കേന്ദ്രം ഭരിക്കുന്ന ബിജെപി നയിക്കുന്ന ‘മഹായുതി’ മുന്നണി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം തൂത്തുവാരിയത് ആഘോഷമാക്കി ഇന്ത്യൻ ഓഹരി സൂചികകൾ. നിഫ്റ്റി ഒരുവേള 440 പോയിന്റോളം കുതിച്ച് 24,351 വരെയും സെൻസെക്സ് 1,350 പോയിന്റ് മുന്നേറി 80,473 പോയിന്റ് വരെയുമെത്തി. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം (combined market cap) അഥവാ നിക്ഷേപകരുടെ കൈവശമുള്ള മൊത്തം ഓഹരികളുടെ മൂല്യം ഇന്നൊരുവേള 8.67 ലക്ഷം കോടി രൂപ കുതിച്ച് 441.38 ലക്ഷം കോടി രൂപയിലുമെത്തി.
മഹാരാഷ്ട്രയിൽ ബിജെപി സംഖ്യം വിജയിച്ചത്, കേന്ദ്രസർക്കാരിനും വലിയ കരുത്തായിട്ടുണ്ടെന്നതിനാൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളുടെ മുന്നേറ്റമാണ് ഇന്ന് സൂചികകളെ ഉഷാറാക്കിയത്. പൊതുമേഖലാ ബാങ്ക്, എണ്ണക്കമ്പനികൾ, റെയിൽവേ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഓഹരികളിലെല്ലാം മികച്ച വാങ്ങൽ താൽപര്യം ദൃശ്യമാണ്. മഹായുതിയുടെ വിജയം അടിസ്ഥാനസൗകര്യം, നഗരവികസനം, മാനുഫാക്ചറിങ്, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് ഊർജമാകുമെന്ന വിലയിരുത്തലുകളാണ് ഈ നേട്ടത്തിന് മുഖ്യകാരണം. യുഎസ് ചുമത്തിയ കൈക്കൂലിക്കേസ് എൽപ്പിച്ച ആഘാതത്തിൽ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ കരകയറിയതും എംഎസ്സിഐ സ്റ്റാൻഡേർഡ് ഇൻഡക്സിലെ മാറ്റങ്ങളും വിപണിയെ തുണച്ചു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന്റെ വിജയം പരസ്പരം മധുരം കൈമാറി ആഘോഷിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും. PTI Photo/Kunal Patil)(PTI11_23_2024_000238A)
യുഎസ് ഡോളർ ഇൻഡെക്സ്, യുഎസ് ട്രഷറി ബോണ്ട് യീൽഡ് എന്നിവ ഇടിഞ്ഞതിന്റെ കരുത്തിൽ ഏഷ്യൻ ഓഹരികൾ നേട്ടത്തിലായതും ഇന്ത്യൻ ഓഹരികളെ സ്വാധീനിച്ചു. ജാപ്പനീസ് നിക്കേയ് 1.6%, ദക്ഷിണ കൊറിയയുടെ കൊസ്പി 1.5%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 0.7% എന്നിങ്ങനെ ഉയർന്നിരുന്നു.
കുതിച്ചവരും കിതച്ചവരും
ഓഹരി വിപണി ഇന്ന് ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുംമുമ്പ് എൽ ആൻഡ് ടിയാണ് 4.03% നേട്ടവുമായി സെൻസെക്സിലെ നേട്ടത്തിൽ മുന്നിൽ. എസ്ബിഐ 3.87%, അദാനി പോർട്സ് 3.12%, റിലയൻസ് ഇൻഡസ്ട്രീസ് 2.39% എന്നിങ്ങനെ കുതിച്ചതും സെൻസെക്സിന് കരുത്തായി. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവയാണ് 0.03-2.30% വരെ താഴ്ന്ന് നഷ്ടത്തിലുള്ളവ.
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)
നിഫ്റ്റി50ൽ ഭാരത് ഇലക്ട്രോണിക്സ് (ബെൽ) 5.38% ഉയർന്ന് നേട്ടത്തിൽ ഒന്നാമതായി. ഒഎൻജിസി 5.27%, ശ്രീറാം ഫിനാൻസ് 5.28%, എൽ ആൻഡ് ടി 4.07%, എസ്ബിഐ 4.02% എന്നിങ്ങനെയും ഉയർന്നു. 2.39% ഇടിഞ്ഞ് ജെഎസ്ഡബ്ല്യു സ്റ്റീലാണ് നഷ്ടത്തിൽ മുന്നിൽ. ഇൻഫോസിസ് 0.19%, എച്ച്സിഎൽ ടെക് 0.08% എന്നിങ്ങനെയും താഴ്ന്നു. നിഫ്റ്റി50ൽ നിലവിൽ നഷ്ടത്തിലുള്ളതും ഈ മൂന്ന് കമ്പനികളാണ്.
