യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50% ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചിട്ടും ഇന്ത്യയുടെ ജിഡിപി മുന്നേറ്റത്തിന് കോട്ടംതട്ടിയില്ലെന്ന് വിവിധ ധനകാര്യ/ഗവേഷണ ഏജൻസികളുടെ റിപ്പോർട്ട്. രാജ്യത്തിന്റെ ജൂലൈ-സെപ്റ്റംബർ കാലത്തെ ജിഡിപി വളർച്ചാക്കണക്ക് നാളെയാണ് കേന്ദ്രം പുറത്തുവിടുന്നത്.
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന പട്ടം ഇന്ത്യ തന്നെ നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സെപ്റ്റംബർ പാദത്തിൽ ഇന്ത്യ 7.5% വളർച്ച നേടുമെന്ന് എസ്ബിഐ റിസർച് പ്രവചിക്കുന്നു. റോയിട്ടേഴ്സിന്റെ അനുമാനം 7.3 ശതമാനമാണ്.
ഇന്ത്യ റേറ്റിങ്സ് (ഇൻഡ്-റ) 7.2%, ഇക്ര 7% എന്നിങ്ങനെയുമാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് വിലയിരുത്തുന്ന 7 ശതമാനത്തിനും മുകളിലാണ് മിക്ക ഏജൻസികളുടെയും പ്രവചനം.
ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമായിരുന്നു വളർച്ച.
അതാകട്ടെ, കഴിഞ്ഞ 5 പാദങ്ങൾക്കിടയിലെ ഏറ്റവും മികച്ചതും. റിസർവ് ബാങ്കിന്റെ ഉൾപ്പെടെയുള്ള പ്രവചനങ്ങളെ കടത്തിവെട്ടിയായിരുന്നു ജൂൺപാദ മുന്നേറ്റം.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ട്രംപ് പ്രഖ്യാപിച്ച 50% ‘ഇടിത്തീരുവ’ ഇന്ത്യയ്ക്ക് ബാധകമായത്. കയറ്റുമതി മേഖല ഉലഞ്ഞെങ്കിലും ശക്തമായ ആഭ്യന്തര വിപണിയുടെ കരുത്തിൽ ഇന്ത്യ വീഴാതെ പിടിച്ചുനിന്നുവെന്ന് മിക്ക ഏജൻസികളും അഭിപ്രായപ്പെട്ടു.
∙ സമയോചിതമായ ജിഎസ്ടി വെട്ടിക്കുറച്ച തീരുമാനം ഉപഭോക്തൃ ഡിമാൻഡ് കുതിക്കാൻ സഹായിച്ചു.
∙ രാജ്യത്ത് കുടുംബാധിഷ്ഠിത ഉപഭോഗം ഉയർന്നു. ∙ കാർഷിക ഉൽപാദനം മെച്ചപ്പെട്ടതും സമ്പദ്വളർച്ചയ്ക്ക് കരുത്തായി.
∙ സർക്കാർ മൂലധനച്ചെലവുകൾ ഉയർന്നതും ഗുണം ചെയ്തു.
ഇന്ത്യ-യുഎസ് കരാർ ഇരട്ടിയാവേശം
ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ചകൾ ഏറക്കുറെ പൂർത്തിയായി. തീരുവഭാരം ട്രംപ് 50ൽ നിന്ന് 10-17 ശതമാനത്തിലേക്ക് ഇറക്കിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഇത് വരും പാദങ്ങളിൽ വലിയ കുതിപ്പാകും. കയറ്റുമതി മേഖല തിരിച്ചുകയറും.
ചൈനയും ബംഗ്ലദേശും വിയറ്റ്നാമും ഫിലിപ്പീൻസും കംബോഡിയയുമൊക്കെ ഉൾപ്പെടെയുള്ള എതിരാളികളേക്കാൾ കയറ്റുമതിയിൽ കുതിപ്പുനേടാൻ ഇന്ത്യയ്ക്ക് തീരുവ വെട്ടികുറയുന്നതോടെ കഴിയും. 2025ന് സമാപനമാകും മുൻപേ വ്യാപാരക്കരാർ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നാണ് സൂചനകൾ.
