
ന്യൂഡൽഹി ∙ രാജ്യത്തെ 10 പ്രധാന നഗരങ്ങളിലെ ഭവനവിലയിൽ ഒരു വർഷത്തിനിടയിൽ കൂടുതൽ കുറവുണ്ടായത് കൊച്ചിയിലെന്ന് റിസർവ് ബാങ്കിന്റെ(ആർബിഐ) കണക്ക്. 2025ലെയും 2024ലെയും ജനുവരി–മാർച്ച് കാലയളവുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ രാജ്യമാകെ ഭവനവിലയിൽ 3.12% വർധനയുണ്ടായി.
എന്നാൽ കൊച്ചിയിൽ 2.3 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കൊച്ചിക്കു പുറമേ ഡൽഹിയും (–0.86%) കാൻപുരും (-1.6%) ഒഴിച്ചുനിർത്തിയാൽ ബാക്കി 7 നഗരങ്ങളിലും വില കൂടി.
ഏറ്റവും കൂടുതൽ വിലവർധന കൊൽക്കത്തയിലാണ്; 8.82%. രണ്ടാമത് ചെന്നൈ; 7.2%.
കാരണം വ്യക്തമാക്കിയിട്ടില്ല. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ അടക്കം 10 നഗരങ്ങളിലെ വീടുകളുടെയും അപ്പാർട്മെന്റുകളുടെയും വിൽപന ഇടപാടുകൾ വിലയിരുത്തിയാണ് ഓരോ പാദത്തിലും റിസർവ് ബാങ്ക് ഭവനവില സൂചിക പ്രസിദ്ധീകരിക്കുന്നത്.
കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് ആർബിഐയുടെ കണക്കെടുപ്പിലുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷമാകെ കൊച്ചിയിലെ ഭവനവില കുറയുന്ന ട്രെൻഡാണ് പൊതുവേ കാണുന്നത്.
2024–25ലെ ആദ്യ പാദത്തിനെ (ഏപ്രിൽ–ജൂൺ) അപേക്ഷിച്ച് നാലാം പാദത്തിൽ (ജനുവരി–മാർച്ച്) 4.15 ശതമാനത്തിന്റെ ഇടിവുണ്ടായി. മൂന്നാം പാദത്തിൽ (ഒക്ടോബർ–ഡിസംബർ) സൂചിക അൽപം ഉയർന്നെങ്കിലും നാലാം പാദത്തിൽ വീണ്ടും ഇടിഞ്ഞു.
2010–11 ആണ് ഭവന വില സൂചികയിൽ അടിസ്ഥാന വർഷമായി കണക്കാക്കുന്നത്. അന്നത്തെ വിലയിൽ നിന്ന് എത്രത്തോളം ഉയർന്നുവെന്നതാണ് ഓരോ പാദത്തിലെയും സംഖ്യ സൂചിപ്പിക്കുന്നത്.
2010–11ലെ മൂല്യം 100 എന്ന് കണക്കാക്കും. 2015ൽ ഇത് 155 ആണെങ്കിൽ 55% വർധനയുണ്ടായെന്നു മനസ്സിലാക്കാം.
ജനുവരി–മാർച്ച് മാസത്തിൽ കൊച്ചിയുടെ സൂചിക 331.14 ആണ്. അതായത് 2010–11നെ അപേക്ഷിച്ച് 231.14% വർധന.
സൂചികയിലെ സംഖ്യ ഉയർന്നാൽ വില കൂടുന്നുവെന്നും, താഴ്ന്നാൽ വില കുറയുന്നുവെന്നുമാണ് അർഥം. സൂചിക എന്തിന്? രാജ്യമാകെയുള്ള റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിയിലെ ട്രെൻഡ് മനസ്സിലാക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.
സമ്പദ്വ്യവസ്ഥ, നയരൂപീകരണം, റിസ്ക് മാനേജ്മെന്റ് എന്നിവയ്ക്ക് ഇവ ഉപയോഗിക്കും. ഉദാഹരണത്തിന് ഭവനവില കാര്യമായി വർധിക്കുന്നത് സാമ്പത്തികസുസ്ഥിരതയ്ക്കു ഭീഷണിയാകാം.
അതുപോലെ വൻതോതിൽ വില കുറയുന്നത് സാമ്പത്തിമാന്ദ്യത്തിന്റെ സൂചനയുമാകാം. വിലക്കയറ്റം, വായ്പ വളർച്ച അടക്കമുള്ളവ വിലയിരുത്താൻ റിസർവ് ബാങ്കിനും മറ്റ് ധനകാര്യസ്ഥാപനങ്ങൾക്കും ഇതുവഴി കഴിയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]