വ്യാപാരരംഗത്ത് പാക്കിസ്ഥാനു വീണ്ടും തിരിച്ചടി. ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി കുത്തനെ കൂടിയെന്ന് മാത്രമല്ല, അമേരിക്കയുമായി ഉടൻ വ്യാപാരക്കരാറിൽ ഏർപ്പെടുമെന്ന് മന്ത്രിതന്നെ പ്രഖ്യാപിച്ചിട്ടും ഇക്കാര്യത്തിൽ ട്രംപ് ഭരണകൂടം പ്രതികരിക്കാത്തത് വലിയ ക്ഷീണവുമായി.
പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ ആണ് അമേരിക്കയുമായി ഉടൻ വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കുമെന്ന് പറഞ്ഞത്.
എന്നാൽ, പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി വ്യാപാരം, മേഖലയിലെ രാഷ്ട്രീയ സ്ഥിരത എന്നീ വിഷയങ്ങളിൽ ഇഷാഖ് ദറുമായി സംസാരിച്ചെന്ന് വ്യക്തമാക്കിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പക്ഷേ വ്യാപാരക്കരാർ സംബന്ധിച്ച് മിണ്ടാതിരുന്നത് പാക്കിസ്ഥാനു തിരിച്ചടിയായി.
ഇതിനിടെ പാക്കിസ്ഥാന്റെ കയറ്റുമതി മേഖല തിരിച്ചടി നേരിടുകയാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് കേന്ദ്രബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ പുറത്തുവിട്ടു. ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക, ചൈന, അഫ്ഗാനിസ്ഥാൻ തുടങ്ങി 9 രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ പാക്കിസ്ഥാന്റെ കമ്മിഭാരം 29.42% കൂടി.
ചൈന, ഇന്ത്യ, ബംഗ്ലേദശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വൻതോതിൽ കൂടിയതും ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞതും തിരിച്ചടിയായി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നേരിട്ട് ഇപ്പോൾ വ്യാപാരബന്ധമില്ല. ശ്രീലങ്ക, യുഎഇ തുടങ്ങിയ മൂന്നാംകക്ഷി രാജ്യങ്ങൾ വഴിയാണ് വ്യാപാരം. 2025 സാമ്പത്തിക വർഷത്തെ ജൂൺ-ജൂലൈ കാലയളവിൽ ഇന്ത്യ, ചൈന, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ്, ഇറാൻ, ഭൂട്ടാൻ, മാലദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്കുള്ള പാക്കിസ്ഥാന്റെ കയറ്റുമതി വെറും 1.5% വർധിച്ച് 4.40 ബില്യൻ ഡോളറാണ്.
എന്നാൽ, ഇറക്കുമതി ഇതേകാലത്ത് 20.66% കുതിച്ച് 10.69 ബില്യൻ ഡോളറിലെത്തി. ഇതോടെയാണ് വ്യാപാരക്കമ്മി കുത്തനെ കൂടിയത്.
കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ മധ്യ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പാക്കിസ്ഥാന്റെ കയറ്റുമതി 288.23 മില്യൻ ഡോളറിൽ നിന്ന് 197.06 മില്യനിലേക്ക് ഇടിഞ്ഞെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി 411% കൂടുകയും ചെയ്തു.
ഇറാനുമായുള്ള വ്യാപാരത്തിന്റെ ഔദ്യോഗിക കണക്ക് ഇല്ലെന്നാണ് പാക്കിസ്ഥാൻ വ്യക്തമാക്കുന്നത്. ഇറാനുമായി കൂടുതലും ‘ബാർട്ടർ’ വ്യാപാരമാണുള്ളത്.
പാക്കിസ്ഥാന്റെ ഉൽപന്നങ്ങൾ കൊടുത്ത് ഇറാന്റെ ഉൽപന്നങ്ങൾ വാങ്ങും. കറൻസി ഇടപാടില്ല.
എന്നാൽ, ബലൂചിസ്ഥാൻ അതിർത്തി വഴി ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങളും എൽപിജിയും കള്ളക്കടത്ത് തകൃതിയാണെന്നും റിപ്പോർട്ടുകളുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]