
ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി സ്വർണവില വീണ്ടും പുതിയ ഉയരത്തിലേക്ക് പറപറക്കുന്നു. കേരളത്തിൽ ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് വില 9,390 രൂപയും പവന് 280 രൂപ ഉയർന്ന് 75,120 രൂപയുമായി.
രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് പവൻ വീണ്ടും 75,000 രൂപ ഭേദിക്കുന്നത്. ഇന്നലെയും ഇന്നുമായി ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കൂടി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 8ന് രേഖപ്പെടുത്തിയ പവന് 75,760 രൂപയും ഗ്രാമിന് 9,470 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ സമ്പദ്രംഗത്തെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും സ്വാധീനിക്കുന്നത്. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രസിഡന്റ് സ്വന്തം കേന്ദ്ര ബാങ്കിന്റെ ഗവർണറെ പുറത്താക്കിയതാണ് പശ്ചാത്തലം.
ഭവന വായ്പയുടെ അപേക്ഷയിൽ ബോധപൂർവം തെറ്റായ വിവരങ്ങൾ നൽകിയെന്ന ആരോപണം നേരിടുന്ന ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ ഗവർണർ പദവിയിൽ നിന്ന് പുറത്താക്കുന്നതായി പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
പകരം നിയമനം ഉടൻ നടത്തുമെന്നും ഫെഡറൽ റിസർവിൽ തന്നെ അനുകൂലിക്കുന്നവരുടെ എണ്ണം ഉയരുമെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, തന്നെ പുറത്താക്കാൻ ട്രംപിന് അധികാരമില്ലെന്നും രാജിവയ്ക്കില്ലെന്നും ട്രംപിനെ കോടതി കയറ്റുമെന്നും ലിസ കുക്ക് തിരിച്ചടിച്ചിട്ടുണ്ട്. യുഎസിൽ ഫെഡിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിന്മേൽ അമേരിക്കൻ പ്രസിഡന്റുമാർ കൈകടത്തുന്ന പതിവില്ല.
മുൻപ്, പ്രസിഡന്റ് റിച്ചാർഡ് നിക്സൺ അന്നത്തെ ഫെഡറൽ റിസർവ് ചെയർമാനോട് പലിശനിരക്ക് കുറയ്ക്കണമെന്ന് തിരഞ്ഞെടുപ്പിന് മുൻപായി ആവശ്യപ്പെട്ടത് വിവാദമാകുകയും പിന്നാലെ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിയും വന്നിരുന്നു.
എന്നാൽ, യുഎസ് പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റതു മുതൽ പലിശനിരക്ക് കുറയ്ക്കാൻ നിരന്തരം സമ്മർദം ചെലുത്തുകയാണ് ട്രംപ്. ഫെഡറൽ റിസർവിന്റെ പണനയ നിർണയ സമിതിയിൽ തന്റെ ആവശ്യത്തിനെതിരായി ശബ്ദിക്കുന്നവരെ ഒഴിവാക്കാനുള്ള ശ്രമത്തിലുമാണ്.
ഇതിനിടെയാണ് ലിസ കുക്കിനെതിരെ ആരോപണമുണ്ടായതും ട്രംപ് അവരെ പുറത്താക്കിയതും.
അതേസമയം, കുക്കിനെതിരായ ആരോപണങ്ങൾ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ഇതു സംബന്ധിച്ച വിശദപരിശോധനങ്ങൾക്ക് കാത്തിരിക്കാതെയാണ് ട്രംപ് ലിസയെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചത്.
കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലെ ഭിന്നത കടക്കുന്നത് യുഎസ് സമ്പദ്മേഖലയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
യുഎസ് ഫെഡിന്റെ വിശ്വാസ്യത ട്രംപിന്റെ ഇടപെടൽമൂലം നഷ്ടപ്പെടുമെന്ന ആശങ്കയും ശക്തം. ഈ സാഹചര്യം മുതലെടുത്ത് ഉയരുകയാണ് സ്വർണം.
രാജ്യാന്തര സ്വർണവില ഔൺസിന് 3,374 ഡോളറിൽ നിന്ന് 3,393 ഡോളർ വരെ ഉയർന്നെങ്കിലും പിന്നീട് ഡോളർ (യുഎസ് ഡോളർ ഇൻഡക്സ്) കരുത്താർജിച്ചതോടെ 3,374 ഡോളറിലേക്കുതന്നെ തിരിച്ചിറങ്ങി.
എന്നാൽ, കേരളത്തിൽ ഇന്നുരാവിലെ വിലനിർണയിക്കുന്ന വേളയിൽ രാജ്യാന്തരവില കൂടിനിന്നിരുന്നു. ഇതാണ്, കേരളത്തിൽ ഇന്നും വില കൂടാനിടയാക്കിയത്.
യുഎസിലെ സാമ്പത്തികരംഗത്തെ ചലനങ്ങൾ സ്വർണവിലയിൽ ചാഞ്ചാട്ടത്തിനു വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യാന്തരവില 3,400 ഡോളർ കടന്നേക്കാമെന്ന് ഒരുവിഭാഗം നിരീക്ഷകർ പറയുന്നു. അങ്ങനെയെങ്കിൽ േകരളത്തിൽ വില പുതിയ ഉയരം കുറിക്കും.
അതേസമയം, സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ അയവുണ്ടായാൽ 3,200 ഡോളറിലേക്ക് വില ഇടിയുകയും ചെയ്യാം.
ഇതിനുപക്ഷേ, സമീപഭാവിയിൽ സാധ്യത വിരളം. കാരണം, ഫെഡറൽ റിസർവ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചന നൽകിയിട്ടുണ്ട്.
പലിശനിരക്ക് കുറയുന്നതും സ്വർണവില കൂടാനാണ് ഇടവയ്ക്കുക.
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് 7,770 രൂപയായി. ഒരുവിഭാഗം വ്യാപാരികൾ നൽകിയ വില 30 രൂപ ഉയർത്തി 7,710 രൂപയാണ്.
വെള്ളിവില മാറിയിട്ടില്ലെങ്കിലും ചില ജ്വല്ലറികൾ ഗ്രാമിന് 128 രൂപയും മറ്റുള്ളവർ 126 രൂപയുമാണ് ഈടാക്കുന്നത്. 14 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ ഉയർന്ന് 6,005 രൂപയിലെത്തി.
9 കാരറ്റിനു വില ഗ്രാമിന് 10 രൂപ വർധിച്ച് 3,870 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]