മദർ ഓഫ് ഓൾ ഡീൽസ് എന്ന വിശേഷണത്തോടെ, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങൾക്കും പ്രയോജനം ലഭിക്കുന്നതാണ് കരാർ.
യൂറോപ്പിലേക്കുള്ള കയറ്റുമതിയുടെ തീരുവഭാരം കുറയുമെന്നതു മാത്രമല്ല, കയറ്റുമതി കുതിക്കാനും പുതിയ വിപണികളിലേക്ക് കടന്നുചെല്ലാനും ഇനി കഴിയും.
മൊത്തം 6.4 ലക്ഷം കോടിയുടെ കയറ്റുമതി നേട്ടമാണ് ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാരക്കരാർ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുകയെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ എക്സിൽ പറഞ്ഞു. പീയുഷ് ഗോയൽ ആയിരുന്നു ഈ കരാറിന് പിന്നിലെ നിർണായക വ്യക്തിയെന്ന് കരാർ പ്രഖ്യാപനച്ചടങ്ങിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലേയെൻ എടുത്തുപറഞ്ഞിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ടെക്സ്റ്റൈൽ-അപ്പാരൽ, എൻജിനിയറിങ് ഉൽപന്നങ്ങൾ, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ജെം ആൻഡ് ജ്വല്ലറി (ആഭരണങ്ങൾ), കെമിക്കലുകൾ, സമുദ്രോൽപന്നങ്ങൾ, ലെതർ/പാദരക്ഷകൾ, പ്ലാസ്റ്റിക്കും റബറും, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, ഫർണിച്ചർ, കരകൗശല വസ്തുക്കൾ, ധാതുക്കൾ, കായിക ഉപകരണങ്ങൾ/ഉൽപന്നങ്ങൾ, കാർഷിക ഉൽപന്നങ്ങൾ തുടങ്ങിയവയുടെ യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതി ഇനി തീരുവരഹിതമോ നാമമാത്ര തീരുവയുള്ളതോ ആകും.
കേരളത്തിൽ നിന്ന് യൂറോപ്യൻ യൂണിയനിലേക്ക് പ്രധാനമായും പോകുന്നത് സമുദ്രോൽപന്നങ്ങൾ, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, തേയിലയും സുഗന്ധവ്യഞ്ജനങ്ങളുമാണ്.
നേട്ടം കൊയ്യാൻ കേരളം
കൊച്ചിയും ആലപ്പുഴയും ചെമ്മീനും ട്യൂണയും കയറ്റുമതി ചെയ്യുമ്പോൾ ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ നിന്ന് യൂറോപ്യൻ യൂണിയിനിലേക്ക് വൻതോതിൽ ഒഴുകുക സുഗന്ധവ്യഞ്ജനങ്ങൾ. കേരളത്തിൽ നിന്നുള്ള മരുന്നു കയറ്റുമതി കുത്തനെ ഉയരും.
കാർഷികം, തീരദേശം തുടങ്ങിയ മേഖലകളിലെ തൊഴിലവസരങ്ങളും വരുമാനവും ഉയരും. ഇത് ഈ മേഖലകളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾക്കും നേട്ടമാകും.
∙ ഇന്ത്യയുടെ എൻജിനിയറിങ് മേഖലയ്ക്ക് ലഭിക്കുന്നത് 2 ട്രില്യൻ ഡോളറിന്റെ വിപണിയിലേക്കുള്ള പ്രവേശനം.
2030ഓടെ ഈ വിഭാഗത്തിൽ 300 ബില്യൻ ഡോളറിന്റെ കയറ്റുമതി വരുമാനം നേടുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് വലിയ കരുത്താകും പുതിയ ഡീൽ.
മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ എംഎസ്എംഇകൾക്ക് ഉൾപ്പെടെ ഡീൽ നേട്ടമാകും. ചെന്നൈയും കോയമ്പത്തൂരും ഇലക്ട്രോണിക്സ്, എൻജിനിയറിങ് ഉൽപന്ന മാനുഫാക്ചറിങ് കേന്ദ്രങ്ങളാണ്.
∙ ജെം ആൻഡ് ജ്വല്ലറിക്ക് ഡീൽ വഴി കിട്ടുന്നത് യൂറോപ്യൻ യൂണിയനിലേക്ക് 100% തീരുവയിളവ്.
79 ബില്യൻ ഡോളർ മതിക്കുന്ന വിപണിയിലേക്കാണ് നികുതിരഹിത പ്രവേശനം സാധ്യമാകുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ കമ്പനികൾക്ക് നേട്ടം.
