വില റോക്കറ്റുപോലെ കുതിക്കുമ്പോൾ ലോക്കറുകളിൽ സ്വർണം സൂക്ഷിക്കുന്നവരുടെ എണ്ണം കുറയുകയാണോ? അങ്ങനെ സംശയിക്കേണ്ടി വരുമെന്നാണ് രാജ്യത്തെ സ്വർണ പണയ വായ്പ കണക്കുകൾ നൽകുന്ന സൂചന. ഇന്ത്യയിലെ സ്വർണവായ്പ മുൻവർഷത്തേക്കാൾ കുത്തനെ ഉയർന്നു.
ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പഴ്സണൽ വായ്പകളെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്താനും ‘പൊന്നിന്’ കഴിഞ്ഞു. പുതിയ കണക്ക് അനുസരിച്ച് 16.2 ലക്ഷം കോടി രൂപയുടെ സ്വർണ വായ്പയാണ് രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങൾ അനുവദിച്ചിരിക്കുന്നത്.
വായ്പയിൽ ഒന്നാം സ്ഥാനം ഭവന വായ്പകൾക്ക് തന്നെയാണ്.
43 ലക്ഷം കോടി രൂപയുടെ ഭവന വായ്പയാണ് ഇന്ത്യക്കാർ എടുത്തിരിക്കുന്നതെന്ന് മക്വയറി ക്യാപിറ്റൽ കണക്ക് പറയുന്നു. ആകെ വായ്പയിൽ സ്വർണവായ്പയുടെ ശതമാനവും വർധിച്ചു.
2024–25 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 78 ലക്ഷം കോടി രൂപയാണ് ആകെ വായ്പയായി രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങൾ വിതരണം ചെയ്തത്. ഇതിൽ 7.2 ശതമാനമായിരുന്നു സ്വർണ വായ്പ.
നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇത് 14.3 ശതമാനമായി വർധിച്ചു. ആകെ വായ്പയുടെ മൂല്യം 113.5 ലക്ഷം കോടി രൂപയായെന്നും കണക്കുകൾ പറയുന്നു.
അടുത്തിടെ പുറത്തുവന്ന മുത്തൂറ്റ് ഫിൻകോർപ് – ജെഫ്രീസ് റിപ്പോർട്ടും സ്വർണ വായ്പയിലെ വളർച്ച അടയാളപ്പെടുത്തുന്നുണ്ട്.
2025 നവംബർ വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ ആകെ സ്വർണവായ്പ 15.6 ലക്ഷം കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 42 ശതമാനം വർധന.
സ്വർണം ഈടുവെച്ച് എടുക്കുന്ന റീറ്റെയിൽ വായ്പ 93 ശതമാനം കൂടി. ബാങ്കുകളിലെ സ്വർണ വായ്പയിൽ 127 ശതമാനം വര്ധനയുണ്ടായെന്നും ഈ റിപ്പോർട്ട് പറയുന്നു.
ട്രെൻഡിന് പിന്നിൽ
കുറച്ചു കാലം മുമ്പുവരെ അടിയന്തര ആവശ്യങ്ങൾക്കായിരുന്നു മിക്കവരും സ്വർണ വായ്പകൾ തിരഞ്ഞെടുത്തിരുന്നത്.
എന്നാൽ സ്വർണവില പിടിവിട്ടു കുതിച്ചതോടെ ഇതിന് മാറ്റം വന്നു. ഇന്ന് വ്യാപാരികളും സംരംഭകരും സാധാരണക്കാരും വരെ സാമ്പത്തിക ആവശ്യങ്ങൾക്ക് ആദ്യം ചിന്തിക്കുന്നത് സ്വർണ വായ്പയെക്കുറിച്ചാണ്.
വേഗത്തിൽ വായ്പ ലഭിക്കുന്നതും റിസ്ക് കുറവാണെന്നതും ആളുകളെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ നിയന്ത്രണമുള്ള എൻബിഎഫ്സികളെയും ബാങ്കുകളെയുമാണ് ആളുകൾ കൂടുതലായി സ്വർണ വായ്പയ്ക്കായി ആശ്രയിക്കുന്നതെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
സ്വർണവില ഇനിയെങ്ങോട്ട്
രാജ്യാന്തര വിപണിയിൽ ഔൺസിന് 5,175 ഡോളെറെന്ന നിലയിലാണ് സ്വർണവില.
ഇറാൻ – യുഎസ് സമാധാന ചർച്ചകളായിരിക്കും അടുത്ത ദിവസങ്ങളിലെ സ്വർണവിലയുടെ ഗതി നിശ്ചയിക്കുക. ഇക്കൊല്ലം തന്നെ സ്വർണവില 6,300 ഡോളറിലേക്ക് കുതിക്കുമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെപി മോർഗന്റെ പ്രവചനം.
നിക്ഷേപകരും കേന്ദ്ര ബാങ്കുകളും വാങ്ങൽ കൂട്ടുന്നതാണ് വില വർധിക്കാനുള്ള പ്രധാന കാരണം. ബാങ്കുകള അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാലും വില കൂടിയേക്കാം.
എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ സ്വർണവില ഔൺസിന് 4,200 ഡോളറിലേക്ക് എത്തിയേക്കാമെന്നും ജോപി മോർഗൻ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

