
ന്യൂഡൽഹി∙ പാക്കിസ്ഥാൻ വ്യോമാതിർത്തിയിലെ വിലക്ക് ഇന്ത്യയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന വിദേശവിമാനക്കമ്പനികൾക്ക് ബാധകമല്ലാത്തതിനാൽ ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയാകും. ബദൽ റൂട്ടുകൾ വഴി സഞ്ചരിക്കാൻ ഇന്ത്യൻ കമ്പനികളുടെ വിമാനങ്ങൾക്ക് ഇന്ധന, പ്രവർത്തന ചെലവുകൾ കൂടുമെന്നതിനാൽ ടിക്കറ്റ് നിരക്കും ഉയരാം.
അതേ റൂട്ടിൽ സർവീസ് നടത്തുന്ന വിദേശകമ്പനികളുടെ സർവീസുകൾക്ക് പാക്കിസ്ഥാന് മുകളിലൂടെ പഴയതുപോലെ പറക്കാമെന്നതിനാൽ ടിക്കറ്റ് നിരക്ക് ഉയർത്തേണ്ടി വരില്ല. ഇക്കാരണത്താൽ യാത്രക്കാർ വിദേശസർവീസുകൾ തിരഞ്ഞെടുത്തേക്കാം. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെയാണ് ഇത് കാര്യമായി ബാധിക്കുക.
2019ൽ പുൽവാമ ആക്രമണത്തിനു മറുപടിയായി ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയും പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു. അന്ന് ഇന്ത്യയിലേക്കു ഓപ്പറേറ്റ് ചെയ്യുന്ന വിദേശകമ്പനികളുടെ സർവീസുകളടക്കം വിലക്കി. എന്നാൽ ഇക്കുറി ഇന്ത്യൻ കമ്പനികൾ ഓപ്പറേറ്റ് ചെയ്യുന്നതോ ലീസിനെടുത്തതോ ആയ വിമാനങ്ങൾക്ക് മാത്രമാണ് വിലക്ക്. ഉദാഹരണത്തിന്, ഡൽഹിയിൽ നിന്ന് ദുബായിലേക്കു പോകുന്ന എമിറേറ്റ്സ് വിമാനത്തിന് പാക്കിസ്ഥാന് മുകളിലൂടെ പറക്കാമെങ്കിൽ, എയർ ഇന്ത്യ വിമാനം ഗുജറാത്ത് ചുറ്റി പോകണം.
ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത് എയർ ഇന്ത്യ, ഇൻഡിഗോ കമ്പനികളാണ്. ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്ന 50 രാജ്യാന്തര റൂട്ടുകളെ പാക്ക് നടപടി ബാധിക്കുമെന്നതിനാൽ ഷെഡ്യൂളിൽ മാറ്റം പ്രതീക്ഷിക്കാം. ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റ്, കസഖ്സ്ഥാനിലെ അൽമാട്ടി എന്നിവിടങ്ങളിലേക്കുള്ള നിരക്ക് കുറഞ്ഞ സർവീസുകൾ മേയ് 7 വരെ ഇൻഡിഗോ നിർത്തിവച്ചു. സാമ്പത്തികപരമായി ലാഭമല്ലാത്തതിനാലാണ് തീരുമാനം.
ലഗേജിൽ നിയന്ത്രണം; ഇടയ്ക്ക് സ്റ്റോപ്
ദൂരക്കൂടുതലുള്ള ബദൽപാതകൾക്കായി കൂടുതൽ ഇന്ധനം വിമാനത്തിൽ കരുതണം. ഭാരം കൂടുമെന്നതിനാൽ ലഗേജിൽ നിയന്ത്രണം കൊണ്ടുവരണം. ദീർഘദൂര റൂട്ടുകളിൽ ഇന്ധനം നിറയ്ക്കാൻ ഇടയ്ക്ക് സ്റ്റോപ് വേണ്ടി വരും. സമയക്കൂടുതലുള്ളതിനാൽ ക്രൂ ഷിഫ്റ്റുകളിലും മാറ്റം വേണ്ടി വരും. ഇതിനായി അധിക ക്രൂവിനെ കമ്പനി നിയോഗിക്കേണ്ടി വരാം. ഇത് ഷെഡ്യൂളുകളെ ആകെ ബാധിക്കാം. എയർ ഇന്ത്യയുടെ പല ദീർഘദൂര നോൺ–സ്റ്റോപ് സർവീസുകൾക്കും യാത്രയ്ക്കിടയിൽ ഇന്നലെ സ്റ്റോപ് എടുക്കേണ്ടി വന്നു. ഡൽഹിയിൽ നിന്ന് വാഷിങ്ടണിലേക്കും ന്യൂയോർക്കിലേക്കുമുള്ള സർവീസുകൾ വിയന്നയിൽ ഇറക്കി.
കാനഡയിലെ വാൻകൂവറിൽ നിന്നുള്ള ഡൽഹി വിമാനം കോപ്പൻഹേഗനിൽ ഇറങ്ങിയ ശേഷമാണ് ഡൽഹിയിലേക്ക് പറന്നത്. ഡൽഹി–ഷിക്കാഗോ വിമാനവും കോപ്പൻഹേഗനിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. പാരിസ്–ഡൽഹി സർവീസും, ലണ്ടൻ–ഡൽഹി സർവീസും ഇടയ്ക്ക് അബുദാബിയിൽ ഇറക്കേണ്ടി വന്നു. സാൻ ഫ്രാൻസിസ്കോ–മുംബൈ വിമാനവും വ്യാഴാഴ്ച രാത്രി കോപ്പൻഹേഗനിൽ ഇറക്കി.
English Summary:
Pakistan’s airspace ban significantly impacts Indian airlines, forcing them to take longer routes and potentially increasing ticket prices. Foreign airlines remain unaffected. Learn more about the flight disruptions and fare hikes.