അമേരിക്ക എച്ച് 1-വീസയുടെ നിരക്ക് കൂട്ടിയതിന് ശേഷം ഒരാഴ്ച തുടർച്ചയായി തകർച്ച നേരിടുന്ന ഐടി മേഖലയും ആഴ്ചയിലെ എല്ലാ സെഷനുകളിലും വിൽപനക്കാരായ വിദേശഫണ്ടുകളും ചേർന്ന് ഇന്ത്യൻ വിപണിയെ തകർച്ചയിലേക്ക് തള്ളിവിട്ടു. രൂപയുടെ വീഴ്ച ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറിന് ക്ഷീണമായതും പേറ്റന്റുള്ള മരുന്നുകൾക്ക് ട്രംപ് 100% തീരുവ ഏർപ്പെടുത്തിയതും വിപണിക്ക് കെണിയൊരുക്കിയിരിക്കുകയാണ്.
ഓട്ടോ, കൺസ്യൂമർ മേഖലകൾ നടത്തിയ ആശ്വാസ മുന്നേറ്റങ്ങൾക്ക് വിപണിയിൽ തുടർച്ചയില്ലാതെ പോയതും വിനയാണ്.
തുടർച്ചയായ വീഴ്ചയോടെ ഇന്ത്യൻ ഓഹരികൾ ഇനി വാങ്ങാവുന്ന നിലയിലെത്തുമെന്ന് കരുതാമെങ്കിലും ഐടിയിൽ വാങ്ങൽ വരാത്തതും രൂപ ഏറ്റവും മോശമായി തുടരുന്നതും ആശങ്കയാണെന്ന് കൊച്ചിയില്‍ ഓഹരി വിദഗ്ധനായ അഭിലാഷ് പുറവൻതുരുത്തിൽ പറഞ്ഞു. എങ്കിലും ഒരാഴ്ച കഴിഞ്ഞാൽ പുറത്തു വന്നു തുടങ്ങുന്ന മൂന്നാം പാദ ഫലപ്രഖ്യാപനങ്ങളും, ദീപാവലി പ്രമാണിച്ച് വിപണിയിൽ വാങ്ങൽ വന്നേക്കാവുന്നതും, ഉത്സവ-വിവാഹ കാലങ്ങൾ വരാനിരിക്കുന്നതും വിപണിയിൽ പ്രതീക്ഷ നിറയ്ക്കുന്നു.
ക്രിസ്മസ്, പുതുവത്സരം, തുടർന്ന് ബജറ്റ് ഇവയൊക്കെ ചേർന്ന് വിപണി സംഭവബഹുലമാകാനുള്ള സാധ്യതയാണുള്ളതെന്ന് അഭിലാഷ് വിശദീകരിച്ചു.
എച്ച് 1-ബി വീസ മുതൽ ആക്സഞ്ചർ വരെ
ആഴ്ചയിലെ മൂന്ന് വ്യാപാര ദിനങ്ങളിൽ എച്ച് 1-ബി വീസയായിരുന്നു ഇന്ത്യൻ ഐടിയുടെ തകർച്ചയ്ക്ക് കാരണമായതെങ്കിൽ വ്യാഴാഴ്ച ആക്സഞ്ചറിന്റെ പാദഫലത്തെക്കുറിച്ചുള്ള ആശങ്കകളും, വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അവലോകനങ്ങളും ഇന്ത്യൻ ഐടിക്ക് തിരുത്തൽ നൽകി. ഒക്ടോബറിന്റെ ആദ്യ പകുതിയിൽ തന്നെ വന്നുതുടങ്ങുന്ന പാദഫലങ്ങൾ ഇന്ത്യൻ ഐടി സെക്ടറിന്റെ മുന്നേറ്റത്തിന് നിർണായകമാണ്.
അമേരിക്കയുടെ ജിഡിപി 3.8 ശതമാനമായി ഉയർന്നതോടെ മികച്ച വിപണിയെന്ന നിലയിലേയ്ക്ക് അമേരിക്ക മാറിക്കഴിഞ്ഞതായും കൊറിയ, ഇന്തൊനീഷ്യ തുടങ്ങിയ വിപണികളിലേക്ക് വിദേശ നിക്ഷേപകർ ചുവടു മാറുന്നതുമൊക്കെ ഇന്ത്യൻ വിപണിക്ക് ഭീഷണിയാണെന്ന് അഭിലാഷ് വ്യക്തമാക്കി.
രൂപ തുടർച്ചയായി വീഴുന്നതും ഭീഷണിയാണ്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/സ്വർണം/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]