
വിദേശഫണ്ടുകളുടെപിൻബലത്തിൽ കഴിഞ്ഞ ഏഴു സെഷനുകളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങിയെങ്കിലും ലാഭമെടുക്കലിൽ വീണു. ചൈനയൊഴികെയുള്ള മറ്റ് ഏഷ്യൻ വിപണികൾ മുന്നേറിയെങ്കിലും യൂറോപ്യൻ വിപണികൾ വീണത് ക്ളോസിങ്ങിനെ സ്വാധീനിച്ചു.
നിഫ്റ്റി 23736 പോയിന്റ് വരെ മുന്നേറിയെങ്കിലും 181 പോയിന്റ് നഷ്ടത്തിൽ 23486 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 728 പോയിന്റ് നഷ്ടത്തിൽ 77288 പോയിന്റിലും ക്ളോസ് ചെയ്തു. ഓട്ടോയൊഴികെ ഇന്ത്യൻ വിപണിയിലെ സകല സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപ വീണ്ടും മുന്നേറുന്നു
അമേരിക്കൻ ഡോളറിനെതിരെ വീണ്ടും 85.50/- നിരക്കിലും രൂപ മെച്ചപ്പെട്ടത് അനുകൂലമാണ്. ആർബിഐയുടെ അടുത്ത നയാവലോകനയോഗം ഏപ്രിൽ 7-9 തീയതികളിൽ നടക്കാനിരിക്കുന്നത് രൂപക്ക് പ്രധാനമാണ്.
എഫ്&ഓ ക്ളോസിങ് നാളെ
നാളത്തെ എഫ്&ഓ ക്ളോസിങ് കൂടി ലക്ഷ്യം വച്ച് നടന്ന ഷോർട്ട് കവറിങ് ഇന്ത്യൻ വിപണിക്ക് മുൻ ദിവസങ്ങളിൽ മുന്നേറ്റം നൽകിയെങ്കിലും ഇന്ന് ലാഭമെടുക്കലിൽ വിപണി വീണത് നാളെയും വിപണിയുടെ തുടക്കത്തെ സ്വാധീനിക്കും. ഏപ്രിൽ മുതൽ എൻഎസ്ഇയുടെ എഫ്&ഓ ക്ളോസിങ് ദിനത്തിലും മാറ്റം വരും.
താരിഫ് ചർച്ചകൾ അവസാനഘട്ടത്തിൽ
മാർച്ച് 29 വരെ ഡൽഹിയിൽ തുടരുന്ന താരിഫ് ചർച്ചകൾ ഇന്ത്യൻ വിപണിക്ക് പ്രധാനമാണെന്നതിനാൽ ഇന്ത്യൻ നിക്ഷേപകർ റിസ്ക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നതും വിപണിക്ക് നിർണായകമാണ്. താരിഫുകൾ കുറയ്ക്കുന്നതിന് ഇന്ത്യ തയാറാണെന്നാണ് സൂചനകൾ.
അമേരിക്കൻ പിസിഇ ഡേറ്റ
വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ പിസിഇ ഡേറ്റയിലാണ് ലോകവിപണിയുടെ ശ്രദ്ധ. അമേരിക്കൻ സിപിഐക്ക് പിന്നാലെ പിസിഇ ഡേറ്റയും ക്രമപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിപണിയുടെ അനുമാനം. പിസിഇ ഡേറ്റയിലെ കുറവ് ഫെഡ് നിരക്കിലും കുറവിന് കാരണമാകും.
സ്വർണം
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3050 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. വെള്ളിയാഴ്ച അമേരിക്കൻ പിസിഇ ഡേറ്റ വരാനിരിക്കുന്നതും, ട്രംപ് താരിഫ് ബഹളങ്ങളും ഡോളറിനെ സ്വാധീനിക്കാനിരിക്കുന്നതും സ്വർണത്തിന് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 73 ഡോളറിന് തൊട്ടടുത്തെത്തി. വെനിസ്വലൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ കൂടുതൽ പ്രതികാര നികുതി പ്രഖ്യാപിച്ചതും ക്രൂഡ് ഓയിലിന് അനുകൂലമായി.
കോപ്പർ റെക്കോർഡ് ഉയരത്തിൽ
അമേരിക്കൻ താരിഫ് ഭയത്തിൽ മുന്നേറിയ കോപ്പർ രാജ്യാന്തര വിപണിയിൽ ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില കുറിച്ച് റെക്കോർഡിട്ടു. ആഴ്ചകൾക്കുള്ളിൽ ട്രംപിന്റെ കോപ്പർ താരിഫ് നിലവിൽ വരുമെന്ന ബ്ലൂംബെർഗിന്റെ റിപ്പോർട്ടും കോപ്പർ മുന്നേറ്റത്തിന് വഴിവെച്ചു. ചൈനയുടെ സ്റ്റിമുലസ് പദ്ധതികളും കോപ്പറിന് തുടർന്നും മുന്നേറ്റം നൽകിയേക്കാം.ഇന്ത്യൻ കോപ്പർ ഓഹരികളും നേട്ടം പ്രതീക്ഷിക്കുന്നു. വേദാന്ത, ഹിന്ദ് കോപ്പർ, ഹിൻഡാൽകോ എന്നിവ ശ്രദ്ധിക്കാം.
ജിയോയും, സൊമാറ്റോയും നിഫ്റ്റിയിൽ
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന നിഫ്റ്റി-50യുടെ അർദ്ധവാർഷിക റീബാലൻസിങ്ങിൽ ജിയോ ഫൈനാൻസും, സൊമാറ്റോയും ഇടം പിടിക്കുന്നത് ഓഹരി വിലകളിലും പ്രകടമാകും. നിഫ്റ്റി ഫണ്ടുകളിലും നിഫ്റ്റി റീബാലൻസിങിന്റെ സ്വാധീനം പ്രകടമാകും. ബിപിസിഎല്ലിനും ബ്രിട്ടാനിയക്കും പകരമായിട്ടാണ് ജിയോയും, സൊമാറ്റോയും പ്രവേശിക്കുന്നത്.ജിയോയും, സൊമാറ്റോയും ഇന്ന് നഷ്ടം കുറിച്ചു.
ടാക്സ് ഹാർവെസ്റ്റിങ്
ക്യാപിറ്റൽ ഗെയിൻ ടാക്സ് അടവിൽ നേട്ടമുണ്ടാക്കുന്നതിനായി നിലവിലെ നഷ്ടങ്ങൾ ബുക്ക് ചെയ്ത് തട്ടികിഴിക്കൽ നടത്താൻ റീറ്റെയ്ൽ നിക്ഷേപകർ ഇറങ്ങുന്നതും നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസങ്ങളിൽ വിപണി ചലനങ്ങളെ സ്വാധീനിക്കും.
സീമെൻസ് വിഭജനം
സീമെൻസിൽ നിന്നും സീമെൻസ് എനർജിയെ വിഭജിച്ച് പ്രത്യേക കമ്പനിയാക്കുന്നതിനുള്ള അനുമതി എൻസിഎൽടിയിൽ നിന്നും ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്. ഇന്ന് 5% മുന്നേറ്റം കുറിച്ച സീമെൻസിന്റെ വിഭജനത്തിനുള്ള റെക്കോർഡ് തീയതി ഏപ്രിൽ ഏഴിനാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക