
ശതകോടീശ്വരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി (Mukesh Ambani) നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries/RIL) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ സ്വന്തമാക്കിയത് നിരീക്ഷകർ പ്രതീക്ഷിച്ചതിനേക്കാൾ ലാഭം. മുൻവർഷത്തെ (2023-24) സമാനപാദത്തേക്കാൾ 2.4 ശതമാനം വർധനയോടെ 19,407 കോടി രൂപയാണ് സംയോജിത ലാഭമായി റിലയൻസ് നേടിയത്. നിരീക്ഷകർ പ്രവചിച്ചിരുന്നത് 18,471 കോടി രൂപയായിരുന്നു.
പ്രവർത്തന വരുമാനം (Operating revenue) 9.9% ഉയർന്ന് 2.64 ലക്ഷം കോടി രൂപയായി. ഭേദപ്പെട്ട പ്രവർത്തനഫലത്തിന്റെ പശ്ചാത്തലത്തിൽ 2024-25 വർഷത്തേക്കായി ഓഹരിക്ക് 5.50 രൂപ വീതം ലാഭവിഹിതം (dividend) നൽകാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിറക്കി (NCDs) 25,000 കോടി രൂപ സമാഹരിക്കാനും ബോർഡ് തീരുമാനിച്ചു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം അഥവാ എബിറ്റ്ഡ (EBITDA) മാർച്ചുപാദത്തിൽ 4 ശതമാനം വാാർഷിക വളർച്ചയോടെ (YoY) 48,737 കോടി രൂപയായി.
‘‘ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വം നിറഞ്ഞ വർഷമായിരുന്നു 2024-25. എന്നാൽ, പ്രവർത്തനത്തിൽ പാലിച്ച അച്ചടക്കവും ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികളുടെ ആവിഷ്കരണവും ഈ സാഹചര്യത്തിലും മികച്ച സാമ്പത്തിക കണക്കുകൾ രേഖപ്പെടുത്താൻ റിലയൻസിന് സഹായകമായി’’, മുകേഷ് അംബാനി പറഞ്ഞു.
ഒ2സി ബിസിനസ്
റിലയൻസ് ഇൻഡസ്ട്രീസിന്റെ മുഖ്യവിഭാഗമായ ഓയിൽ ടു കെമിക്കൽ ബിസിനസ് (O2C) നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷം രേഖപ്പെടുത്തിയ ലാഭം (EBITDA) 10 ശതമാനം കുറവോടെ 15,080 കോടി രൂപയാണ്. ക്രൂഡ് ഓയിലിന്റെ വാങ്ങൽചെലവും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണിവിലയും തമ്മിലെ അന്തരം കുറഞ്ഞത് ലാഭത്തെ ബാധിച്ചു. എന്നാൽ, വരുമാനം 15 ശതമാനം ഉയർന്ന് 1.64 ലക്ഷം കോടി രൂപയായെന്നത് നേട്ടമാണ്.
ജിയോ പ്ലാറ്റ്ഫോംസ്
റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് (Jio Platforms) കഴിഞ്ഞപാദത്തിൽ 18 ശതമാനം വളർച്ചയോടെ 39,853 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. എബിറ്റ്ഡയും 18 ശതമാനം മെച്ചപ്പെട്ട് 17,016 കോടി രൂപയായി. ലാഭം (net profit) 7,022 കോടി രൂപ; 26 ശതമാനമാണ് വളർച്ച. പ്രവർത്തന വരുമാനം 28,871 കോടി രൂപയിൽ നിന്ന് 18% വർധിച്ച് 33,986 രൂപയാണ്.
റീചാർജ് നിരക്കുകൾ വർധിപ്പിച്ചത് മികച്ച നേട്ടം കൊയ്യാൻ ജിയോയ്ക്ക് സഹായകമായി. ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) 181.7 രൂപയിൽ നിന്ന് 206.2 രൂപയായാണ് വർധിച്ചത്. 19.1 കോടി 5ജി ഉപയോക്താക്കൾ ഉൾപ്പെടെ ആകെ 48.8 കോടി ഉപയോക്താക്കൾ ജിയോയ്ക്കുണ്ട്.
റിലയൻസ് റീട്ടെയ്ൽ
ഭാവിയിൽ റിലയൻസിന്റെ മുഖ്യ വരുമാനവിഭാഗമാകുമെന്ന് കരുതുന്ന റിലയൻസ് റീട്ടെയ്ൽ (Reliance Retail), 16% കുതിപ്പോടെ കഴിഞ്ഞപാദത്തിൽ 88,620 കോടി രൂപയുടെ വരുമാനം നേടി. കൺസ്യൂമർ ഇലക്ട്രോണിക്സിലും പലചരക്കിലും മികച്ച വിൽപനയുണ്ടായത് ഗുണമായി. പുതിയ 1,085 എണ്ണമുൾപ്പെടെ കഴിഞ്ഞപാദ പ്രകാരം കമ്പനിയുടെ മൊത്തം സ്റ്റോറുകൾ 19,340 ആയി. 35 കോടിയോളം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. എബിറ്റ്ഡ 14% ഉയർന്ന് 6,711 കോടി രൂപയും ലാഭം (net profit) 29% കുതിച്ച് 3,519 കോടി രൂപയായതും മികവായി.
