
കൊച്ചി∙ ചൈനയിൽ നിന്നു യുഎസിലേക്ക് ചരക്ക് ഗതാഗതം നിലയ്ക്കുന്നതോടെ കപ്പൽ ചരക്ക് കൂലിയിൽ വൻ വർധന മുന്നിൽ കണ്ട് ഇന്ത്യൻ കയറ്റുമതി രംഗം. കണ്ടെയ്നറിന് 1,000 ഡോളറിലേറെ ചെലവു കൂടുമെന്നാണു കരുതപ്പെടുന്നത്. തൽക്കാലം ചരക്ക് കൂലി വർധന ഇല്ലാത്തത് ഇവിടെ ആവശ്യത്തിനു കണ്ടെയ്നർ സ്റ്റോക്ക് ഉള്ളതുകൊണ്ടാണ്. 2 മാസത്തേക്കുള്ള സ്റ്റോക്ക് സാധാരണ തുറമുഖങ്ങളിലുണ്ടാവും.
നിലവിലുള്ള സ്റ്റോക്ക് കഴിയുമ്പോഴാണു കണ്ടെയ്നറിനു ക്ഷാമമാകുന്നത്. ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് ഒരു കണ്ടെയ്നർ കപ്പൽ പോയി തിരികെ വരാൻ 45 മുതൽ 65 ദിവസം വരെ വേണം. അങ്ങനെ പോയ കപ്പലുകൾ തിരികെ വന്നു തുടങ്ങി. പക്ഷേ ഇവയ്ക്കു വീണ്ടും യുഎസിലേക്ക് കൊണ്ടു പോകാൻ ചൈനയിൽ നിന്നു ചരക്ക് ഇല്ല. കാലി കണ്ടെയ്നറുകൾ ചൈനയിൽ കുന്നുകൂടും. ചൈനയിൽ നിന്നു യുഎസിലേക്കുള്ള കപ്പലുകളിലാണ് ഇന്ത്യൻ കണ്ടെയ്നറുകളും കയറിപ്പോയിരുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
ചൈനീസ് ചരക്ക് ഇല്ലാത്തതിനാൽ ഇനി കപ്പലുകളുടെ എണ്ണം കുറയും. 60% ചരക്ക് ചൈനയിൽ നിന്നും ബാക്കി കൊച്ചി പോലുള്ള ഇന്ത്യൻ തുറമുഖങ്ങളിൽ നിന്നുമാണ് കപ്പൽ കയറിയിരുന്നത്. പക്ഷേ കാലി കണ്ടെയ്നറുകളുമായി വന്നാൽ സ്വാഭാവികമായും കപ്പലുകൾക്കു നഷ്ടമാണ്. അതിനാൽ ഓരോ കണ്ടെയ്നറിനും 600 ഡോളർ എങ്കിലും കയറ്റുമതിക്കാർ അധികച്ചെലവ് നൽകേണ്ടി വരും.
ഇവിടെ നിന്നു യുഎസിലേക്കും യൂറോപ്പിലേക്കും ചരക്ക് കൊണ്ടുപോകാൻ ആവശ്യക്കാർ ഏറുന്നതോടെ കപ്പൽ കൂലിയിലും വർധന വരും. നിലവിൽ യുഎസിലേക്ക് ഒരു കണ്ടെയ്നറിന് 3,500 മുതൽ 4,500 ഡോളർ വരെയാണ് കടത്ത് കൂലി. യൂറോപ്പിലേക്ക് 2,500–3,000 ഡോളറും. അതിലാണ് 1,000 മുതൽ 2,000 ഡോളർ വരെ വർധനയുടെ ഭീഷണി.
ഷി ഫോണിൽ വിളിച്ചെന്ന് ട്രംപ്
വാഷിങ്ടൻ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് തന്നെ ഫോണിൽ വിളിച്ചെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവ കരാർ രൂപീകരിക്കുന്നതിനായി ചൈനയുമായി ചർച്ച പുരോഗമിക്കുകയാണെന്നും ടൈം മാഗസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇന്നലെ രാവിലെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ഷി ചിൻപിങ് എപ്പോഴാണ് വിളിച്ചതെന്നോ ഇരുനേതാക്കളും എന്താണ് ചർച്ച ചെയ്തതെന്നോ ട്രംപ് വെളിപ്പെടുത്തിയില്ല.
ട്രംപിന്റെ വെളിപ്പെടുത്തലിനോട് ചൈന പ്രതികരിച്ചിട്ടില്ല. പകരം തീരുവയിൽ ഇരുരാജ്യങ്ങളും എന്തെങ്കിലും വിട്ടുവീഴ്ചയ്ക്കു തയാറായതായി ഔദ്യോഗിക പ്രതികരണങ്ങളില്ല. അതേസമയം യുഎസിൽ നിർമിക്കുന്ന ചില സെമികണ്ടക്ടറുകൾക്ക് ചൈന തീരുവ കുറച്ചതായി വാർത്തകളുണ്ട്. 125 ശതമാനമാണ് ചൈന യുഎസിനു മേൽ ചുമത്തിയ പകരം തീരുവ. യുഎസ് ചുമത്തിയത് 145 ശതമാനവും.
English Summary:
India’s export sector faces significant shipping delays and potential freight rate hikes due to halted China-US cargo movement. Learn about the impact on Indian exporters and the possibility of container shortages.