
രാജ്യാന്തര സ്വർണ വിലയിൽ (gold rate) കുറവുണ്ടായിട്ടും തുടർച്ചയായ മൂന്നാംനാളിലും മാറ്റമില്ലാതെ കേരളത്തിലെ സ്വർണവില (Kerala gold price). കഴിഞ്ഞ 3 ദിവസമായി ഗ്രാമിന് 9,005 രൂപയും പവന് 72,040 രൂപയുമാണ് വില. രാജ്യാന്തരവില ഔൺസിന് 16 ഡോളർ ഇടിഞ്ഞ് 3,318 ഡോളറിലാണുള്ളത്. അതേസമയം, ഡോളറിനെതിരെ ഇന്ത്യൻ രൂപയുള്ളത് 7 പൈസ താഴ്ന്ന് 85.40ൽ. രൂപയുടെ വീഴ്ചയാകാം രാജ്യാന്തര സ്വർണവില താഴ്ന്നിട്ടും കേരളത്തിൽ വില മാറ്റമില്ലാതെ തുടരാൻ കാരണമെന്നാണ് വിലയിരുത്തൽ.
രൂപയുടെ മൂല്യം താഴുകയും ഡോളർ കരുത്താർജ്ജിക്കുകയും ചെയ്യുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതി ചെലവും ഉയരും. ഇത് ആഭ്യന്തര വില നിർണയത്തിൽ പ്രതിഫലിക്കും. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം, വെള്ളി വിലകളും ഇന്നു മാറിയിട്ടില്ല. 18 കാരറ്റ് സ്വർണത്തിന് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം വില ഗ്രാമിന് 7,460 രൂപയാണ്. വെള്ളി വില ഗ്രാമിന് 110 രൂപ.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചിരിക്കുന്ന വില ഗ്രാമിന് 7,410 രൂപ. വെള്ളിക്ക് 109 രൂപ. കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 1,500 രൂപയിലേറെ കുറവുണ്ടെന്നതിനാൽ 18 കാരറ്റ് സ്വർണത്തിനും കേരളത്തിൽ ആവശ്യക്കാർ കൂടുന്നുണ്ട്.
സ്വർണവില ഇനി എങ്ങോട്ട്?
യുഎസ്-ചൈന താരിഫ് യുദ്ധം ഒഴിവാക്കാൻ ചർച്ചകൾ സജീവമായതും ഓഹരി, കടപ്പത്ര വിപണികൾ വീണ്ടും ഉണർവിലായതും സ്വർണനിക്ഷേപ പദ്ധതികളുടെ തിളക്കം കെടുത്തുന്നതാണ് നിലവിൽ രാജ്യാന്തര വില കുറയാൻ പ്രധാന കാരണം. അതേസമയം, കഴിഞ്ഞദിവസങ്ങളിലെ റെക്കോർഡ് വില മുതലെടുത്തുള്ള ലാഭമെടുപ്പും വിലയെ താഴേക്കു നയിച്ചു. ഈ ട്രെൻഡ് തുടർന്നാൽ, സ്വർണവില ഔൺസിന് 3,245 ഡോളർ വരെ താഴ്ന്നേക്കാമെന്നാണ് നിരീക്ഷക പ്രവചനം. അങ്ങനെയെങ്കിൽ കേരളത്തിലും ആനുപാതികമായി വില കുറയും.
അതേസമയം, താരിഫ് തർക്കത്തിന് പരിഹാരമായില്ലെങ്കിൽ സ്വർണത്തിനു വീണ്ടും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടാനുള്ള വഴി തെളിയും. മാത്രമല്ല, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയിട്ടുണ്ട്. പലിശനിരക്ക് കുറയുന്നത് ഡോളറിനും ബോണ്ടിനും തിരിച്ചടിയാകുമെന്നതും നേട്ടമാകുക സ്വർണത്തിനായിരിക്കും. സ്ഥിതി അങ്ങനെയെങ്കിൽ രാജ്യാന്തര സ്വർണവിലയുടെ അടുത്തലക്ഷ്യം 3,400 ഡോളറായിരിക്കുമെന്നും നിരീക്ഷകർ പ്രവചിക്കുന്നു. അതായത്, കേരളത്തിലും വില ആനുപാതികമായി കൂടും.