∙ ലെതർ, ഫൂട്വെയർ ഉൽപന്നങ്ങളുടെ തീരുവ 17ൽ നിന്ന് പൂജ്യമാകും.
100 ബില്യൻ ഡോളറിന്റഎ വിപണിയിലേക്കാണ് ഇനി ഇന്ത്യയുടെ ലെതറും പാദരക്ഷകളും തീരുവഭാരമില്ലാതെ കടന്നുചെല്ലുക. തീരുവ ഒഴിവാകുന്നത് ഇന്ത്യൻ ഉൽപന്നങ്ങളുടെ ഡിമാൻഡ് കൂട്ടും.
കയറ്റുമതിക്കാർക്ക് കൂടുതൽ ഓർഡറും വരുമാനവും ലഭിക്കും. മറ്റു രാജ്യങ്ങളുമായി കയറ്റുമതി രംഗത്ത് മുൻതൂക്കം കിട്ടുമെന്നത് ഇരട്ടിമധുരവുമാകും.
ഇതിന്റെ പ്രയോജനം ഏറ്റവുമധികം കിട്ടുന്നത് ‘കോലാപ്പുരി’ ബ്രാൻഡ് പാദരക്ഷകൾക്കായിരിക്കും. തമിഴ്നാട് വെല്ലൂർ-അംബൂർ മേഖല ലെതർ/ഫൂട്വെയർ ഹബ്ബാണ്.
∙ ടെക്സ്റ്റൈൽ (വസ്ത്ര) മേഖലയാണ് ‘മദർ ഓഫ് ഓൾ ഡീൽസ്’ വഴി നേട്ടം നെയ്തെടുക്കാൻ പോകുന്ന മറ്റൊരു സുപ്രധാന മേഖല.
263 ബില്യൻ ഡോളറിന്റെ വിപണിയാണ് നിലവിൽ യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ. 100 ശതമാനത്തിൽ നിന്നാണ് തീരുവ വെറും പൂജ്യമാകുന്നത്.
ചൈന, ബംഗ്ലദേശ് തുടങ്ങി വിപണിയിലെ പ്രധാന എതിരാളികളേക്കാൾ മേൽക്കൈ ഇന്ത്യയ്ക്ക് കിട്ടും. തമിഴ്നാട് തിരുപ്പുരിലെയും മറ്റും ടെക്സ്റ്റൈൽ ഹബ്ബുകൾക്ക് ഡീൽ വലിയ കരുത്താകും.
∙ കേരളക്കമ്പനിയായ കിറ്റെക്സ് യുഎസിന് പുറമേ യൂറോപ്പിലേക്കും വിപണി വിപുലീകരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ-ഇയു ഡീൽ കിറ്റെക്സിനും നേട്ടമാകും. കിറ്റെക്സിന്റെ ഓഹരിവില ഇന്ന് 5 ശതമാനത്തിലധികം ഉയർന്നിട്ടുമുണ്ട്.
ഇന്ത്യ-ഇയു ഡീൽ ഒറ്റനോട്ടത്തിൽ
∙ 27 രാജ്യങ്ങളാണ് ഇയുവിലുള്ളത്.
സംയുക്ത വിപണിമൂല്യം 20 ട്രില്യൻ ഡോളർ. ഏകദേശം 1,800 ലക്ഷം കോടി രൂപ.
∙ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരക്കരാർ.
∙ ഇന്ത്യ ലോകത്തെ 4-ാമത്തെ വലിയ സാമ്പത്തികശക്തിയും യൂറോപ്യൻ യൂണിയൻ രണ്ടാമത്തെയുമാണ്. ∙ ഇന്ത്യയുടെ 33 ബില്യൻ (ഏതാണ്ട് 3 ലക്ഷം കോടി രൂപ) മതിക്കുന്ന കയറ്റുമതി ഉൽപന്നങ്ങൾക്ക് ഇനി യൂറോപ്യൻ യൂണിയനിൽ തീരുവ ഇല്ല.
∙ ഇന്ത്യ-ഇയു ഡീലിന് കീഴിൽ വരുന്ന ആഗോള ജിഡിപിയുടെ 25 ശതമാനമാണ്.
ലോക വ്യാപാരത്തിന്റെ മൂന്നിലൊന്നാണ് ഡീൽ വഴി ഇന്ത്യയുടെയും ഇയുവിന്റെയും നിയന്ത്രണത്തിലാകുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

