
മുംബൈ∙ തുടർച്ചയായ അഞ്ചാം വ്യാപാരദിനത്തിലും ഓഹരി വിപണികളിൽ കനത്ത നഷ്ടം. ഇന്നലെ 662 പോയിന്റ് കൂടി നഷ്ടപ്പെട്ടതോടെ സെൻസെക്സ് 80,000 പോയിന്റിനു താഴെയെത്തി. 79,402 പോയിന്റിലാണ് ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വിദേശ സ്ഥാപന നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റൊഴിക്കുന്നതിനൊപ്പം രണ്ടാം പാദത്തിലെ മോശം പ്രകടനവും വിപണികളെ ബാധിക്കുന്നുണ്ട്. അസംസ്കൃത എണ്ണവില ഉയരുന്നതും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും തിരിച്ചടിക്കുന്നു. നിഫ്റ്റി 24,180 പോയിന്റിലേക്കും ഇടിഞ്ഞു. ഈ വ്യാപാരവാരത്തിൽ സെൻസെക്സിന് നഷ്ടം 1822 പോയിന്റാണ് (2.24%). നിഫ്റ്റി 673 പോയിന്റും (2.7%) ഇടിഞ്ഞു. ഓഹരി വിപണിയിൽ ആഴ്ചകളായി തുടരുന്ന തിരുത്തലിൽ, എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ നിന്ന് നിഫ്റ്റി 7.8% താഴെയെത്തി. രണ്ടര മാസത്തെ താഴ്ന്ന നിലവാരമാണിത്. രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 40% ഇടിവു നേരിട്ട ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഓഹരിവില ഇന്നലെ 18% കുറഞ്ഞു. എം ആൻഡ് എം, എൽ ആൻഡ് ടി, എൻടിപിസി, ടാറ്റ സ്റ്റീൽ, മാരുതി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളിലെല്ലാം ഇന്നലെ ഇടിവു നേരിട്ടു. ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലീവർ, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വലിയതോതിൽ വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കൽ തുടരുമ്പോഴും വിപണിയെ കുറച്ചെങ്കിലും പിടിച്ചു നിർത്തുന്നത് ആഭ്യന്തര നിക്ഷേപകരാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.4 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.5 ശതമാനവും ഇന്നലെ ഇടിഞ്ഞു. ഇന്നലെ മാത്രം നിക്ഷേപകരുടെ ആസ്തിയിൽ 6.80 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]