലേക്ക് കടക്കാൻ റഷ്യൻ പ്രസിഡന്റ് പുട്ടിനു മുന്നിൽ ട്രംപ് സമയപരിധി വച്ചിരുന്നു. ശേഷം യുഎസിലെ അലാസ്കയിൽ ഇരുവരും കൂടിക്കാഴ്ച നടത്തി.
പിന്നാലെ, യൂറോപ്യൻ നേതാക്കളുടെ സാന്നിധ്യത്തിൽ യുക്രെയ്ൻ നേതാവ് സെലെൻസ്കിയുമായും ട്രംപ് ചർച്ച നടത്തിയിരുന്നു. പക്ഷേ, അതിനുശേഷവും യുക്രെയ്നും റഷ്യയും പരസ്പരം ആക്രമണം കടുപ്പിക്കുന്നതായിരുന്നു കാഴ്ച.
‘‘കടുത്ത നടപടികളാണ് എന്റെ മനസ്സിലുള്ളത്.
അതു ചെയ്യണമെന്ന് തോന്നിയാൽ ഞാനത് ചെയ്യും’’, ട്രംപ് പറഞ്ഞു. റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം പ്രഖ്യാപിക്കുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.
റഷ്യയിൽ നിന്ന് എണ്ണ ഉൾപ്പെടെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കുമേലും ട്രംപ് നടപടി കടുപ്പിച്ചേക്കും. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കുമേൽ ട്രംപ് പ്രഖ്യാപിച്ച 50% തീരുവ ഇന്നു പ്രാബല്യത്തിൽ വരും.
യുക്രെയ്നുനേരെ റഷ്യ ആക്രമണം തുടരുന്നതിൽ ട്രംപിന് കടുത്ത അതൃപ്തിയുണ്ട്.
അതേസമയം, സെലെൻസ്കിക്കെതിരെയും ട്രംപ് വിമർശനം തൊടുത്തു. ‘‘സെലെൻസ്കി അത്ര നിഷ്കളങ്കനൊന്നുമല്ല.
യുഎസിന്റെ പിന്തുണ കിട്ടിയിട്ടും ആവശ്യത്തിന് നന്ദി കാട്ടിയില്ല. സമാധാന ചർച്ചകൾക്ക് തടസ്സം അയാളാണ്’’, ട്രംപ് പറഞ്ഞു.
റഷ്യയുടെ ഡിമാൻഡുകൾ അംഗീകരിക്കാതെ യുക്രെയ്നുമായി ചർച്ചയില്ലെന്ന നിലപാടിലാണ് പുട്ടിൻ. സെലെൻസ്കിയെ യുക്രെയ്ൻ നേതാവായി പുട്ടിൻ ഭരണകൂടം അംഗീകരിക്കുന്നുമില്ല.
ഡോൺബാസ് അടക്കം യുക്രെയ്ന്റെ ചില പ്രവിശ്യകൾ വിട്ടുകിട്ടണമെന്ന് പുട്ടിൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയ്നിന് നാറ്റോ അംഗത്വമോ സുരക്ഷയോ അംഗീകരിക്കില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]