കുറച്ച് വർഷങ്ങൾക്ക് മുൻപ്  വരെ സാധാരണക്കാർക്ക് വിമാന യാത്ര ഒരു സ്വപ്നമായിരുന്നു. കൊതിച്ചുകൊതിച്ച് വർഷങ്ങൾ കാത്തിരുന്നായിരുന്നു അന്നൊക്കെ സാധാരണക്കാർ വിമാനത്തിൽ പറന്നിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി. വിമാന യാത്ര വളരെ  സാധാരണമായിരിക്കുന്നു. ഇന്ത്യയിൽ വിമാന യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ  വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലെ വിമാന യാത്രക്കാരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. 

പുതിയ ചർച്ച

വിമാന ഇന്ധനത്തിന് വില കൂടുന്നതോടെ അത് ടിക്കറ്റ് നിരക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. ഇതിനൊരു പരിഹാരമായി യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്ര സാധ്യമാക്കാൻ നിന്ന് കൊണ്ട് യാത്ര ചെയ്യുന്നതിനെ കുറിച്ചാണ് ഇപ്പോഴത്തെ ചർച്ചകൾ. സീറ്റ് ബെൽറ്റ് ഇടാതിരിക്കുന്നത് കുറ്റകരമായി കാണുന്ന വിമാന യാത്രയിൽ തന്നെയാണ് നിന്ന് കൊണ്ട് യാത്ര ചെയ്‌താൽ ടിക്കറ്റ് ചാർജ് കുറയുമെന്ന രീതിയും നടപ്പിലാക്കാൻ പോകുന്നത് എന്ന കാര്യം പലരും കൗതുകത്തോടെയാണ് കാണുന്നത്. 2026 മുതൽ ‘നിന്ന് യാത്ര ചെയ്യുന്ന രീതി’ നടപ്പിലാക്കുമെന്ന്  യൂറോപ്പിലെ ചില ബജറ്റ് എയർലൈനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘സ്റ്റാന്‍ഡിങ് സീറ്റ്’ കളുടെ ഫോട്ടോ ഈ എയർലൈനുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും വലിയ ചർച്ചയായിട്ടുണ്ട്. ഈ സീറ്റുകളിൽ നാലിലൊന്ന് ടിക്കറ്റ് നിരക്ക് മാത്രമേയുള്ളൂ എന്നത് യാത്രക്കാരെയും ‘ഇരുത്തി’ ചിന്തിപ്പിക്കുമെന്നാണ് എയർ ലൈനുകളുടെ നിലപാട്. യൂറോപ്പിൽ നടപ്പിലാക്കിയാൽ അത് ഇന്ത്യയിലേക്കും വരാൻ അധികം താമസമുണ്ടാകില്ല. ഇപ്പോൾ കൊടുക്കുന്ന ടിക്കറ്റ് നിരക്കിനേക്കാൾ നാലിലൊന്ന്  നിരക്ക് എന്ന് പറയുമ്പോൾ ഇന്ത്യക്കാർ ആ ഓഫറിൽ  ചാടി വീഴും എന്നതിൽ സംശയം വേണ്ട.എല്ലാം പറയുന്നത് പോലെ നടപ്പിലാക്കിയാൽ  ഒരു നേരം പുറത്തു പോയി ഭക്ഷണം കഴിക്കുന്ന ചെലവിൽ ഇനി നമുക്കും പറക്കാനായേക്കും.

English Summary:

The rising cost of air travel is prompting innovative solutions. The possibility of standing-room-only flights, offering significantly cheaper tickets, is gaining traction. This article explores this emerging trend and its potential impact, particularly in India, where air travel has exploded in recent years.