Also Read
ശ്രീലങ്കൻ പദ്ധതി: അദാനിയെ കൈവിടുന്നത് ഹിൻഡൻബർഗ് ആരോപണത്തിൽ ‘ക്ലീൻചിറ്റ്’ നൽകിയ യുഎസ് സർക്കാർ സ്ഥാപനം
അദാനിയുടെ കരകയറ്റം
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നൊരുവേള 7 ശതമാനത്തോളമാണ് മുന്നേറിയത്. യുഎസ് നികുതി വകുപ്പും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും ചുമത്തിയ കൈക്കൂലിക്കുറ്റം നിക്ഷേപകർ ഗൗരവമായി എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അദാനി ഓഹരികളുടെ കരകയറ്റം. വ്യാപാരത്തിന്റെ തുടക്കത്തിൽ എല്ലാ അദാനി ഓഹരികളും നേട്ടത്തിലായിരുന്നു. നിലവിൽ നേട്ടം നിജപ്പെട്ടിട്ടുണ്ട്. 4.32% കുതിച്ച് അദാനി എന്റർപ്രൈസസാണ് നേട്ടത്തിൽ മുന്നിൽ. എസിസി 2.83%, അദാനി പോർട്സ് 2.87% എന്നിങ്ങനെയും ഉയരത്തിലാണ്.
അദാനി എനർജി സൊല്യൂഷൻസ് 1.81%, എൻഡിടിവി 1.53% എന്നിങ്ങനെ നഷ്ടത്തിലാണുള്ളത്. മഹാരാഷ്ട്രയിൽ ബിജെപിക്ക് മുന്നണിക്ക് തുടർഭരണം ലഭിച്ചതോടെ, ധാരാവി ചേരിയുടെ നവീകരണം ഉൾപ്പെടെയുള്ള പദ്ധതികളുമായി അദാനി ഗ്രൂപ്പിന് മുന്നോട്ട് പോകാനാകുമെന്ന വിലയിരുത്തലുകളും ഓഹരികൾക്ക് ഊർജമേകി.
ഇന്നത്തെ ശ്രദ്ധാകേന്ദ്രങ്ങൾ
TS Kalyanaraman (Managing Director, Kalyan Jewellers). Image : Kalyan Jewellers Website.
ജെഎസ്ഡബ്ല്യു സ്റ്റീലിനെ പുറത്താക്കി സെൻസെക്സിൽ ഇടംപിടിക്കുന്ന സൊമാറ്റോയുടെ ഓഹരിവില ഇന്ന് 7 ശതമാനത്തോളം ഉയർന്നു. ഈസ്റ്റേൺ റെയിൽവേയിൽ നിന്ന് 837.67 കോടി രൂപയുടെ പുതിയ ഓർഡർ സ്വന്തമാക്കിയ റെയിൽ വികകാസ് നിഗത്തിന്റെ (ആർവിഎൻഎൽ) ഓഹരി 10% മുന്നേറി.
ആഗോളതലത്തിൽ നിക്ഷേപകരുടെ മികച്ച ശ്രദ്ധകിട്ടുന്ന സൂചികയായ എംഎസ്സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡെക്സിന്റെ പുനഃക്രമീകരണം വഴി നിരവധി ഇന്ത്യൻ ഓഹരികൾക്ക് നേട്ടമുണ്ടാകുന്നതും ഓഹരി വിപണിക്ക് ഇന്ന് കരുത്തായിട്ടുണ്ട്. പുനഃക്രമീകരണത്തിലൂടെ ഇൻഡെക്സിൽ വെയിറ്റേജ് കൂടുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി ഒന്നര ശതമാനത്തിലധികം ഉയർന്നു. ബിഎസ്ഇ, കല്യാൺ ജ്വല്ലേഴ്സ്, വോൾട്ടാസ്, ഒബ്റോയ് റിയൽറ്റി എന്നിവയാണ് പുതുതായി ഇൻഡെക്സിൽ ഇടംപിടിക്കുന്നത്. ഇവയുടെ ഓഹരികളും ഇന്ന് മികച്ച നേട്ടത്തിലാണ്. കല്യാൺ ജ്വല്ലേഴ്സ് ഓഹരികളിലേക്ക് മാത്രം 2,000 കോടി രൂപയുടെ അധിക നിക്ഷേപം എത്തുമെന്നാണ് കരുതുന്നത്.
കളറാക്കി കേരള ഓഹരികളും
കേന്ദ്ര പൊതുമേഖലാ ഓഹരികളിലുണ്ടായ കുതിപ്പ് ഇന്ന് കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരികളെയും 5% വരെ നേട്ടത്തിലേക്ക് ഉയർത്തി. യുഎസ് കമ്പനിയിൽ നിന്ന് പുതിയ ഓഫ്ഷോർ റിഗ്ഗുകൾക്കുള്ള കരാർ ലഭിച്ചതും കൊച്ചി കപ്പൽശാലയുടെ ഓഹരികളെ നേട്ടത്തിലാക്കി. 5% ഉയർന്ന് ബിപിഎല്ലും തിളങ്ങി. സഫ സിസ്റ്റംസ് 4.95%, പാറ്റ്സ്പിൻ 4.25%, സൗത്ത് ഇന്ത്യൻ ബാങ്ക് 2.45%, കിറ്റെക്സ് 2.04%, ധനലക്ഷ്മി ബാങ്ക് 1.73%, ഫാക്ട് 1.45%, കല്യാൺ ജ്വല്ലേഴ്സ് 1.3%, ഫെഡറൽ ബാങ്ക് 1.14% എന്നിങ്ങനെയും നേട്ടത്തിലായി. 3.66% താഴ്ന്ന് ഇൻഡിട്രേഡാണ് നഷ്ടത്തിൽ മുന്നിൽ.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]