ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തിയ വ്യാപാര കരാറിൽ യുഎസിന് അമർഷമെന്ന് സൂചന. ഇന്ത്യയുമായി കരാറിലെത്തിയതോടെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യ–യുക്രെയിൻ യുദ്ധത്തെ സഹായിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് .
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയത്. എന്നാൽ ഇതിന് പിന്നാലെ യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി കരാറിലെത്തി.
ഇന്ത്യയിലെത്തുന്ന റഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് യൂറോപിന് വിൽക്കുകയാണ്. തങ്ങൾക്ക് നേരെയുള്ള യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുകയാണ് യൂറോപ്യൻ യൂണിയനെന്നും അദ്ദേഹം ആരോപിച്ചു.
യുഎസ് പട
മിഡിൽ ഈസ്റ്റിൽ
അമേരിക്കൻ നാവികസേനയുടെ വിമാന വാഹിനി കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൻ മധ്യേഷയിലെത്തിയതോടെ ഇറാന് നേരെ ഉടൻ ആക്രമണമുണ്ടാകുമെന്ന് സൂചന. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ ഇറാൻ ക്രൂരമായി അടിച്ചമർത്തുന്നുവെന്നാണ് യുഎസ് ആരോപണം.
എന്നാൽ എന്തെങ്കിലും ആക്രമണമുണ്ടായാൽ യുദ്ധമായി പരിഗണിക്കുമെന്നും മേഖലയിലെ യുഎസ് കേന്ദ്രങ്ങളിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ പ്രതികരണം. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമപരിധി വിട്ടുനൽകില്ലെന്ന് യുഎഇയും അറിയിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ നയത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്നാണ് നിക്ഷേപകർ നിലവിൽ ഉറ്റുനോക്കുന്നത്.
എന്തായാലും വിപണി നല്ല പ്രതീക്ഷയിലാണ്. ഇന്ത്യയ്ക്കെതിരായ തീരുവ നീക്കം ട്രംപ് ഭരണകൂടം മയപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷയും നിക്ഷേപകർക്കുണ്ട്.
തീരുവ 50 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്ക് കുറച്ചേക്കുമെന്ന് അടുത്തിടെ സ്കോട്ട് ബസന്റ് സൂചിപ്പിച്ചിരുന്നു.
വിപണി പ്രതീക്ഷയിൽ
റിപബ്ലിക്ക് ദിനം പ്രമാണിച്ച് തിങ്കളാഴ്ച ഇന്ത്യൻ വിപണി അവധിയായിരുന്നു. ഇന്ന് ഗിഫ്റ്റ് നിഫ്റ്റി മുന്നേറ്റത്തിലാണ്.
ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് സൂചന. പോയവാരം വിപണി നേരിട്ടത് കനത്ത നഷ്ടമാണ്.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വഷളായതോടെ വിൽപ്പന സമ്മർദ്ദം ശക്തമായതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് തിരിച്ചടിക്ക് കാരണമായത്. വെള്ളിയാഴ്ച സെൻസെക്സ് 0.94 ശതമാനം ഇടിഞ്ഞ് 81,537.70ലെത്തി.
നിഫ്റ്റി 0.95 ശതമാനം നഷ്ടത്തിൽ 25,048.65ലാണ് ക്ലോസ് ചെയ്തത്.
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറും കേന്ദ്രബജറ്റും വിപണിക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷ.
അമേരിക്കൻ ഓഹരി വിപണി തിങ്കളാഴ്ച ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ് ആൻഡ് പിയും നാസ്ഡാക്കും തുടർച്ചയായ നാലാം ദിവസവും കയറ്റം തുടർന്നു.
ഡോ 0.64 ശതമാനവും എസ് ആൻപി 0.50 ശതമാനവും നാസ്ഡാക്ക് 0.43 ശതമാനവും ഉയര്‍ന്നു. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണനയ യോഗത്തിന് മുന്നോടിയായാണ് വിപണി ഉണർവിലായത്.
മൈക്രോസോഫ്റ്റ്, മെറ്റ, ടെസ്ല തുടങ്ങിയ വമ്പൻ കമ്പനികളുടെ പാദഫലങ്ങൾ പുറത്തുവരുന്നതും മിനിസോട്ടയിലെ പ്രതിഷേധം തണുപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് ട്രംപ് പറഞ്ഞതും നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്.
ഏഷ്യൻ ഓഹരികൾ ഇന്ന് സമ്മിശ്രമാണ്. ദക്ഷിണ കൊറിയയുടെ മേൽ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണിത്.
വ്യാപാര കരാർ വൈകിപ്പിക്കുന്നതാണ് തീരുവ വർധിപ്പിക്കാനുള്ള കാരണമെന്നാണ് ട്രംപിന്റെ വാദം. ജപ്പാനിലെ ഓഹരി വിപണി സൂചികയായ നിക്കെയ് തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
ജാപ്പനീസ് കറൻസിയായ യെൻ ശക്തമായതോടെയാണിത്. എന്നാൽ പിന്നീട് തിരിച്ചു കയറി.
ഹോങ്കോങ് സൂചിക 0.85 ശതമാനം നേട്ടത്തിലും ഷാൻഹായ് സൂചിക 0.33 ശതമാനം ഇടിവിലുമാണ്.
സ്വർണം പുതിയ നേട്ടത്തിൽ
രാജ്യാന്തര വിപണിയിൽ സ്വർണം വീണ്ടും പുതിയ ഉയരത്തിലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി ഔൺസിന് സ്വർണം ഔൺസിന് 5,100 ഡോളർ പിന്നിട്ടു.
വിൽപന സമ്മർദ്ദം ശക്തമായതോടെ ഇന്ന് 5,065 ഡോളർ എന്ന നിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. വെള്ളി വില ഔൺസിന് 110 ഡോളർ കടന്ന് കുതിച്ചു.
ട്രംപിന്റെ തീരുവ യുദ്ധം ശക്തമായതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപ മാർഗം തേടിയതാണ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തിയത്. കേന്ദ്രബാങ്കുകളുടെ വാങ്ങൽ കൂടിയത്, യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നത്, ഇടിഎഫുകളിലേക്കുള്ള നിക്ഷേപം വർധിച്ചത് തുടങ്ങിയ കാരണങ്ങളും വിലക്കയറ്റമുണ്ടാക്കി.
വില ഇക്കൊല്ലം തന്നെ ഔൺസിന് 6,400 ഡോളറിൽ എത്തുമെന്നാണ് മിക്ക സാമ്പത്തിക സ്ഥാപനങ്ങളും പ്രവചിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

