
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് 25% പിഴയടക്കം മൊത്തം 50% തീരുവ ചുമത്തിയ അമേരിക്ക, അതേ റഷ്യയുമായി വമ്പൻ വ്യാപാര ഡീലിന് ഒരുങ്ങുന്നു. യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിനോട് അനുബന്ധിച്ചാണ് യുഎസ്, റഷ്യ അധികൃതർ തമ്മിൽ വ്യാപാര ചർച്ചകളിലേക്കും കടന്നത്.
റഷ്യയെ വെടിനിർത്തൽ ഉടമ്പടിക്ക് പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഇതിലൂടെ ട്രംപ് ഭരണകൂടം ഉന്നംവയ്ക്കുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് 2022ൽ റഷ്യയിൽനിന്ന് പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങിയ അമേരിക്കൻ പ്രകൃതിവാതക കമ്പനി എക്സൺ മൊബീൽ റഷ്യയിലേക്ക് തിരിച്ചെത്തുന്നതും ചർച്ചയായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുദ്ധത്തെ തുടർന്ന് 2022 മുതൽ റഷ്യ നേരിടുന്ന ഉപരോധങ്ങളിൽ അയവുവരുത്തുന്നതും ട്രംപ് ഭരണകൂടം പരിഗണിച്ചിരുന്നു.
ഇതിന്റെ ഭാഗമായി, എൽഎൻജി പദ്ധതികൾക്കാവശ്യമുള്ള സാങ്കേതിക ഉപകരണങ്ങൾ റഷ്യ അമേരിക്കയിൽ നിന്ന് വാങ്ങും.
റഷ്യയുടെ സഖലിൻ-1 ഓയിൽ ആൻഡ് ഗ്യാസ് പദ്ധതിയാണ് എക്സൺ മൊബീൽ പുനരുജ്ജീവിപ്പിക്കുക. ആർട്ടിക് എൽഎൻജി-2 പദ്ധതിയിലേക്കായി റഷ്യ അമേരിക്കൻ ഉപകരണങ്ങവും വാങ്ങും.
റഷ്യയിൽ നിന്ന് അമേരിക്ക ആണവോർജം ഇന്ധനമായുള്ള ഐസ്ബ്രേക്കർ കപ്പലുകളും വാങ്ങും. അതേസമയം, റഷ്യയോ ട്രംപ് ഭരണകൂടമോ എക്സൺ മൊബീലോ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഈ മാസത്തിന്റെ തുടക്കത്തിൽ റഷ്യ സന്ദർശിപ്പോഴായിരുന്നു ചർച്ചകൾ.
അദ്ദേഹം റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തുടർന്ന്, ഓഗസ്റ്റ് 15ന് അലാസ്കയിൽ നടന്ന ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയിലും വ്യാപാര ചർച്ച നടന്നുവെന്നാണ് സൂചനകൾ.
റഷ്യൻ ചൈനീസ് ടെക് കമ്പനികളുടെ സ്വാധീനം കുറയ്ക്കാനും അമേരിക്കൻ കമ്പനികളുടെ സാന്നിധ്യം ഉയർത്താനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, ഈ സാഹചര്യത്തിലും റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴയെന്നോണം ഇന്ത്യയ്ക്കുമേൽ 50% തീരുവയുമായി മുന്നോട്ടുപോകുകയാണ് ട്രംപ്. ഇന്ന് ഇന്ത്യൻ സമയം 9.30 ഓടെ ട്രംപ് പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരും.
ഇന്ത്യ റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്നത് അമേരിക്കയെ അസ്വസ്ഥത പെടുത്തുന്നുവെന്നാണ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് അടുത്തിടെ അഭിപ്രായപ്പെട്ടത്. യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധം ശമനമില്ലാതെ തുടരാൻ സഹായിക്കുന്നത് എണ്ണ വാങ്ങുന്നതു വഴിയുള്ള സാമ്പത്തിക പിന്തുണയിലൂടെ ഇന്ത്യയാണെന്നാണ് അമേരിക്കയുടെ വാദം.
യുഎസ് ഓഹരികൾക്ക് നേട്ടം, ഏഷ്യയ്ക്കും നേട്ടം, ഇന്ത്യയ്ക്ക് അവധി
ട്രംപിന്റെ താരിഫ് പോര്, ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കുമായുള്ള തർക്കം എന്നിവയുടെ പശ്ചാത്തലത്തിലും യുഎസ് ഓഹരി വിപണികൾ നേട്ടത്തിലായി.
