ന്യൂഡൽഹി ∙ സഹകരണ മേഖലയിൽ ഇൻഷുറൻസ് കമ്പനിയും ഓൺലൈൻ ടാക്സി സംവിധാനവും ആരംഭിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സി കമ്പനികളുടെ മാതൃകയിൽ സഹകരണ മേഖലയിലും ടാക്സി സംവിധാനം ഏതാനും മാസത്തിനുള്ളിൽ രൂപീകരിക്കുമെന്നു കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.  ഇരു ചക്ര വാഹനങ്ങൾ, ഓട്ടോ, ടാക്സികൾ എന്നിവയെല്ലാം ഇതിൽ റജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും കമ്മിഷനുകളില്ലാതെ നിരക്കുകൾ നേരിട്ട് വാഹനമുടകൾക്കു ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഹകരണ മേഖലയിലെ ഇൻഷുറൻസ് കമ്പനിയും വൈകാതെ പ്രവർത്തനമാരംഭിക്കുമെന്നും സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ഇൻഷുറൻസ് സംരംഭമായി ഇതു മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക്സഭയിൽ ‘ത്രിഭുവൻ സഹകാരി യൂണിവേഴ്സിറ്റി ബില്ലി’ന്റെ ചർച്ചയിൽ മറുപടി നൽകിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തിലാണു യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നതെങ്കിലും ഇതിന്റെ പ്രവർത്തനം രാജ്യം മുഴുവനാണെന്നും കേരളത്തിലും അസമിലും തമിഴ്നാട്ടിലുമെല്ലാം ഇതിനു കീഴിൽ സ്ഥാപനങ്ങൾ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ലാഭം ലക്ഷ്യമിടുന്ന മാതൃകയെക്കാൾ വികസനം ലക്ഷ്യമിടുന്ന മാതൃകയാണു പിന്തുടരുന്നതെന്നും പുതുതലമുറ സഹകരണ സംസ്കാരം എല്ലാവരിലേക്കും എത്തിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ‘ആഴ്ചകൾ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ പിഎച്ച്ഡി കോഴ്സ് വരെ ഇതിനു കീഴിൽ ലഭ്യമാക്കും. പ്രതിവർഷം 8 ലക്ഷം പേർക്കു പരിശീലനം നൽകാനുള്ള സൗകര്യം യൂണിവേഴ്സിറ്റിയുടെ കീഴിൽ ക്രമീകരിക്കും. 

രാജ്യത്തെ എല്ലാ ജില്ലയിലും ഒരു സ്ഥാപനമെങ്കിലും ഇതിനു കീഴിൽ പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സ്ഥാപനത്തിന്റെ സ്വയംഭരണ അധികാരം ഉറപ്പാക്കണമെന്നും ബിജെപി സർക്കാർ സ്വയംഭരണത്തെക്കാൾ കേന്ദ്രത്തിന്റെ അധികാരത്തിനാണു പ്രാധാന്യം നൽകുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങൾ വിമർശിച്ചു.

ലക്ഷ്യം സഹകരണ മാനേജ്മെന്റ് വിദ്യാഭ്യാസം

ഗുജറാത്തിലെ ആനന്ദിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്(ഇർമ) ക്യാംപസിലാണു പുതിയ യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിക്കുന്നത്. അമുലിന്റെ ആരംഭത്തിനു പിന്നിൽ പ്രവർത്തിച്ച ത്രിഭുവൻദാസ് പട്ടേലിന്റെ പേരാണു  നൽകിയിരിക്കുന്നത്. സഹകരണ രംഗവുമായി ബന്ധപ്പെട്ട സാങ്കേതിക, മാനേജ്മെന്റ് വിദ്യാഭ്യാസം ലഭ്യമാക്കുകയാണു പുതിയ സ്ഥാപനത്തിന്റെ ലക്ഷ്യം.

 എൻജിനീയർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുകൾ തുടങ്ങി എല്ലാവർക്കും സഹകരണ രംഗത്തു കോഴ്സുകൾ ലഭ്യമാക്കും. ബാങ്കിങ്, റൂറൽ ക്രെഡിറ്റ്, കോഓപ്പറേറ്റീവ് ഫിനാൻസ്, മാർക്കറ്റിങ്, നിയമം തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ കേന്ദ്രീകരിച്ചുള്ള പഠനകേന്ദ്രങ്ങൾ യൂണിവേഴ്സിറ്റിയുടെ കീഴിൽ ആരംഭിക്കും.

English Summary:

India’s cooperative sector is set to see major changes with the launch of a new insurance company and an online taxi system. A new Tribhuvandas Cooperative University will also offer comprehensive cooperative management education across India.