
കടബാധ്യതയുടെ കൊടുമുടി കയറിയ യുഎസിനെ (US economy) കൂടുതൽ പ്രതിസന്ധിയിലാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) കൊണ്ടുവന്ന ‘ബിഗ് ബ്യൂട്ടിഫുൾ നികുതി നിയമം’ (A big, Beautiful Tax Act) ഡോളറിന് വൻ തിരിച്ചടിയാകുന്നു. ഏകദേശം 36.2 ട്രില്യൻ (ലക്ഷം കോടി) ഡോളറിന്റെ കടത്തിലാണ് നിലവിൽ യുഎസ് ഗവൺമെന്റ്. സുമാർ 3,000 ലക്ഷം കോടി രൂപ. ഇതിലേക്ക് മറ്റൊരു 4 ട്രില്യൻ ഡോളറെങ്കിലും (340 ലക്ഷം കോടി രൂപ) കൂട്ടിച്ചേർക്കാൻ ഇടയാക്കുന്നതാണ് പുതിയ നിയമം.
കുത്തനെ കൂടുന്ന കടക്കെണി വിലയിരുത്തിയ റേറ്റിങ് ഏജൻസിയായ പശ്ചാത്തലത്തിൽ ഡോളർ വൻ സമ്മർദം നേരിടുകയാണ്. മാത്രമല്ല, യൂറോപ്യൻ യൂണിയനുമേൽ പ്രഖ്യാപിച്ച 50% ഇറക്കുമതി ചുങ്കത്തിൽ നിന്ന് ട്രംപ് തൽകാലം പിന്നോട്ട് പോയതോടെ യൂറോയുടെ മൂല്യം മെച്ചപ്പെട്ടതും ഡോളറിന് വിനയായി. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 സുപ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് (US Dollar Index) ഏതാനും മാസം മുമ്പുവരെ 110 നിലവാരത്തിലായിരുന്നത് ഇപ്പോഴുള്ളത് 98-99 നിലവാരത്തിൽ.
സ്വർണം തിരിച്ചുകയറുന്നു
രാജ്യാന്തര വിപണിയിൽ നടക്കുന്നത് ഡോളറിലാണ്. അതായത്, ഡോളർ തളരുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് സ്വർണം വാങ്ങൽച്ചെലവ് കുറയും. ഇത് ഡിമാൻഡും വിലയും ഉയർത്തും. നിലവിൽ ഡോളർ തളർന്നപ്പോൾ ഡിമാൻഡ് കൂടുക മാത്രമല്ല, ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾക്ക് പ്രിയമേറിയതും വില കൂടാനിടയാക്കി. ഔൺസിന് 3,332 ഡോളറിൽ നിന്ന് 3,348 ഡോളറിലേക്കാണ് രാജ്യാന്തര വില ഉയർന്നത്.
പുറമെ റഷ്യ-യുക്രെയ്ൻ സംഘർഷം കൂടുതൽ വഷളാകുന്നതും റഷ്യൻ പ്രസിഡന്റ് പുട്ടിനെ ട്രംപ് ‘ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ചതും ആഗോള സമ്പദ്രംഗത്ത് ആശങ്ക വിതയ്ക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കിട്ടുന്ന ‘സുരക്ഷിത നിക്ഷേപ പെരുമ’യും (safe-haven demand) സ്വർണവിലയെ മുന്നോട്ട് നയിക്കുന്നു. ഡോളറിനെതിരെ ഇന്ത്യൻ റുപ്പി (Indian Rupee) ഇന്ന് 7 പൈസ ഇടിഞ്ഞ് 85.17ൽ വ്യാപാരം ആരംഭിച്ചതും ഇന്ന് കേരളത്തിൽ സ്വർണവില കൂടാനിടയാക്കി.
പവൻ 72,000ന് അടുത്ത്
കേരളത്തിൽ ഇന്ന് ഗ്രാം വില 45 രൂപ ഉയർന്ന് 8,995 രൂപയും പവൻവില 360 രൂപ വർധിച്ച് 71,960 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണത്തിന് ചില കടകളിൽ വില ഗ്രാമിന് 40 രൂപ ഉയർന്ന് 7,415 രൂപയായപ്പോൾ മറ്റ് ചില കടകളിൽ 40 രൂപ തന്നെ വർധിച്ച് 7,385 രൂപയാണ്. വെള്ളിവിലയിൽ മാറ്റമില്ല, ഗ്രാമിന് 110 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: