നീണ്ട കാത്തിരിപ്പിനൊടുവിൽ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന പെരുമയോടെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി.
ഇന്ത്യയിൽ നിന്ന് 27-അംഗ യൂറോപ്യൻ യൂണിയനിലെത്തുന്ന 99% ഉൽപന്നങ്ങളും അടുത്ത 10 വർഷത്തിനകം പൂർണമായും തീരുവരഹിതമാകും. അതായത്, നികുതിഭാരമില്ലാതെ 27 യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ ഉൽപന്നങ്ങളെത്തും.
ഇത് കയറ്റുമതി രംഗത്തെ എതിരാളികൾക്കുമേൽ മേൽക്കൈ നേടാനും കൂടുതൽ ഓർഡറുകളും അതുവഴി വരുമാനവർധനയും നേടാനും ഇന്ത്യൻ കമ്പനികളെ സഹായിക്കും.
ഇന്ത്യയുടെ നേട്ടം 99%
ഡീൽ പ്രാബല്യത്തിൽ വരുമ്പോൾതന്നെ 90% ഉൽപന്നങ്ങളും തീരുവരഹിതമാകും. പിന്നീട് 10 വർഷത്തിനകമാണ് തീരുവരഹിത ഉൽപന്നങ്ങൾ 99 ശതമാനത്തിലെത്തുക.
7 വർഷത്തിനകം ഇത് 90ൽ നിന്ന് 93 ശതമാനമാകും. 10-ാം വർഷം 93ൽ നിന്ന് 99 ശതമാനവും.
ഇന്ത്യയുടെ തൊഴിലധിഷ്ഠിതമായ (കൂടുതൽപേർ തൊഴിലെടുക്കുന്ന) മേഖലകൾക്കാണ് ഡീൽ പുത്തനുണർവാകുക.
എംഎസ്എംഇകൾക്ക് അടക്കം ഇതു ഗുണം ചെയ്യും. ഈ മേഖലകളെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടും.
ടെക്സ്റ്റൈൽ, ലെതർ, ഫൂട്വെയർ, സമുദ്രോൽപന്നങ്ങൾ, ജെം ആൻഡ് ജ്വല്ലറി, കരകൗശലം, എൻജിനിയറിങ് ഉൽപന്നങ്ങൾ, വാഹനം/വാഹനഘടങ്ങൾ തുടങ്ങിയ മേഖലകളാണിവ.
∙ സമുദ്രോൽപന്നങ്ങൾ, കെമിക്കൽ, ലെതർ/പാദരക്ഷകൾ, വസ്ത്രം, റബർ, പ്ലാസ്റ്റിക്, ലോഹം, ജെം ആൻഡ് ജ്വല്ലറി തുടങ്ങി ഇയുവിലേക്കുള്ള 33.5 ബില്യൻ ഡോളറിന്റെ ഉൽപന്നങ്ങളും ഡീൽ പ്രാബല്യത്തിലാകുമ്പോൾ തന്നെ തീരുവരഹിതമാകും.
യൂറോപ്പിന്റെ നേട്ടം 97%
തിരികെ ഇന്ത്യ 97% യൂറോപ്യൻ യൂണിയൻ ഉൽപന്നങ്ങൾക്കും തീരുവ ഒഴിവാക്കും. 30% ഉൽപന്നങ്ങൾക്ക് ഡീൽ പ്രാബല്യത്തിൽ വരുമ്പോൾതന്നെ തീരുവ ഒഴിവാകും.
10 വർഷത്തിനകം ഇത് 93 ശതമാനത്തിലേക്ക് ഉയർത്തും. ഇതേസമയംതന്നെ, ക്വോട്ട
അടിസ്ഥാനത്തിൽ ചില ഉൽപന്നങ്ങളുടെ തീരുവ കുത്തനെ കുറയ്ക്കും. ഇതോടെയാണ്, മൊത്തം 97% യൂറോപ്യൻ യൂണിയൻ ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാകുകയോ കുറയുകയോ ചെയ്യുക.
ഇന്ത്യ-ഇയു വ്യാപാര വരുമാനം
2024-25 പ്രകാരം 136.53 ബില്യൻ ഡോളറിന്റേതാണ് ഇന്ത്യ-ഇയു ഉഭയകക്ഷി വ്യാപാരം.
ഇന്ത്യയ്ക്കാണ് മേൽക്കൈ. 75.85 ബില്യനും ഇന്ത്യയിൽ നിന്ന് ഇയുവിലേക്കുള്ള കയറ്റുമതിയാണ്.
ഇറക്കുമതി 60.68 ബില്യൻ. അതായത് ഇന്ത്യയ്ക്ക് 15 ബില്യനോളം വ്യാപാര സർപ്ലസ്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യൂറോപ്യൻ യൂണിയൻ.
നേട്ടത്തിൽ മുന്നിൽ കേരളവും
ഇന്ത്യ-ഇയു വ്യാപാരക്കരാർ മൊത്തം 6.4 ലക്ഷം കോടി രൂപ മതിക്കുന്ന കയറ്റുമതി വരുമാന നേട്ടത്തിനാണ് ഇന്ത്യയ്ക്ക് മുന്നിൽ വഴിതുറക്കുന്നത്. ഇതിൽ ഏറ്റവും മുൻപന്തിയിൽ കേരളവുമുണ്ടാകും.