ഓയിൽ ആൻഡ് ഗ്യാസ്
റിലയൻസിന്റെ എണ്ണ, വാതക പര്യവേക്ഷണ, ഉൽപാദന വിഭാഗമായ ഓയിൽ ആൻഡ് ഗ്യാസ് ബിസിനസ് 0.4% കുറവോടെ 6,440 കോടി രൂപയുടെ വരുമാനമാണ് നേടിയത്. എബിറ്റ്ഡ 9% കുറഞ്ഞ് 5,123 കോടി രൂപ.
ജിയോ സ്റ്റാർ
റിലയൻസ് ഇൻഡസ്ട്രീസ്, വോൾട്ട് ഡിസ്നി, ബോധി ട്രീ എന്നിവയുടെ സംയുക്ത സംരംഭവും വിനോദ വിഭാഗവുമായ ജിയോ സ്റ്റാർ (Jio Star) 2024-25 സാമ്പത്തിക വർഷം രേഖപ്പെടുത്തിയത് 229 കോടി രൂപയുടെ ലാഭം. കഴിഞ്ഞ നവംബറിൽ നടന്ന ലയനാനന്തരമുള്ള കണക്കാണിത്. 10,006 കോടി രൂപയാണ് വരുമാനം. പ്രവർത്തന വരുമാനം 9,497 കോടി രൂപയും എബിറ്റ്ഡ 774 കോടി രൂപയുമാണ്. കമ്പനികളുടെ പ്രവർത്തന മികവിന്റെ അളവുകോലുകളിലൊന്നാണ് എബിറ്റ്ഡ. ജിയോ സ്റ്റാറിന്റെ എബിറ്റ്ഡ മാർജിൽ (EBITDA margin) 7.7 ശതമാനവുമാണ്.
അറ്റ മൂല്യത്തിൽ റെക്കോർഡ്
ഇന്ത്യയിൽ അറ്റ മൂല്യം (net worth) 10 ലക്ഷം കോടി രൂപ കടക്കുന്ന ആദ്യ കമ്പനിയെന്ന നേട്ടം റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. ഒ2സി, റീട്ടെയ്ൽ, ജിയോ, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗങ്ങളുടെ പ്രവർത്തന മികവാണ് ഇതിനു സഹായിച്ചത്. രാജ്യത്ത് വാർഷിക വരുമാനം 10 ലക്ഷം കോടി രൂപയും വിപണിമൂല്യം (market capitalization) 20 ലക്ഷം കോടി രൂപയും കടന്ന ആദ്യ കമ്പനിയും റിലയൻസാണ്. വെള്ളിയാഴ്ച 0.05% താഴ്ന്ന് 1,301 രൂപയിലാണ് എൻഎസ്ഇയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിലയുള്ളത്. ഇതുപ്രകാരം വിപണിമൂല്യം 17.60 ലക്ഷം കോടി രൂപ.
അനന്ത് അംബാനിക്ക് പുതിയ ദൗത്യം
മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയെ (Anant M. Ambani) റിലയൻസ് ഇൻഡസ്ട്രീസിന്റെ മുഴുവൻ-സമയ ഡയറക്ടറായി (whole-time director) നിയമിക്കാൻ ബോർഡ് തീരുമാനിച്ചു. മേയ് ഒന്നുമുതൽ 5 വർഷത്തേക്കായിരിക്കും നിയമനം. നിലവിൽ അനന്ത് നോൺ-എക്സിക്യുട്ടീവ് ഡയറക്ടറാണ്.
റിലയൻസിൽ കൂടുതൽ ഉത്തരവാദിത്തപ്പെട്ടതും നിർണായക തീരുമാനങ്ങൾ എടുക്കാനാവുന്നതുമായ പദവിയിലേക്കാണ് അനന്തിന്റെ വരവ്. റിലയൻസിൽ മുകേഷ് അംബാനിയുടെ പിൻഗാമികളിലേക്കുള്ള ചുമതലക്കൈമാറ്റം സുഗമമാക്കാൻ ഈ നടപടികൾ സഹായിക്കുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, അനന്തിന്റെ പുതിയ നിയമനത്തിന് ഓഹരി ഉടമകളുടെ അംഗീകാര്യം ആവശ്യമാണ്. നിലവിൽ 2020 മാർച്ച് മുതൽ ജിയോ പ്ലാറ്റ്ഫോംസിന്റെ ഡയറക്ടറും 2022 മേയ് മുതൽ റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സിന്റെ ഡയറക്ടറുമാണ് അനന്ത്.
പുറമെ, 2021 ജൂൺ മുതൽ റിലയൻസ് ന്യൂ എനർജി, റിലയൻസ് ന്യൂ സോളർ എനർജി എന്നിവയുടെ ഡയറക്ടർ പദവിയും വഹിക്കുന്നു. റിലയൻസിന്റെ സാമൂഹികക്ഷേമ വിഭാഗമായ റിലയൻസ് ഫൗണ്ടേഷന്റെയും ഡയറക്ടറാണ്. അനന്തിന്റെ മൂത്ത സഹോദരൻ അകാശ് അംബാനി (Akash Ambani) ജിയോ ഇൻഫോകോമിന്റെ ചെയർമാനാണ്. 2022ലായിരുന്നു പദവിയേറ്റെടുത്തത്. സഹോദരി ഇഷാ അംബാനി (Isha Ambani) റിലയൻസ് റീട്ടെയ്ലിനെയും നയിക്കുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)