
ആഭരണ പ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശനാക്കി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നിലവിലെ പ്രതിസന്ധി.
ലീസയെ പുറത്താക്കുന്നതായി ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിപ്പിട്ടതിനു പിന്നാലെ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയ്ക്കെതിരായ ഡോളറിന്റെ മൂല്യം (യുഎസ് ഡോളർ ഇൻഡക്സ്) ഇടിഞ്ഞു. ഇത് അവസരമാക്കിയെടുത്ത് സ്വർണവില കുതിപ്പും തുടങ്ങി.
രാജ്യാന്തര സ്വർണവില ഔൺസിന് 3,352 ഡോളറിൽ നിന്ന് രണ്ടാഴ്ചത്തെ ഉയരമായ 3,385 ഡോളറിലേക്ക് കുതിച്ചുകയറിയതോടെ കേരളത്തിലും ഇന്നു വില കത്തിക്കയറി.
ഇന്നു രാവിലെ ഇന്ത്യൻ റുപ്പി ഡോളറിനെതിരെ 14 പൈസ ഇടിഞ്ഞ് 87.72ൽ എത്തിയതും കേരളത്തിൽ സ്വർണവിലയുടെ കുതിപ്പിന് വളമായി. സംസ്ഥാനത്ത് ഇന്ന് സ്വർണവില ഗ്രാമിന് 50 രൂപ വർധിച്ച് 9,355 രൂപയും പവന് 400 രൂപ ഉയർന്ന് 74,840 രൂപയുമായി.
ജിഎസ്ടിയും (3%), പണിക്കൂലിയും (3-35%), ഹോൾമാർക്ക് ചാർജും (53.10 രൂപ) കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമധികമാണെന്നത് ഉപഭോക്താക്കളെ വലയ്ക്കും.
വായ്പാച്ചട്ടങ്ങളിൽ തിരിമറി നടത്തിയെന്ന് ആരോപിച്ചാണ് ലീസ കുക്കിനെ ട്രംപ് പുറത്താക്കിയത്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പ്രവർത്തനത്തിൽ പൊതുവേ അമേരിക്കൻ പ്രസിഡന്റുമാർ ഇടപെടാറില്ല.
ഇതിനു കടകവിരുദ്ധമായ നടപടികളാണ് ട്രംപിൽ നിന്നുണ്ടാകുന്നത് എന്നതാണ് വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നത്. ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തിൽ ട്രംപ് കൈകടത്തുകയാണെന്നും ഫെഡറൽ റിസർവിനെ ഉടച്ചുവാർക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നുമാണ് വിമർശനങ്ങൾ.
ഫെഡിന്റെ നയങ്ങൾ തന്റെ തീരുമാനങ്ങൾക്ക് വിധേയമാക്കാനുള്ള ലക്ഷ്യമാണ് ട്രംപിന്റേതെന്നും വിമർശകരും നിരീക്ഷകരും പറയുന്നു.
നിരന്തരം ആവശ്യപ്പെട്ടിട്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ തയാറാകാത്ത ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെയും പുറത്താക്കുമെന്ന് സമീപകാലത്ത് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 2026 മേയിലാണ് പവലിന്റെ പ്രവർത്തന കാലാവധി പൂർത്തിയാകുന്നത്.
ആ സമയത്താണ് പുതിയ ചെയർമാനെ പ്രഖ്യാപിക്കേണ്ടതും. എന്നാൽ, ഇപ്പോഴേ പവലിന്റെ പകരക്കാരനെ കണ്ടെത്താനുള്ള നീക്കം ട്രംപ് പ്രഖ്യാപിച്ചതും ആശ്ചര്യത്തിന് വഴിവച്ചിരുന്നു.
പലിശ കുറയ്ക്കാത്തതിന് പവലിനെ ട്രംപ് ‘മണ്ടൻ’, ‘അമേരിക്കയുടെ ശത്രു’, ‘ടൂ ലേറ്റ് പവൽ’, ‘തോൽവി’ എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
അമേരിക്കൻ പ്രസിഡന്റും യുഎസ് ഫെഡും തമ്മിലെ ഭിന്നത രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതാണ് ഡോളറിനെയും ഓഹരി വിപണിയെയും തളർത്തിയത്.
ഇത്തരം സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിൽ സ്വർണവില കൂടുക സാധാരണവുമാണ്. സുരക്ഷിത നിക്ഷേപം എന്ന പെരുമ കിട്ടുന്നതാണ് കാരണം.
അടുത്തമാസം ചേരുന്ന പണനയ നിർണയ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാമെന്ന സൂചന പവൽ നൽകിയിട്ടുണ്ടെന്നുമിരിക്കേ, സ്വർണവില കൂടുതൽ ഉയരാനാണ് സാധ്യതയെന്നും നിരീക്ഷകർ പറയുന്നു.
കേരളത്തിൽ ഇന്ന് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ വർധിച്ച് 7,740 രൂപയിലെത്തി. മറ്റു ചില വ്യാപാരികൾ നിശ്ചയിച്ച വില ഗ്രാമിന് 40 രൂപ ഉയർത്തി 7,680 രൂപ.
വെള്ളി വില ഗ്രാമിന് 128 രൂപയിൽ നിൽക്കുന്നു. 14 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ ഉയർന്ന് 5,980 രൂപയും 9 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ വർധിച്ച് 3,860 രൂപയിലുമെത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]