
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ബിസിനസ് രംഗത്ത് വീണ്ടും കൈകോർക്കുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ബിപി എന്നിവയുടെ സംയുക്ത സംരംഭമായ ജിയോ-ബിപിയും ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ സിറ്റി ഗ്യാസ് വിതരണക്കമ്പനിയായ അദാനി ടോട്ടൽ ഗ്യാസുമാണ് സഹകരിക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനികൾ വ്യക്തമാക്കി.
ഇതുപ്രകാരം, അദാനി ടോട്ടൽ ഗ്യാസിന്റെ സിഎൻജി വിതരണ സ്റ്റേഷനുകളിൽ ജിയോ-ബിപി പെട്രോൾ, ഡീസൽ പമ്പുകൾ സ്ഥാപിക്കും. ജിയോ-ബിപിയുടെ തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ അദാനി ടോട്ടൽ ഗ്യാസ് സിഎൻജി പമ്പുകളും സജ്ജമാക്കും. രാജ്യമെമ്പാടുമായി 650 സിഎൻജി സ്റ്റേഷനുകളാണ് അദാനി ടോട്ടൽ ഗ്യാസിനുള്ളത്. ജിയോ-ബിപിക്ക് 2,000ഓളം പമ്പുകളുണ്ട്.
വീടുകളിൽ പാചകാവശ്യത്തിനും വാഹനങ്ങൾക്ക് ഇന്ധനാവശ്യത്തിനും വ്യാവസായിക സ്ഥാപനങ്ങൾക്കും പ്രകൃതിവാതകം ലഭ്യമാക്കുന്ന സ്ഥാപനമാണ് അദാനി ടോട്ടൽ ഗ്യാസ്. കമ്പനിയുടെ സ്റ്റേഷനുകളിൽ ഇവി ചാർജിങ് സൗകര്യവുമുണ്ട്. അദാനി ഗ്രൂപ്പും ഫഞ്ച് കമ്പനിയായ ടോട്ടൽ എനർജീസും തമ്മിലെ 50:50 സംയുക്ത സംരംഭമാണ് അദാനി ടോട്ടൽ ഗ്യാസ്.
ഊർജരംഗത്ത് രണ്ടാമത്തെ സഹകരണം
അദാനിയും അംബാനിയും തമ്മിൽ ബിസിനസ് രംഗത്ത് ഇതു രണ്ടാംതവണയാണ് കൈകോർക്കുന്നത്. അദാനി പവറിന് കീഴിലുള്ള മഹാൻ എനർജെൻ എന്ന കമ്പനിയുടെ 26% ഓഹരികൾ 2024 ജൂലൈയിൽ 50 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തിരുന്നു. അദാനി പവറിന് മധ്യപ്രദേശിലുള്ള ഊർജോൽപാദന സ്ഥാപനമാണ് മഹാൻ എനർജെൻ.
ഓഹരികളിൽ മുന്നേറ്റം
അദാനി ടോട്ടൽ ഗ്യാസ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്നു മികച്ച നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. അദാനി ടോട്ടൽ ഗ്യാസ് ഓഹരി ഇന്നത്തെ വ്യാപാരം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോഴുള്ളത് 6 ശതമാനത്തിലധികം മുന്നേറി 685 രൂപയിൽ. ഇന്നൊരുഘട്ടത്തിൽ ഓഹരിവില 693.90 രൂപവരെയും എത്തിയിരുന്നു.
75,300 കോടി രൂപ വിപണിമൂല്യമുള്ള അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം കഴിഞ്ഞ ഓഗസ്റ്റ് ഒന്നിലെ 941.90 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച ഇക്കഴിഞ്ഞ മാർച്ച് 3ലെ 532.60 രൂപയും.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില ബിഎസ്ഇയിൽ 1.41% നേട്ടവുമായി 1,516.25 രൂപയിൽ വ്യാപാരം ചെയ്യുന്നു. 2024 ജൂലൈ എട്ടിലെ 1,608.95 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഈ വർഷം ഏപ്രിൽ 7ലെ 1,115.55 രൂപയും. കമ്പനിയുടെ വിപണിമൂല്യം വീണ്ടും 20 ലക്ഷം കോടി രൂപ കടന്നിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)