യുഎസിന് പുറമേ യൂറോപ്യൻ യൂണിയൻ, ന്യൂസിലൻഡ് തുടങ്ങിയവയുമായും ഇന്ത്യയുടെ സ്വതന്ത്ര്യ വ്യാപാരക്കാർ ഉടനുണ്ടാകുമെന്നത് ഇരട്ടി മധുരവുമാകും.
ഉയിർത്തെണീക്കാൻ ഓഹരികൾ
വിദേശത്തുനിന്ന് ആഞ്ഞടിച്ച നിരാശയുടെ കാറ്റ് ഇന്ത്യൻ ഓഹരി വിപണികളെയും ഇന്നലെ തളർത്തിയിരുന്നു. ഇന്നു പക്ഷേ, സ്ഥിതി വ്യത്യസ്തം.
അമേരിക്കയിൽ നിന്നും ഏഷ്യയിലെ മറ്റ് പ്രമുഖ വിപണികളിൽ നിന്നും വീശുന്നത് നേട്ടത്തിന്റെ പ്രതീക്ഷകൾ. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 110ഓളം പോയിന്റ് ഉയർന്നിരുന്നു.
സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിന്റെ വണ്ടിപിടിക്കുമെന്ന സൂചനയാണ് ഇതുതരുന്നത്. ഇന്നലെ സെൻസെക്സ് 313 പോയിന്റ് (-0.37%) താഴ്ന്ന് 84,587ലും നിഫ്റ്റി 74 പോയിന്റ് (-0.29%) നഷ്ടവുമായി 25,884ലുമാണുള്ളത്.
അമേരിക്കൻ ചലനങ്ങൾ
അമേരിക്കയിൽ ഡിസംബറിലെ പണനയ പ്രഖ്യാപനത്തിൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യത 40ൽ നിന്ന് 80 ശതമാനത്തിലേക്ക് ഇന്നലെ കുതിച്ചുകയറി.
അതോടെ, ഓഹരി വിപണികളും ആവേശത്തിലായി. ഡൗ ജോൺസ് മുന്നേറിയത് 665 പോയിന്റ് (+1.43%).
എസ് ആൻഡ് പി500 സൂചിക 0.91%, നാസ്ഡാക് 0.67% എന്നിങ്ങനെയും ഉയർന്നു.
∙ നിർമിത ബുദ്ധി കുമിള അഥവാ എഐ പേടി അകന്നതും ഓഹരികൾക്ക് നേട്ടമായി.
∙ യുഎസിൽ ഉപഭോക്തൃ സംതൃപ്തി നവംബറിലും മോശം അവസ്ഥയിലായത് പലിശ കുറയ്ക്കാനുള്ള സാധ്യത ശക്തമാക്കി. നവംബറിൽ 88.7 ശതമാനമാണ് കൺസ്യൂമർ കോൺഫിഡൻസ് ഇൻഡക്സ്.
ഏപ്രിലിന് ശേഷമുള്ള രണ്ടാമത്തെ മോശം നിരക്കാണിത്. ഒക്ടോബറിൽ 95.5 ആയിരുന്നു.
ജെറോം പവലിന് പകരക്കാരൻ
ട്രംപുമായി മാസങ്ങളായി അഭിപ്രായ ഭിന്നതയിലുള്ള യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പകരക്കാരനായി വൈറ്റ്ഹൗസ് നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസറ്റ് എത്തിയേക്കും.
ഇക്കാര്യം സ്ഥിരീകരിച്ച ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ്, ക്രിസ്മസിന് മുൻപ് ട്രംപ് പ്രഖ്യാപനം നടത്തുമെന്നും പറഞ്ഞു.
മേയിലാണ് പവലിന്റെ പ്രവർത്തന കാലാവധി തീരുക. ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ മുൻകാലങ്ങളിൽ പവൽ തയാറായിരുന്നില്ല.
ഇതിൽ പ്രകോപിതനായ ട്രംപ്, പരസ്യമായി പവലിനെ പലവട്ടം അധിക്ഷേപിക്കുകയും ചെയ്തിരുന്നു. യുഎസ് ഫെഡിൽ തന്റെ വിശ്വസ്തൻ എത്തുന്നത് ട്രംപിനും ജനങ്ങൾക്കും നേട്ടമാകും.
പലിശനിരക്ക് കുറയ്ക്കണമെന്ന വാദമുയർത്തുന്നയാളാണ് കെവിനും.
