
ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിൽ കസ്റ്റമർക്ക് കൂടുതൽ സുരക്ഷയുറപ്പാക്കാൻ റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങൾ കൊണ്ടു വരുന്നു. ഇതിന്റെ ഭാഗമായുള്ള വിശദമായ കരട് മാർഗനിർദേശങ്ങളും പുറത്തിറക്കി.
എല്ലാ ബാങ്കുകൾക്കും ബാധകമാകുന്ന വിധത്തിലാണ് കരട് നിർദേശം അവതരിപ്പിച്ചിരിക്കുന്നത്.
ഡിജിറ്റൽ സേവനങ്ങൾ സാധാരണയായി രണ്ടു രീതിയിലാണ് ബാങ്കിങ് സ്ഥാപനങ്ങൾ ചെയ്യുന്നത് ഒന്ന് സേവനങ്ങൾ കണ്ടാൽ മതിയോ (വ്യൂ ഒൺലി) അല്ലെങ്കിൽ ഇടപാടുകൾ കൂടി നടത്തണോ എന്നത് തെരഞ്ഞെടുക്കാൻ ഇടപാടുകാർക്ക് അവസരം നൽകണമെന്നതാണ് ആർബിഐ ബാങ്കുകൾക്ക് നൽകുന്ന പ്രധാന നിർദേശം.
ഇതനുസരിച്ച് ഇടപാടുകാരന് ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ചാനലുകളിലൂടെ അക്കൗണ്ട് കാണാൻ കഴിയും, പക്ഷേ ഇടപാട് നടത്താനാകില്ല. അക്കൗണ്ടിൽ എന്തെല്ലാം ഇടപാടുകൾ നടന്നിട്ടുണ്ട്, ബാലൻസ് എത്രയുണ്ട് എന്നൊക്കെ അറിയാനിത് സഹായിക്കും.
ഇതോടൊപ്പം ഇടപാടുകൾ കൂടി നടത്തണോ എന്നത് ഇടപാടുകാരന് നിശ്ചയിക്കാം.
∙ നിബന്ധനകളേറെ
മൊബൈൽ – ഇന്റർനെറ്റ് ബാങ്കിങ് ഇടപാടുകൾ നടത്തുകയാണെങ്കിൽ ബാങ്കിന്റെ അനുമതി ആവശ്യമാണ്. അങ്ങനെ മുൻകൂട്ടി അനുമതി തേടുമ്പോൾ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് ആർബിഐ പറയുന്നു.
പ്രത്യേകിച്ചും തട്ടിപ്പ് തടയുന്നതിൽ പ്രത്യേക സോഫ്റ്റ്വെയറും മറ്റും ഉറപ്പാക്കാനാകും.
എന്നുമാത്രമല്ല സുരക്ഷാ നടപടികളെല്ലാം ഇത്തരം ധനകാര്യ സ്ഥാപനങ്ങൾ ഉറപ്പാക്കുന്നുണ്ടോ എന്ന് പരിശോധിച്ചതിനുശേഷം മാത്രമേ റിസർവ് ബാങ്ക് ഈ രീതിയില് ട്രാൻസാക്ഷനോട് കൂടിയുള്ള നെറ്റ് ബാങ്കിങ്– മൊബൈൽ ബാങ്കിങ് ഇടപാടുകൾക്ക് അനുമതി കൊടുക്കുകയുള്ളൂ. അതിനായി ബാങ്കിന് ശക്തമായ സോഫ്റ്റ്വെയർ – ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഉണ്ടാകണം.
റിസർവ് ബാങ്ക് പറഞ്ഞിട്ടുള്ള ക്യാപിറ്റൽ ടു റിസ്ക് റേഷ്യോ ഉണ്ടാവണം.
ഇക്കഴിഞ്ഞ 31 മാർച്ചിലെ കണക്കനുസിച്ച് 50 കോടി രൂപയെങ്കിലും അറ്റ ആസ്തി ഉള്ള ബാങ്കിങ് സ്ഥാപനങ്ങൾക്ക് മാത്രമേ ഈ ഇടപാടിനു കൂടിയുള്ള അനുമതി ലഭിക്കുകയുള്ളു. അത്തരം വിശദാംശങ്ങളൊക്കെ ബാങ്കുകൾ ആർബിഐയ്ക്ക് സമർപ്പിക്കേണ്ടതുണ്ട് എന്നാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.
∙ സുരക്ഷയുറപ്പാക്കണം
ബാങ്കുകൾ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ നിർബന്ധപൂർവം ഉപയോഗിക്കണമെന്ന് പലപ്പോഴും ഇടപാടുകാരെ പ്രേരിപ്പിക്കാറുണ്ട്, എന്നാൽ ഇത് പാടില്ലെന്നും, ഇത്തരം ഇടപാടുകൾ സ്വീകരിക്കുമ്പോൾ അതിനു പിന്നിലുള്ള റിസ്ക് എന്തൊക്കെയാണെന്ന് അവരെ ബോധവൽക്കരിക്കണമെന്നുമാണ് ആർബിഐയുടെ കരട് നിർദേശത്തിലുള്ളത്.
ഡെബിറ്റ് കാർഡ് പോലും ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ നിർബന്ധിച്ചല്ലാതെ അവരുടെ ആവശ്യപ്രകാരം നൽകിയാൽ മതിയെന്നാണ് ആർബിഐയുടെ പക്ഷം.
കൂടാതെ ഇതുമായിട്ട് ബന്ധപ്പെട്ട തട്ടിപ്പ് സാധ്യതകളും സുരക്ഷയുറപ്പാക്കേണ്ടതുമൊക്കെ അവർക്ക് പറഞ്ഞു കൊടുക്കണം.
തട്ടിപ്പ് സംഭവിച്ചാൽ ഉത്തരവാദിത്തം ഇടപാടുകാരനാണോ അതോ ബാങ്കിനാണോ, നഷ്ടപരിഹാര സാധ്യതകൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളൊക്കെ വ്യക്തമാക്കിയിരിക്കണം. ഇതുമായിട്ട് ബന്ധപ്പെട്ട
മുൻകരുതലുകളും കൊടുക്കണം.
മൊബൈൽ നമ്പർ ഏത് ടെലിഫോൺ സർവീസ് ദാതാവിന്റെ ആണെന്ന് കണക്കാക്കാതെ ഓൺലൈൻ ഡിജിറ്റൽ സേവനം നൽകണം എന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സേവനം നൽകുമ്പോൾ ബാങ്കുകൾ തങ്ങളുടെ തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ ഓഫർ ചെയ്യുകയോ പ്ലാറ്റ്ഫോമിൽ ഡിസ്പ്ലേ ചെയ്യുകയോ പാടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]