ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച അനിശ്ചിതത്വം തുടരവേ, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ യൂറോപ്പ് ഒരുങ്ങുന്നു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ പ്രഖ്യാപനം വൈകാതെയുണ്ടാകും.
കരാർ സംബന്ധിച്ച തുടർ ചർച്ചകൾക്കായി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ ജനുവരി 8, 9 തീയതികളിൽ ബെൽജിയം തലസ്ഥാനവും യൂറോപ്യൻ യൂണിയൻ ആസ്ഥാനവുമായ ബ്രസൽസിലെത്തും.
പിന്നാലെ ജനുവരി 26ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രത്യേക അതിഥികളായി യൂറോപ്യൻ യൂണിയൻ നേതാക്കൾ ഡൽഹിയിലുമെത്തും.
തുടർന്ന് ഏറെ വൈകാതെ കരാർ പ്രഖ്യാപനവുമുണ്ടാകും. ട്രംപ് ഇന്ത്യയ്ക്കുമേൽ 25% പിഴച്ചുങ്കം ഉൾപ്പെടെ 50% ഇറക്കുമതി തീരുവ ചുമത്തിയ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയായിരുന്നു.
എങ്കിലും, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായി ഉഭയകക്ഷി, സ്വതന്ത്ര വ്യാപാരക്കരാറുകൾ ഒപ്പുവച്ച്, പുതിയ വിപണികളിലേക്ക് കടന്നുകയറി യുഎസ് ആഘാതം മറികടക്കാനുള്ള പരിശ്രമത്തിലാണ് ഇന്ത്യ.
ട്രംപിനെ കൈയോടെ തള്ളി
ഒമാനുമായി ഈയിടെ കരാർ ഒപ്പുവച്ചിരുന്നു. ന്യൂസിലൻഡുമായും ധാരണയിലെത്തി.
കാനഡ, ഇസ്രയാൽ, ചിലെ തുടങ്ങിയ രാജ്യങ്ങളുമായും വൈകാതെ കരാറിലെത്തും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ വൻ നേട്ടമാകുമെന്ന് ഇയു അംഗം കൂടിയായ ഫിൻലൻഡിന്റെ ഇന്ത്യയിലെ അംബാസഡർ കിമ്മോ ലഡെർവിർട്ട
അഭിപ്രായപ്പെട്ടു. ഇന്ത്യ-ഫിൻലൻഡ് ചർച്ചകളുടെ ഫലമായി ഫിൻലൻഡ് ഇന്ത്യയിൽ 4 ബില്യൻ യൂറോയുടെ നിക്ഷേപം നടത്തും (ഏകദേശം 50,000 കോടി രൂപ).
ഇന്ത്യ ഫിൻലൻഡിൽ 10,000 കോടി രൂപയുടെ നിക്ഷേപവുമൊഴുക്കും.
നേരത്തേ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യൂറോപ്യൻ യൂണിയനും ഇന്ത്യയ്ക്കുമേല് പിഴച്ചുങ്കം അടിച്ചേൽപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഫിൻലൻഡ് കൈയോടെ തള്ളിയിരുന്നു.
ആവശ്യം അംഗീകരിക്കാൻ യൂറോപ്യൻ യൂണിയനും തയാറായില്ല; പകരം ഇന്ത്യയുമായി സമഗ്രമായ ഡീലിന് ഒരുങ്ങുകയാണ് യൂറോപ്യൻ യൂണിയൻ ചെയ്തത്.
ഇന്ത്യയ്ക്കുമേൽ തീരുവ കൂട്ടാനല്ല, തീരുവ കുറയ്ക്കാനും അതുവഴി മെച്ചപ്പെട്ട വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വോൾട്ടനൻ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യ സൂപ്പർ പവർ
ഇന്ത്യയുമായി യൂറോപ്യൻ യൂണിയന്റെ വ്യാപാരക്കരാർ എത്രയും വേഗം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെനും പറഞ്ഞിരുന്നു.
