സ്വർണം തുടർച്ചയായ 8 ആഴ്ചത്തെ മുന്നേറ്റത്തിന് ബ്രേക്കിട്ട് കഴിഞ്ഞയാഴ്ച കനത്ത ഇടിവിലേക്ക് വീണു. രാജ്യാന്തര വിലയിൽ കഴിഞ്ഞയാഴ്ച 3 ശതമാനത്തിലധികമാണ് വില താഴ്ന്നത്.
കേരളത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ 21ന് സർവകാല ഉയരമായ 97,360 രൂപയിലായിരുന്നു പവൻ. ഗ്രാം വില 12,170 രൂപയും.
ഒക്ടോബർ 24ന് പവൻ 91,200 രൂപയിലേക്ക് താഴ്ന്നിറങ്ങി. 3 ദിവസത്തിനിടെ കുറഞ്ഞത് 6,160 രൂപ.
ഗ്രാമിന് 770 രൂപയും. 11,400 രൂപയിലായിരുന്നു അന്ന് വ്യാപാരം.
നിലവിൽ വില അൽപം മെച്ചപ്പെട്ട് ഗ്രാം 11,515 രൂപയിലും പവൻ 91,120 രൂപയിലുമാണുള്ളത്.
ഔൺസിന് 4,381 ഡോളർ വരെ കുതിച്ചുകയറി റെക്കോർഡിട്ട രാജ്യാന്തര വില ഒരുവേള 4,009 ഡോളറിലേക്ക് നിലംപൊത്തിയതായിരുന്നു കേരളത്തിലും വിലത്തകർച്ചയ്ക്ക് വഴിവച്ചത്.
പിന്നീട് രാജ്യാന്തര വില 4,100ന് മുകളിലേക്ക് കയറിയതോടെ കേരളത്തിലും ഉയർന്നു. 4,113.48 ഡോളറിലാണ് ഇപ്പോഴുള്ളത്.
ഇനി ഈയാഴ്ച വില കൂടാനാണോ സാധ്യത?
ലാഭമെടുപ്പിൽ തെന്നിയ വില
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന സൂചനകളാണ് കഴിഞ്ഞവാരം സ്വർണത്തിന് ആഗോളതലത്തിൽ തിരിച്ചടിയായത്. യുഎസ് പ്രസിഡന്റ് ആയി രണ്ടാമതും ചുമതലയേറ്റശേഷമുള്ള തന്റെ ആദ്യ ഏഷ്യ സന്ദർശനത്തിനായി എത്തിയ ട്രംപ്, വൈകാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തും.
യുഎസ്-ചൈന വ്യാപാരപ്പോരിൽ ‘വെടിനിർത്തൽ’ ഉടനുണ്ടാകുമെന്ന പ്രതീക്ഷകൾ ഓഹരി, കടപ്പത്ര, കറൻസി വിപണികൾക്ക് നൽകിയ ഊർജം സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പിന് വഴിയൊരുക്കി.
ഇതോടെ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിൽ കനത്ത ലാഭമെടുപ്പ് നടന്നു; വിലയും ഇടിഞ്ഞു. അതേസമയം, യുഎസിൽ റീട്ടെയ്ൽ പണപ്പെരുപ്പം നിരീക്ഷക പ്രവചനങ്ങളേക്കാൾ താഴ്ന്നുനിന്നത് വീണ്ടും പലിശയിളവ് ഉണ്ടാകുമെന്ന സൂചന ശക്തമാക്കിയിട്ടുണ്ട്.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയുന്നത് സ്വർണത്തിന് നേട്ടമാകും.
ഗോൾഡ് ഇടിഎഫിനും മറ്റും സ്വീകാര്യത കൂടും. ഡോളർ തളരുമെന്നതിനാൽ കേന്ദ്രബാങ്കുകളും മറ്റും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടും.
ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് സ്വർണത്തിന് ഡിമാൻഡ് കൂടുകയും ചെയ്യും. ഇതു വീണ്ടും വില വർധിക്കാൻ ഇടവരുത്തും.
ഷി-ട്രംപ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞാലും സ്വർണം മുന്നോട്ട് കുതിക്കും.
റഷ്യ-യുക്രെയ്ൻ പോരിന് ശമനമില്ലാത്തതും സ്വർണത്തിനാണ് നേട്ടമാവുക. സ്വർണവില വൈകാതെ 4,500 ഡോളറിലേക്ക് ഉയർന്നേക്കുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കും കഴിഞ്ഞദിവസം പ്രവചിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

