അദാനി ഗ്രൂപ്പ് ഓഹരികളിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി നടത്തിയ 3.9 ബില്യൻ ഡോളറിന്റെ (ഏകദേശം 33,000 കോടി രൂപ) നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച ‘രക്ഷാപദ്ധതി’യെന്ന് ആരോപിച്ച് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. യുഎസ് ഏജൻസികൾ കൈക്കൂലിക്കേസ് ആരോപിക്കുകയും യുഎസ്, യൂറോപ്യൻ ബാങ്കുകൾ അദാനിയുടെ വായ്പാ അപേക്ഷ നിരസിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു എൽഐസി മുഖേന കേന്ദ്രസർക്കാരിന്റെ ഈ നിക്ഷേപസഹായമെന്നും വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിലുണ്ട്.
എൽഐസിയുടെ ഫണ്ട് ദുരുപയോഗമാണ് നടന്നതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മേയിൽ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സ് 15 വർഷക്കാലാവധിയുള്ള 5,000 കോടി രൂപയുടെ കടപ്പത്രങ്ങൾ (എൻസിഡി) പുറത്തിറക്കിയപ്പോൾ വാങ്ങിയത് എൽഐസി മാത്രമായിരുന്നു. 7.75% നേട്ടം (റിട്ടേൺ) ഉറപ്പുനൽകുന്ന കടപ്പത്രങ്ങളായിരുന്നു അത്.
അദാനിക്ക് ഡോളറിൽ തീർക്കേണ്ട കടബാധ്യതകൾക്കായി പണം ആവശ്യമായിരുന്ന സമയത്തായിരുന്നു എൽഐസി നിക്ഷേപമെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
എൽഐസി, കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (ഡിഎഫ്എസ്) തുടങ്ങിയവയിൽ നിന്നുള്ള രേഖകൾ ആധാരമാക്കിയാണ് റിപ്പോർട്ടെന്ന് വാഷിങ്ടൺ പോസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.
അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി എന്നിവയുടെ കടപ്പത്രങ്ങളിലെ എൽഐസി നിക്ഷേപത്തിന് കേന്ദ്രസർക്കാരിന്റെ 10-വർഷ കടപ്പത്രങ്ങളേക്കാൾ ഉയർന്ന നേട്ടമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ധനമന്ത്രാലയം പറഞ്ഞിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
എൽഐസിയുടെ ഫണ്ടുകൾ അംബുജ സിമന്റ്സ്, അദാനി ഗ്രീൻ എനർജി തുടങ്ങിയ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയർത്താൻ ഉപയോഗിക്കണമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തിരുന്നു. ഇതിനായി എൽഐസി തയാറാക്കിയ നിക്ഷേപപദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയെന്നും റിപ്പോർട്ട് ആരോപിച്ചു.
റിപ്പോർട്ട് അവാസ്തവവും സത്യവിരുദ്ധവുമെന്ന് എൽഐസി
വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് എൽഐസി എക്സിലൂടെ പ്രതികരിച്ചു.
അദാനി ഗ്രൂപ്പിൽ നിക്ഷേപിക്കാൻ റിപ്പോർട്ടിൽ പറയുന്നതുപോലെ ഒരു നിക്ഷേപ പദ്ധതിയും തയാറാക്കിയിട്ടില്ല. നിക്ഷേപ തീരുമാനങ്ങൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതിയോടെ എൽഐസി സ്വതന്ത്രമായാണ് എടുക്കുന്നത്.
അത് നിയമപ്രകാരവുമാണ്. കേന്ദ്രസർക്കാരോ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസോ അതിൽ ഇടപെടാറില്ല.
എൽഐസിയെയും ഇന്ത്യയുടെ ശക്തമായ ധനകാര്യ മേഖലയെയും താറടിക്കാനുദ്ദേശിച്ചുള്ളതാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടെന്നും എൽഐസി പ്രതികരിച്ചു.
