റഷ്യൻ എണ്ണ ഇറക്കുമതി വിഷയത്തിൽ മൗനം തുടർന്ന് കേന്ദ്രസർക്കാർ. യൂറോപ്യൻ യൂണിയനും ബ്രിട്ടനും പിന്നാലെ യുഎസും റഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി തുലാസിലായിട്ടുണ്ട്.
കേന്ദ്രത്തിന്റെ നിർദേശമനുസരിച്ചായിരിക്കും തുടർതീരുമാനമെന്ന് ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികളും റിലയൻസ് ഇൻഡസ്ട്രീസും മറ്റും വ്യക്തമാക്കിയിട്ടും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, എണ്ണക്കമ്പനികൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളതെന്നാണ് സൂചനകൾ.
യൂറോപ്യൻ യൂണിയന്റെയും മറ്റും നിയന്ത്രണങ്ങളെ മാനിക്കുമെന്ന് വ്യക്തമാക്കിയ റിലയൻസ് ഇൻഡസ്ട്രീസ്, കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങളുണ്ടായാൽ അനുസരിക്കുമെന്നും അറിയിച്ചു.
റിഫൈനറി പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുന്നത് ഉറപ്പാക്കാനായി, മറ്റ് സ്രോതസ്സുകളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.
ഇതിനിടെ, റഷ്യൻ എണ്ണക്കമ്പനികളെ യുഎസ് ഉപരോധ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ഇറാഖ്, സൗദി അറേബ്യ, യുഎസ് തുടങ്ങിയവയുടെ എണ്ണ റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. സൗദി അറേബ്യയിൽ നിന്ന് ഖാഫ്ജി, ഇറാഖിന്റെ ബസ്റ മീഡിയം, ഖത്തറിന്റെ അൽ-ഷാഹീൻ, യുഎസിന്റെ ഡബ്ല്യുടിഐ തുടങ്ങിയ ക്രൂഡ് ഇനങ്ങളാണ് റിലയൻസ് വാങ്ങിയതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഇക്കാര്യം റിലയൻസ് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഏറ്റവും മുന്നിൽ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ആയിരുന്നു. റഷ്യയുടെ വമ്പൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്കാണ് കഴിഞ്ഞദിവസം ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചത്.
ഇതോടെ ഇവയിൽ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികൾ, എണ്ണക്കപ്പലുകൾ, ഇടപാട് നടത്തുന്ന വ്യക്തികൾ എന്നിവർക്കും ഉപരോധം ബാധകമാകും. ഇതൊഴിവാക്കാനാണ് റിലയൻസും മറ്റും ബദൽ സ്രോതസ്സുകളെ ആശ്രയിക്കുന്നത്.
റോസ്നെഫ്റ്റുമായി പ്രതിദിനം 5 ലക്ഷം ബാരൽ വീതം ക്രൂഡ് ഓയിൽ വാങ്ങാമെന്ന് റിലയൻസിന് കരാർ ഉണ്ടായിരുന്നു.
ഉപരോധ പശ്ചാത്തലത്തിൽ ഇനി കരാറുമായി മുന്നോട്ടുപോവുകയും പ്രയാസമാണ്. ഈമാസം ഇതുവരെ 10 ദശലക്ഷം ബാരൽ റഷ്യൻ ഇതര ക്രൂഡ് ഓയിൽ പൊതുവിപണിയിൽ (സ്പോട്ട് മാർക്കറ്റ്) റിലയൻസ് വാങ്ങിയിട്ടുണ്ട്.
ഇതിൽ ഭൂരിഭാഗവും ഗൾഫ് മേഖലയിൽ നിന്നാണ്. മറ്റ് ഇന്ത്യൻ കമ്പനികളാകട്ടെ ഗൾഫിന് പുറമേ യുഎസ്, ബ്രസീൽ എന്നിവയുടെ എണ്ണ വാങ്ങാനുള്ള ശ്രമമാണ് നടത്തുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

