യുക്രെയ്നെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് തുറന്നടിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജർമൻ ഗ്രെഫ്. റഷ്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സ്ബെർബാങ്കിന്റെ സിഇഒയാണ് ഗ്രെഫ്.
2025ൽ റഷ്യൻ ജിഡിപി വളർച്ച മുൻവർഷത്തെ 4.3 ശതമാനത്തിൽ നിന്ന് വെറും 0.8 ശതമാനത്തിലേക്ക് കൂപ്പുകുത്തും.
പിടിച്ചുനിൽക്കണമെങ്കിൽ രാജ്യാന്തര ജിഡിപി വളർച്ചനിരക്കിലധികം വളരേണ്ടതുണ്ട്. 3 ശതമാനം വളർച്ചയാണ് രാജ്യാന്തര തലത്തിൽ പ്രതീക്ഷിക്കുന്നത്.
2030വരെ തുടർച്ചയായി ഓരോ വർഷവും 3.2% വളർന്നാലേ റഷ്യയ്ക്ക് തളരാതെ പിടിച്ചുനിൽക്കാനാകൂ.
യുദ്ധം തുടങ്ങിയതുമുതൽ സേനകൾ ഒഴികെയുള്ള എല്ലാ മേഖലകളിലും തൊഴിലാളി ക്ഷാമം അതിരൂക്ഷമാണ്. വിദേശത്തുനിന്ന് ഉൾപ്പെടെ തൊഴിൽവൈദഗ്ധ്യമുള്ള ലക്ഷക്കണക്കിന് പേരെ തേണ്ടേണ്ട
സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് സ്റ്റേറ്റ് കൗൺസിൽ ഓൺ ഡെമോഗ്രാഫിക് ആൻഡ് ഫാമിലി പോളിസി യോഗത്തിൽ ഗ്രെഫ് തുറന്നടിച്ചു. യുദ്ധത്തെ തുടർന്ന് പതിനായിരിക്കണക്കിന് പേരെയാണ് മറ്റ് മേഖലകളിൽ നിന്ന് സൈനിക സേവനത്തിന് റഷ്യ നിയോഗിച്ചത്.
ഇവർക്ക് വൻതോതിൽ വേതനവും കൊടുക്കുന്നുണ്ട്.
ഉയർന്ന പണപ്പെരുപ്പം, കുത്തനെ കൂട്ടിയ അടിസ്ഥാന പലിശനിരക്ക്, യൂറോപ്യൻ യൂണിയനും അമേരിക്കയും ഉൾപ്പെടെ പ്രഖ്യാപിച്ച ഉപരോധങ്ങൾ തുടങ്ങിയവ റഷ്യയുടെ വ്യവസായ, വാണിജ്യ മേഖലകളെ സാരമായി ബാധിച്ചു. പ്രധാനമായും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായിരുന്നു റഷ്യ വിദേശ തൊഴിലാളികളെ നേരത്തേ കണ്ടെത്തിയിരുന്നത്.
നിർമാണ മേഖലയിലാണ് വിദേശ തൊഴിലാളികൾ കൂടുതലുമുള്ളത്.
ഇപ്പോൾ ചൈന, ഉത്തര കൊറിയ, ഇറാൻ, ക്യൂബ, വെനസ്വേല, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും റഷ്യ വിദഗ്ധ തൊഴിലാളികളെ തേടുന്നുണ്ട്.
നടത്തുമെന്ന് അടുത്തിടെ വാർത്തകളുണ്ടായിരുന്നു.
പുട്ടിനെ ചർച്ചയ്ക്ക് വരുത്താൻ കടുത്ത നടപടി
ഇതിനിടെ, സമാധാന ചർച്ചയ്ക്കെത്താൻ പുട്ടിനെ നിർബന്ധിതനാക്കാനായി കടുത്ത നടപടികളിലേക്ക് കടക്കണമെന്ന് 20ലേറെ രാജ്യങ്ങളുടെ അടുത്തിടെ ചേർന്ന യോഗം തീരുമാനിച്ചു. യൂറോപ്യൻ യൂണിയൻ, നാറ്റോ, അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് യോഗം ചേർന്നത്.
റഷ്യൻ എണ്ണക്കമ്പനികൾക്കുമേലുള്ള ഉപരോധം വ്യാപകമാക്കാൻ യോഗത്തിൽ ഒട്ടുമിക്ക രാജ്യങ്ങളുടെ പ്രതിനിധികളും ആവശ്യപ്പെട്ടു.
സാമ്പത്തികമായി തളർത്തിയാൽ മാത്രമേ പുട്ടിൻ വെടിനിർത്തൽ ധാരണയ്ക്ക് സന്നദ്ധനാകൂ എന്നാണ് യോഗം വിലയിരുത്തിയത്. യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലേക്കുള്ള റഷ്യൻ എൽഎൻജിയുടെ വിതരണം പൂർണമായി നിർത്താൻ നടപടിയെടുക്കും.
സെലൻസ്കിയുടെ പാളിപ്പോയ ആവശ്യം
നേരത്തേ, റഷ്യയുടെ എണ്ണ/വാതക വിതരണ ശൃംഖലകളെ തകർക്കാൻ അതിനൂതന ‘ടോമഹോക്ക്’ മിസൈലുകൾ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിനോട് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടിരുന്നു.
ആവശ്യം കൈയോടെ തള്ളിയ ട്രംപ്, യുദ്ധം നിർത്താൻ സെലൻസ്കിയും പുട്ടിനും തന്നെ തീരുമാനിക്കണമെന്നും പറഞ്ഞിരുന്നു. ഇന്ത്യ-പാക്ക് സംഘർഷം ഉൾപ്പെടെ 8 യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചു; എന്നാൽ, റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് തടയിടാൻ പ്രയാസമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഉപരോധിച്ച് ട്രംപ്
റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന ചർച്ച പാളിയത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർഗേയ് ലവ്റോവും തമ്മിലെ ഫോൺ സംഭാഷണം കലുഷിതമായതിന് പിന്നാലെയാണ് ഇനി ചർച്ചയ്ക്ക് പോയി സമയം കളയാനില്ലെന്ന് ട്രംപ് പറഞ്ഞത്. വെടനിർത്തൽ ഇല്ലെന്ന് ഫോൺ സംഭാഷണത്തിൽ ലവ്റോവ് ആവർത്തിച്ചതാണ് ട്രംപിനെ അമർഷത്തിലാക്കിയത്.
പിന്നാലെ അദ്ദേഹം രണ്ട് വമ്പൻ റഷ്യൻ എണ്ണക്കമ്പനികളായ ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നിവയ്ക്ക് ഉപരോധം പ്രഖ്യാപിച്ചത് റഷ്യയ്ക്ക് ആഘാതവുമായിട്ടുണ്ട്.
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും ഇതോടെ ഇറക്കുമതി പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ്. ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസും ഇപ്പോൾ ബദൽ സ്രോതസ്സുകളിലേക്ക് ചുവടുമാറ്റിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