ഇന്ത്യൻ എംഎസ്എംഇ, വസ്ത്രം, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകൾക്കും കർഷകർ, പ്രഫഷനലുകൾ, വിദ്യാർഥികൾ തുടങ്ങിയവർക്കും ഡീൽ നേട്ടമാകും. ഡീൽ കൂടുതൽ നേട്ടമാകുന്ന സംസ്ഥാനങ്ങളും മേഖലകളും ഇവയാണ്:
∙ മഹാരാഷ്ട്ര: വസ്ത്രം, ഇലക്ട്രോണിക്സ്, ഔഷധ നിർമാണം, എൻജിനിയറിങ് ഉൽപന്നങ്ങൾ.
∙ ഗുജറാത്ത്: വസ്ത്രം, വജ്രം ഉൾപ്പെടെ ജെം ആൻഡ് ജ്വല്ലറി, കെമിക്കൽ, ഇലക്ട്രോണിക്സ്, എൻജിനിയറിങ് ഉൽപന്നങ്ങൾ, സമുദ്രോൽപന്നങ്ങൾ.
∙ തമിഴ്നാട്: വസ്ത്രം (തിരുപ്പുർ), വെല്ലൂർ-അംബൂർ (പാദരക്ഷകൾ), കോയമ്പത്തൂർ, ചെന്നൈ (എൻജിനിയറിങ്, ഇലക്ട്രോണിക്സ്).
∙ ബംഗാൾ: ഡാർജീലിങ് തേയില, സമുദ്രോൽപന്നങ്ങൾ.
∙ അസം: തേയില, കരകൗശല വസ്തുക്കൾ, ഫർണിച്ചർ, കാർഷികോൽപന്നങ്ങൾ, മരുന്ന്.
∙ കർണാടക: മരുന്ന്, ഇലക്ട്രോണിക്സ്.
∙ ആന്ധ്രാപ്രദേശ്: സമുദ്രോൽപന്നങ്ങൾ.
∙ തെലങ്കാന: വസ്ത്രം (കിറ്റെക്സ് പ്രധാന ഗുണഭോക്താക്കളിലൊന്നാകും), മരുന്ന്, ഇലക്ട്രോണിക്സ്.
∙ കേരളം: സമുദ്രോൽപന്നങ്ങൾ (കൊച്ചി, ആലപ്പുഴ), സുഗന്ധവ്യഞ്ജനങ്ങൾ (ഇടുക്കി, വയനാട്).
∙ പഞ്ചാബ്: കാർഷികോൽപന്നങ്ങൾ, വസ്ത്രം.
∙ രാജസ്ഥാൻ: ജെം ആൻഡ് ജ്വല്ലറി, ഫർണിച്ചർ, പാദരക്ഷകൾ, കരകൗശഴവസ്തുക്കൾ.
∙ ഉത്തർപ്രദേശ്: ലെതർ, ഇലക്ട്രോണിക്സ്, ഫർണിച്ചർ.
കാറിനും മദ്യത്തിനും വില കുറയും
നിലവിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വാഹന ഇറക്കുമതിക്കും ഇന്ത്യ ഈടാക്കുന്നത് 110% തീരുവയാണ്.
ഇത് ഡീൽ പ്രകാരം വെറും 10 ശതമാനത്തിലേക്ക് കുറയും. എന്നാൽ, പ്രതിവർഷം 2.50 ലക്ഷം വാഹനങ്ങൾക്ക് മാത്രമേ ഈ ആനുകൂല്യം കിട്ടൂ.
ഈ ‘ക്വോട്ട’ കഴിഞ്ഞാൽ തീരുവ 110 ശതമാനമാകും.
∙ മെഴ്സിഡീസ്-ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ജാഗ്വർ ലാൻഡ് റോവർ, റോൾസ്-റോയ്സ്, ആസ്റ്റൺ മാർട്ടിൻ, ബെന്റ്ലി, മക്ലാരൻ, ലോട്ടസ് തുടങ്ങിയ കമ്പനികൾക്ക് ഡീൽ നേട്ടമാകും. ഇന്ത്യയിൽ ഇവയുടെ വില കുറയുമെന്നത് ഡിമാൻഡും കൂട്ടും.
∙ മദ്യത്തിന് നിലവിൽ ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി തീരുവ 150% വരെയാണ്.
ഇത് 20% വരെയായി താഴും. വൈനിന്റേത് 150ൽ നിന്ന് 20 ശതമാനം വരെയായി കുറയും.
സ്പിരിറ്റിന്റേത് 150ൽ നിന്ന് 40ലേക്ക്. ബീയറിന്റേത് 110ൽ നിന്ന് 50ലേക്ക്.
∙ പ്രമുഖ മദ്യ ബ്രാൻഡുകളായ മൊഎറ്റ്, ജേമസൺ, ഗ്രേ ഗൂസ് തുടങ്ങിയവയുടെ വില വലിയതോതിൽ കുറയും.
തൊടില്ല ഈ കാർഷിക ഉൽപന്നങ്ങളെ
മദർ ഓഫ് ഓൾ ഡീൽസ് എന്നാണ് വിശേഷണമെങ്കിലും ഇന്ത്യയിലേക്കു വരുന്ന എല്ലാ ഇയു ഉൽപന്നങ്ങൾക്കും തീരുവ ഇളവില്ല.
രാജ്യത്ത് വലിയ പ്രക്ഷോഭത്തിന് തിരികൊളുത്തിയേക്കാമെന്നതിനാൽ ചില കാർഷിക ഉൽപന്നങ്ങളെ ഡീലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
∙ അരി, പഞ്ചസാര, കോഴിയിറച്ചി, ബീഫ്, എഥനോൾ തുടങ്ങിയവയെ ഡീലിൽ ഉൾപ്പെടുത്തിയിട്ടില്ല. ക്ഷീര ഉൽപന്നങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