ഏഷ്യയിലും ആശ്വാസം
അമേരിക്ക പലിശ കുറയ്ക്കുമെന്ന പ്രതീക്ഷകളും എഐ പേടി മാറിയതും ഏഷ്യൻ, യൂറോപ്യൻ വിപണികൾക്കും ആശ്വാസമായി. ജാപ്പനീസ് നിക്കേയ് 1.93%, ഷാങ്ഹായ് 0.08%, ഹോങ്കോങ് 0.37%, ദക്ഷിണ കൊറിയയുടെ കോസ്പി 0.67%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 1.2%, യൂറോപ്പിൽ എഫ്ടിഎസ്ഇ 0.78%, ഡാക്സ് 0.97% എന്നിങ്ങനെ ഉയർന്നു.
ഇന്ത്യൻ വിപണികളെയും ഈ നേട്ടം സ്വാധീനിക്കും.
ഡോളർ താഴുന്നു, സ്വർണം കയറുന്നു
പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമായത് ഡോളറിനും യുഎസ് ബോണ്ടിനും ക്ഷീണമായി. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിൽ നിന്ന് 99ലേക്ക് താഴ്ന്നു.
10-വർഷ യുഎസ് ട്രഷറി യീൽഡ് 4.13 ശതമാനത്തിൽനിന്ന് 4.01 ശതമാനത്തിലേക്കും കുറഞ്ഞു.
∙ അടിസ്ഥാന പലിശനിരക്ക് കുറയുമ്പോൾ യുഎസ് ട്രഷറി യീൽഡ്, ബാങ്ക് നിക്ഷേപം എന്നിവ അനാകർഷകമാകും. ഇവയിലേക്കുള്ള നിക്ഷേപം കുറയുന്നത് ഡോളറിനെയും തളർത്തും.
ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. സ്വർണവില കൂടും.
∙ അനുകൂല സാഹചര്യങ്ങളെ തുടർന്ന് രാജ്യാന്തര സ്വർണവില ഔൺസിന് ഇന്നു രാവിലെ 68 ഡോളർ ഉയർന്ന് 4,162 ഡോളറിലെത്തി.
കേരളത്തിൽ ഇന്നും വില കുതിക്കുമെന്ന സൂചന ഇതു നൽകുന്നു.
യുക്രെയ്ൻ ഡീൽ: എണ്ണ വില താഴ്ന്നു, പിന്നെ കയറി
യുദ്ധം അവസാനിപ്പിക്കാനായി യുഎസിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ സമാധാന പ്ലാനിന് യുക്രെയ്ൻ വഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ (വിശദാംശം വായിക്കാം). പ്ലാൻ റഷ്യയും യുക്രെയ്നും അംഗീകരിക്കുന്ന മുറയ്ക്ക് താൻ പുട്ടിനെയും സെലെൻസ്കിയെയും കാണുമെന്ന് ട്രംപും വ്യക്തമാക്കി.
ഡീൽ യാഥാർഥ്യമായേക്കുമെന്ന സൂചനകളെ തുടർന്ന് ക്രൂഡ് ഓയിൽ വില ഇടിഞ്ഞെങ്കിലും ഇപ്പോൾ അൽപം കരകയറിയിട്ടുണ്ട്. ഇന്നു രാവിലെ ഡബ്ല്യുടിഐ വിലയുള്ളത് ബാരലിന് 0.26% കയറി 58.10 ഡോളറിൽ.
ബ്രെന്റ് വില 0.24% ഉയർന്ന് 62.63 ഡോളറും.
രൂപയുടെ പ്രകടനം
രൂപ ഇന്നലെ ഡോളറിനെതിരെ 6 പൈസ താഴ്ന്ന് 89.22ൽ എത്തി. ഓഹരി വിപണികളുടെ നഷ്ടമാണ് തിരിച്ചടിയായത്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) പതിവ് ട്രെൻഡിന് വിരുദ്ധമായി ഇന്നലെ 785 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങി. ഏറെക്കാലമായി ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞുവരുന്നതായിരുന്നു മനോഭാവം.
യുഎസിൽ പലിശനിരക്ക് കുറയുന്നത് ഇന്ത്യൻ മൂലധന വിപണിയിലേക്ക് കൂടുതൽ പണമൊഴുക്കാൻ ഇവരെ പ്രേരിപ്പിച്ചേക്കും. ഇതു രൂപയ്ക്കും കരുത്താവും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