ഇതിനു ഫിൻലൻഡും ഇന്ത്യയ്ക്കൊപ്പമാണെന്ന പ്രസ്താവനയുമായി എലീന രംഗത്തെത്തിയത്.
ഇന്ത്യ സൂപ്പർ പവർ ആണെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും പറഞ്ഞിരുന്നു. ഇന്ത്യ കാലങ്ങളായി യൂറോപ്പിന്റെയും അമേരിക്കയുടെയും സുഹൃത്താണ്.
വൻ സാമ്പത്തികശക്തിയായ വളരുന്ന ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കാനാണ് ശ്രമമെന്നും സ്റ്റബ് പറഞ്ഞിരുന്നു.
യുഎസ് ഓഹരിക്ക് റെക്കോർഡ്
ക്രിസ്മസ് ആഘോഷത്തിലേക്ക് റെക്കോർഡ് നേട്ടവുമായി ചുവടുവച്ച് യുഎസ് ഓഹരികൾ. പ്രതീക്ഷകളെ കവച്ചുവച്ച ജിഡിപി വളർച്ചനിരക്ക്, വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത, എഐ കമ്പനി ഓഹരികളുടെ തിരിച്ചുകയറ്റം എന്നിവയാണ് കരുത്തായത്.
എസ് ആൻഡ് പി500 സൂചിക 0.32% ഉയർന്ന് 6,932 എന്ന സർവകാല ഉയരത്തിലെത്തി. ഡൗ 0.60% കയറി.
നാസ്ഡാക്കിന്റെ നേട്ടം 0.22%.
∙ നൈക്കി ഓഹരിവില 4.6% ഉയർന്നു. കമ്പനിയുടെ ഓഹരികൾ താൻ വാങ്ങിയെന്ന ആപ്പിൾ സിഇഒ ടിം കുക്കിന്റെ വെളിപ്പെടുത്തലാണ് നേട്ടമായത്.
∙ ജാപ്പനീസ് നിക്കേയ് അടക്കമുള്ള ഏഷ്യൻ ഓഹരികൾ 0.29% വരെ ഉയർന്നു.
∙ യൂറോപ്യൻ വിപണികൾ സമ്മിശ്ര പ്രകടനവുമാണ് ക്രിസ്മസ് ദിനത്തിന് മുന്നോടിയായുള്ള സെഷനിൽ നടത്തിയത്.
ഓഹരി വിപണിക്ക് ഇന്ന് അവധി
ക്രിസ്മസ് പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണികൾക്കും ഇന്ന് അവധിയാണ്.
ഇന്നലെ സെൻസെക്സും നിഫ്റ്റിയും നഷ്ടമാണ് കുറിച്ചത്. സെൻസെക്സ് 116 പോയിന്റും നിഫ്റ്റി 35 പോയിന്റും താഴ്ന്നു.
വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്കാണ് പ്രധാന പ്രതിസന്ധി. 2026ൽ 15 പൊതു അവധികളാണ് ഇന്ത്യൻ ഓഹരി വിപണികൾക്കുള്ളത്.
ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടെ അതിനു തുടക്കമാകും.
സ്വർണവില താഴേക്ക്
ചരിത്രത്തിലാദ്യമായി ഔൺസിന് 4,500 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയ രാജ്യാന്തര സ്വർണവില, ലാഭമെടുപ്പിന് പിന്നാലെ താഴ്ന്നിറങ്ങി. നിലവിൽ വില 4,479 ഡോളറാണ്.
കേരളത്തിൽ ഇന്നു വില അൽപം കുറഞ്ഞേക്കാം. വെനസ്വേല-യുഎസ്, യുക്രെയ്ൻ-റഷ്യ സംഘർഷത്തിന് അയവില്ലാത്ത പശ്ചാത്തലത്തിൽ രാജ്യാന്തര എണ്ണവിലയും നഷ്ടത്തിലായി.
ഡബ്ല്യുടിഐ ക്രൂഡ് വില 58 ഡോളറിലും ബ്രെന്റ് വില 62 ഡോളറിലുമാണുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

