ആദായ നികുതിദായകർക്കും (Income Taxpayers) ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ആശ്വാസം പകർന്ന് നടപ്പു അസസ്മെന്റ് വർഷത്തെ (AY 2025-26) ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അന്തിമ തീയതി കേന്ദ്ര സർക്കാർ നീട്ടി. ജൂലൈ 31 ആണ് സാധാരണ ഓരോ വർഷവും ഐടിആർ സമർപ്പിക്കേണ്ട അവസാന തീയതി. ഇക്കുറി സെപ്റ്റംബർ 15ലേക്കാണ് അന്തിമതീയതി നീട്ടിയതെന്ന് ആദായനികുതി വകുപ്പ് (Income Tax Department) വ്യക്തമാക്കി.

ആദായനികുതി റിട്ടേൺ സമർപ്പണം ലളിതവും സുതാര്യവുമാക്കാനായി ഐടിആർ ഫോമുകളിലും ചട്ടങ്ങളിലും കൊണ്ടുവന്നിരുന്നു. എന്നാൽ, റിട്ടേൺ സമർപ്പിക്കേണ്ട സിസ്റ്റത്തിൽ ഇതിനനുസരിച്ച് മാറ്റങ്ങൾ (system development) ഇനിയും നടപ്പാക്കിയിട്ടില്ല. മേയ് 31 ആണ് ടിഡിഎസ് വിവരങ്ങൾ (TDS Credits) സമർപ്പിക്കേണ്ടിയിരുന്ന അന്തിമ തീയതി. ഈ വിവരങ്ങൾ ജൂണോടെ സിസ്റ്റത്തിൽ (TDS credit reflections) വരികയും വേണം. ഇതിനുള്ള സിസ്റ്റം അപ്ഡേറ്റിങ്ങും നടക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് ഐടിആർ ഫയലിങ്ങിനുള്ള അന്തിമ തീയതി നീട്ടുന്നതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) വ്യക്തമാക്കി.

പുതിയ ഐടിആർ ഫോമുകൾ, ഇ-ഫയലിങ് യൂട്ടിലിറ്റികൾ എന്നിവ അപ്ഡേറ്റ് ചെയ്യാനുള്ളതിനാൽ ഐടിആർ ഫയലിങ് തീയതി നീട്ടിയ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ബാബു ഏബ്രഹാം കള്ളിവയലിൽ പറഞ്ഞു. അക്കൗണ്ട് ഓഡിറ്റ് വേണ്ടാത്ത ആദായനികുതി ദായകരുടെ ഐടിആർ ഫയലിങ്ങിനുള്ള അന്തിമതീയതിയാണ് സെപ്റ്റംബർ 15ലേക്ക് നീട്ടിയത്. സിസ്റ്റം പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി ഡവലപ് ചെയ്യാത്തതിനാലും അന്തിമ തീയതി അടുത്തവരുന്നതിനാലും തെറ്റുകളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ഐടിആർ ഫയൽ ചെയ്യാനാകുമോ എന്ന ആശങ്കയിലായിരുന്നു നികുതി പ്രൊഫഷണലുകളും നികുതിദായകരും. ഈ ആശങ്ക പരിഗണിച്ചാണ് തീയതി നീട്ടാൻ തീരുമാനം.

ഐടിആ‍ർ-1 (സഹജ്), ഐടിആർ-2, ഐടിആർ-3, ഐടിആർ-4 (സുഗം), ഐടിആര്‍-5, ഐടിആര്‍-7 എന്നീ പുതിയ ഫോമുകളാണ് കേന്ദ്രം അവതരിപ്പിച്ചത്. 50 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള വ്യക്തികൾക്കുള്ളതാണ് ഐടിആർ-1. ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് 1.25 ലക്ഷം രൂപവരെയുള്ള ദീർഘകാല മൂലധന നേട്ടം (LTCG) ഇതിൽ റിപ്പോർട്ട് ചെയ്യാമെന്നതാണ് ഒരു സുപ്രധാന മാറ്റം. ബിസിനസിൽ നിന്ന് പ്രൊഫഷണൽ ജോലിയിൽ നിന്നോ വരുമാനമില്ലാത്ത, എന്നാൽ എൽടിസിജിയുള്ള വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (HUFs) ഉള്ളതാണ് ഐടിആർ-2. മൂലധന നേട്ടം ഇവർ 2024 ജൂലൈ 23ന് മുമ്പോ ശേഷമോ ഉള്ളതാണോയെന്ന് വ്യത്യസ്തമായി ഫയൽ ചെയ്യണം.

ബിസിനസ്, പ്രൊഫഷൻ വരുമാനമുള്ള വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഉള്ളതാണ് ഐടിആർ-3. 50 ലക്ഷം മുതൽ ഒരു കോടി രൂപവരെ വരുമാനമുള്ളവർക്കാണ് ഇതു ബാധകം. വരുമാനം 50 ലക്ഷത്തിന് താഴെയെങ്കിൽ ഐടിആർ-4 ആണ് സമർപ്പിക്കേണ്ടത്. എൽഎൽപികൾ (LLPs), കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ തുടങ്ങിയവയ്ക്കുള്ളതാണ് ഐടിആർ-5. ട്രസ്റ്റുകളും ചാരിറ്റബിൾ സ്ഥാപനങ്ങളും ഉപയോഗിക്കേണ്ടതാണ് ഐടിആർ-7.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Income Tax Return AY 2025-26: ITR filing due date extended beyond July 31 – Check new deadline