നിഷേധിച്ച് അദാനിയും
വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് നിഷേധിച്ച് അദാനി ഗ്രൂപ്പും രംഗത്തെത്തി. എൽഐസിയുടെ തീരുമാനങ്ങളിൽ അദാനി ഗ്രൂപ്പ് ഇടപെട്ടിട്ടില്ല.
എൽഐസി പല കോർപറേറ്റ് സ്ഥാപനങ്ങളിലും നിക്ഷേപിക്കുന്ന സ്ഥാപനമാണ്. അദാനിക്ക് എന്തെങ്കിലും മുൻഗണന എൽഐസി നൽകിയെന്ന തരത്തിലെ റിപ്പോർട്ട് അവാസ്തവവുമാണ്.
അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപം വഴി എൽഐസിക്ക് നേട്ടം (റിട്ടേൺ) ലഭിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
അന്വേഷിക്കണമെന്ന് കോൺഗ്രസ്
അദാനിക്കുവേണ്ടി എൽഐസിയെ കേന്ദ്രം ദുരുപയോഗം ചെയ്തെന്നും ഗുരുതരമായ വിഷയമാണിതെന്നും ആരോപിച്ച കോൺഗ്രസ്, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ‘മോദാനി’ സംയുക്ത സംരംഭം എൽഐസിയെ തന്ത്രപരമായി അദാനിക്കുവേണ്ടി ഉപയോഗിച്ചതിന്റെ തെളിവാണിതെന്നും 30 കോടി പോളിസി ഉടമകളുടെ സമ്പാദ്യമാണ് ദുരുപയോഗം ചെയ്തതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
സാമ്പത്തിക ഞെരുക്കം നേരിടുകയായിരുന്ന അദാനി ഗ്രൂപ്പിൽ നിക്ഷേപിക്കാനുള്ള പദ്ധതി ആരുടെ നിർദേശപ്രകാരമാണ് ധനമന്ത്രാലയത്തിലെയും നിതി ആയോഗിലെയും ഉദ്യോഗസ്ഥർ തയാറാക്കിയതെന്നും ജയറാം രമേശ് ചോദിച്ചു.
പല കമ്പനികളെയും ഇഡി, സിബിഐ, ഇൻകം ടാക്സ് എന്നിവയുടെ കുരുക്കിലാക്കി അദാനിക്ക് വിൽക്കാനുള്ള നീക്കങ്ങളും കേന്ദ്രം നടത്തുന്നുണ്ടെന്നും ആരോപിച്ച ജയറാം രമേശ്, ‘മോദാനി മെഗാതട്ടിപ്പ്’ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പിൽ എൽഐസി നടത്തുന്ന നിക്ഷേപത്തെ വിമർശിച്ച് നേരത്തേ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. ‘‘പണവും പോളിസിയും പ്രീമിയവും നിങ്ങളുടേത്, നേട്ടം അദാനിക്ക്’’ എന്ന് അദ്ദേഹം പരിഹസിച്ചിരുന്നു.
അദാനിയിലെ എൽഐസി നിക്ഷേപം
സെപ്റ്റംബർപാദ കണക്കുപ്രകാരം നിരവധി അദാനി ഗ്രൂപ്പ് ഓഹരികളിൽ എൽഐസിക്ക് നിക്ഷേപമുണ്ട്.
എസിസിയിലെ ഓഹരി പങ്കാളിത്തം 9.11 ശതമാനത്തിൽ നിന്ന് 9.95 ശതമാനത്തിലേക്ക് ഉയർന്നു. അദാനി എനർജി സൊല്യൂഷ്യൻസിൽ 3.42 ശതമാനമാണ് ഓഹരി പങ്കാളിത്തം.
അദാനി എന്റർപ്രൈസസിൽ 4.16%, അദാനി ഗ്രീൻ എനർജിയിൽ 1.30% എന്നിങ്ങനെയുമുണ്ട്. അദാനി പോർട്സിലെ പങ്കാളിത്തം 8.14ൽ നിന്ന് 7.73 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