ചിപ് നിർമാതാക്കളായ എൻവിഡിയയുടെ പ്രവർത്തനഫലം ഇന്ന് പുറത്തുവരാനിരിക്കെയാണ് ഓഹരി വിപണികൾ നേട്ടത്തിന്റെ ട്രാക്ക് പിടിച്ചത്. എൻവിഡിയ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് വിപണി.
എസ് ആൻഡ് പി 500 സൂചിക 0.41%, നാസ്ഡാക് 0.44%, ഡൗ ജോൺസ് 0.30% എന്നിങ്ങനെ ഉയർന്നു.
ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ അവറേജ് 0.06%, എസ് ആൻഡ് പി ഫ്യൂച്ചേഴ്സ് 0.7%, നാസ്ഡാക് 0.1% എന്നിങ്ങനെ ഉയർന്നു.
ഭവന വായ്പാ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ‘മനഃപൂർവം’ നൽകിയെന്ന റിപ്പോർട്ടിനെ തുടർന്ന് യുഎസ് ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പദവിയിൽ നിന്ന് പുറത്താക്കുന്നതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. യുഎസ് ഫെഡ് ഗവർണർ ആകുന്ന ആദ്യ ബ്ലാക്ക് അമേരിക്കൻ വംശജയാണ് ലിസ.
തന്നെ പുറത്താക്കാൻ ട്രംപിന് അധികാരമില്ലെന്നും തനിക്കെതിരെ ആരോപണങ്ങളില്ലെന്നും ലിസ പ്രതികരിച്ചിട്ടുണ്ട്. ട്രംപിനെ കോടതി കയറ്റുമെന്നും ലിസ പറഞ്ഞു.
ട്രംപിന്റെ താരിഫ് യുദ്ധം, ലിസ കുക്കുമായുള്ള പോര് എന്നിവയുടെ പശ്ചാത്തലത്തിൽ ഏഷ്യൻ ഓഹരി വിപണികൾ ചാഞ്ചാടിയെങ്കിലും പിന്നീട് നേട്ടത്തിലായി.
ജാപ്പനീസ് നിക്കേയ് 0.37%, ചൈനയിൽ ഷാങ്ഹായ് 0.14%. ഹോങ്കോങ് സൂചിക 0.28% എന്നിങ്ങനെ ഉയർന്നു.
യൂറോപ്പിൽ എഫ്ടിഎസ്ഇ സൂചിക 0.60% ഇടിഞ്ഞു.
വിനായക ചതുർഥി പ്രമാണിച്ച് ഇന്ത്യയിൽ ഓഹരി വിപണികൾക്ക് ഇന്ന് അവധിയാണ്. ബിഎസ്ഇയും എൻഎസ്ഇയും അടഞ്ഞുകിടക്കും.
ട്രംപിന്റെ താരിഫ് പ്രാബല്യത്തിലാകുന്നതിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണികൾ ഇന്നലെ കനത്ത നഷ്ടം നേരിട്ടിരുന്നു. നിഫ്റ്റി 255 പോയിന്റ് (-1.02%) താഴ്ന്ന് 24,712ലും സെൻസെക്സ് 849 പോയിന്റ് (-1.04%) ഇടിഞ്ഞ് 80,786ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യയ്ക്കുമേൽ ട്രംപ് പ്രഖ്യാപിച്ച 50% തീരുവ മണിക്കൂറുകൾക്കകം പ്രാബല്യത്തിൽ വരാനിരിക്കേ, ക്രൂഡ് ഓയിൽ വില നഷ്ടത്തിലായി.
ഇന്ത്യ റഷ്യൻ എണ്ണയെ കൈവിടുമോ എന്ന ആശങ്കയാണ് കാരണം. ഡബ്ല്യുടിഐ ക്രൂഡ് വില 0.08% താഴ്ന്ന് 63.20 ഡോളറിലും ബ്രെന്റ് വില 0.06% താഴ്ന്ന് 67.18 ഡോളറുമായി.
അതേസമയം, സ്വർണവില വീണ്ടും ഉയരുകയാണ്. ഔൺസിന് 3,380 ഡോളറിൽ നിന്ന് വില ഇന്നൊരുവേള 3,393 ഡോളർ വരെയെത്തി.
നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,384 ഡോളറിൽ. കേരളത്തിലും ഇന്നും സ്വർണവില വർധന പ്രതീക്ഷിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]