പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾ നടപ്പു സാമ്പത്തിക വർഷം (2025-26) തന്നെ തുടങ്ങിയേക്കും. നിലവിൽ പൊതുമേഖലയിൽ 12 ബാങ്കുകളാണുള്ളത്.
ഇവയിൽ മിക്കവയെയും എസ്ബിഐ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിൽ ലയിപ്പിച്ച് ആകെ എണ്ണം 3 ആയി ചുരുക്കുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിലും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷനൽ ബാങ്കിലും ലയിപ്പിക്കാനാണ് നീക്കമെന്ന് അറിയുന്നു. യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്കിലും ലയിപ്പിച്ചേക്കും.
ബാങ്ക് ഓഫ് ബറോഡയെയും സ്വതന്ത്രമായി തന്നെ നിലനിർത്തുമെന്നാണ് പുതിയ സൂചനകൾ.
2026-27നകം ബാങ്ക് ലയനം പൂർത്തിയാക്കാനാണ് കേന്ദ്ര നീക്കം. ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന ആലോചനയാണ് ഈ നീക്കത്തിനു പിന്നിൽ.
ലയിച്ചശേഷം വലിയ ബാങ്കുകളുണ്ടാകുന്നതോടെ, രാജ്യത്തെ വമ്പൻ പദ്ധതികൾക്ക് ഉൾപ്പെടെ വായ്പ നൽകാനും മറ്റും ഈ 4 ബാങ്കുകൾക്കും കഴിയുമെന്ന് കേന്ദ്രം കരുതുന്നു.
ബാങ്ക് ആസ്തിയിൽ ലോകത്തെ പ്രമുഖ 100 ബാങ്കുകളുടെ പട്ടികയിൽ 47-ാം സ്ഥാനമാണ് എസ്ബിഐക്കുള്ളത്. ഈ വിഭാഗത്തിൽ ആദ്യ 4 ബാങ്കുകളും ചൈനയുടേതാണ്.
ഇതിനു പുറമേ, കനറാ എച്ച്എസ്ബിസി, കനറാ റൊബെകോ എന്നിവയുടെ ഐപിഒയും ഉടനുണ്ടാകും. 2017ൽ ആണു ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്.
പിന്നീട് 2019ൽ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കി. ഇനിയും അതു മൂന്നാക്കാനാണ് നീക്കം.
ലയനമല്ല, ശ്രദ്ധ ഓഹരി പങ്കാളിത്തച്ചട്ടം പാലിക്കലിൽ
ബാങ്കുകളെ ലയിപ്പിക്കാനല്ല, സെബിയുടെ ചട്ടം പാലിക്കാനുള്ള നടപടികളിലാണ് ഇപ്പോൾ ശ്രദ്ധയെന്ന് ചില മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടുണ്ട്.
ബാങ്ക് ലയനം സംബന്ധിച്ച് ബാങ്കുകൾക്ക് ഇതുവരെ കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടുമില്ല. ലയനം പൊതുവേ ഏറെസമയം വേണ്ട
പ്രക്രിയയാണ്.
∙ ബാങ്കുകൾ ഇപ്പോൾ മുൻഗണന കൊടുക്കുന്നത് സെബിയുടെ മിനിമം പൊതു ഓഹരി പങ്കാളിത്തച്ചട്ടം (മിനിമം പബ്ലിക് ഷെയർഹോൾഡിങ്) പാലിക്കാനാണ്. കേന്ദ്രത്തിന്റെ ഓഹരിപങ്കാളിത്തം കുറച്ചുകൊണ്ടായിരിക്കും ഇത്.
∙ ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക്, യൂക്കോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ വൈകാതെ ഓഹരി വിൽപന നടപടികളിലേക്ക് കടന്നേക്കുമെന്ന് സൂചനകളുണ്ട്.
∙ മിനിമം 25% ഓഹരികൾ പൊതു ഓഹരി ഉടമകൾക്ക് കൈമാറണമെന്നാണ് സെബിയുടെ ചട്ടം.
അതായത്, പരമാവധി 25% ഓഹരികൾ കൈവശംവയ്ക്കാനേ കേന്ദ്രത്തിന് കഴിയൂ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

