യൂറോപ്യൻ നിർമിത കാറുകളുടെ ഇറക്കുമതി തീരുവ കുത്തനെ കുറയ്ക്കാൻ ഇന്ത്യ. യൂറോപ്യൻ യൂണിയന് പ്രതിനിധികളുമായി നടത്തിയ വ്യാപാര കരാർ ചര്‍ച്ചകളിൽ ഇതുസംബന്ധിച്ച തീരുമാനമായെന്നാണ് റിപ്പോർട്ട്.
ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിർമിച്ച കാറുകൾ ഇറക്കുമതി ചെയ്യാൻ 110 ശതമാനമാണ് നികുതി നൽകേണ്ടത്.
ഇത് 40 ശതമാനമായി കുറയ്ക്കാനാണ് ധാരണ.
15,000 യൂറോയ്ക്ക് (ഏകദേശം16.5 ലക്ഷം രൂപ) മുകളില്‍ വിലയുള്ള വാഹനങ്ങൾക്കായിരിക്കും ആദ്യഘട്ടത്തിൽ ഇളവ് അനുവദിക്കുന്നത്. രണ്ട് ലക്ഷം പെട്രോൾ / ഡീസൽ വാഹനങ്ങൾ പ്രതിവർഷം ഇറക്കുമതി ചെയ്യാനാണ് അനുമതി.
ഘട്ടം ഘട്ടമായി തീരുവ 10 ശതമാനത്തിലേക്ക് കുറയ്ക്കാനും സാധ്യതയുണ്ട്.
ഇതോടെ ഫോക്സ്വാഗൺ, ബിഎംഡബ്ല്യു, മെഴ്സിഡീസ് ബെൻസ് തുടങ്ങിയ യൂറോപ്യൻ വാഹന കമ്പനികളുടെ ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്ക് വലിയ തോതിൽ വില കുറയുമെന്നാണ് കരുതുന്നത്. ഇന്ത്യൻ കമ്പനികളുടെ താൽപര്യം സംരക്ഷിക്കാൻ തുടക്കത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് തീരുവ ഇളവ് നൽകില്ല.
അഞ്ച് വർഷത്തിന് ശേഷം ഇക്കാര്യത്തിൽ മാറ്റം വരുത്തിയേക്കും.
അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാണ് ഇന്ത്യ. വിദേശ നിർമിത വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കർശന നിയന്ത്രണമുള്ള വിപണി കൂടിയാണിത്.
പൂർണമായും വിദേശത്ത് നിർമിച്ച മോഡലുകൾക്ക് 70 മുതൽ 110 ശതമാനം വരെയാണ് തീരുവ ഈടാക്കുന്നത്. ഇത് കുറയ്ക്കണമെന്ന് ഏറെക്കാലമായി വിദേശ കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ഇന്ത്യൻ വാഹന നിർമാതാക്കളുടെ താൽപര്യം സംരക്ഷിക്കേണ്ടതിനാല്‍ ഇക്കാര്യത്തോട് കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
പുതിയ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കന്മാരുമായി നടത്തിയ ചർച്ചയിലാണ് വഴിത്തിരിവ്. ഇതോടെ യൂറോപ്യന്‍ കമ്പനികൾക്ക് മികച്ച വിലയിൽ മോഡലുകൾ ഇന്ത്യയിലെത്തിക്കാൻ കഴിയും.
യൂറോപ്യൻ കമ്പനികൾ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താനും പദ്ധതിയുണ്ട്.
അതേസമയം, യൂറോപ്യൻ യൂണിയനുമായുള്ള ധാരണ ഇന്ത്യൻ കമ്പനികൾക്ക് കൂടി നേട്ടമാകുമെന്നാണ് പ്രതീക്ഷ. സുസുക്കി പോലുള്ള കമ്പനികൾ ഇന്ത്യയിൽ നിർമിച്ച കാറുകൾ യൂറോപിലേക്ക് കയറ്റി അയക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വാഹന കയറ്റുമതി വർധിച്ചതായും കണക്കുകൾ പറയുന്നു. ഇലക്ട്രോണിക് വാഹന മേഖലയിൽ അടക്കം ചൈനീസ് കമ്പനികൾ ആധിപത്യം സ്ഥാപിക്കുന്നത് തടയാനുള്ള ബദൽ മാർഗമായാണ് യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യൻ മോഡലുകളെ പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
മദർ ഓഫ് ഓൾ ഡീൽസ് നാളെ
യൂറോപ്യൻ യൂണിയനുമായി നാളെ ഒപ്പിടുമെന്ന് കരുതുന്ന വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്കും വലിയ നേട്ടമാകുമെന്നാണ് പ്രവചനം.
യൂറോപിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ അഞ്ച് വർഷത്തിനുള്ളിൽ 50 ബില്യൻ ഡോളറിന്റെ (ഏകദേശം 4.5 ലക്ഷം കോടി രൂപ) നേട്ടമുണ്ടാകുമെന്നാണ് എംകേ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോർട്ട് പറയുന്നത്. നിലവിൽ ഇന്ത്യൻ കയറ്റുമതിയുടെ 17.3 ശതമാനമാണ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ളത്.
ഇത് അഞ്ച് വർഷത്തിനുള്ളിൽ 22–23 ശതമാനം വരെയാകും. ഇലക്ട്രോണിക്സ്, മെഷിനറി, കെമിക്കൽസ് തുടങ്ങിയ മേഖലകള്‍ കൂടുതൽ നേട്ടമുണ്ടാക്കുമെന്നും റിപ്പോർട്ട് പറയുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

