തീന്മേശയിൽ അമേരിക്കക്കാർക്ക് ഒഴിച്ചുകൂട്ടണമെന്ന് ചിന്തിക്കാൻപോലും പറ്റാത്ത മീനിനും മുട്ടയ്ക്കും ഇറച്ചിക്കും പോലും ‘പൊന്നും വില’. ബീഫിന് 15% വിലക്കുതിപ്പ്.
വാഴപ്പഴത്തിന് 7%. കറന്റ് ബില്ലും കൂടി 5%.
ഇങ്ങനെ അമേരിക്കൻ ഉപഭോക്താക്കളെ നോവിച്ച് നിത്യോപയോഗ സാധനങ്ങൾക്കും സേവനങ്ങൾക്കും കഴിഞ്ഞമാസവും വില കത്തിക്കയറിയിട്ടും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘അനുഗ്രഹിച്ച്’ പണപ്പെരുപ്പം.
സെപ്റ്റംബറിൽ യുഎസിന്റെ റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ജനങ്ങൾ നേരിടുന്ന പണച്ചെലവ് ഓഗസ്റ്റിലെ 2.9 ശതമാനത്തിൽ നിന്ന് 3 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. ഭക്ഷ്യവസ്തുക്കളും ഊർജ ഉൽപന്നങ്ങളും ഒഴിച്ചിനിർത്തിയുള്ള മുഖ്യ പണപ്പെരുപ്പവും (കോർ ഇൻഫ്ലേഷൻ) 3 ശതമാനമായി കൂടി.
കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിയന്ത്രണപരിധിയായ 2 ശതമാനത്തെ അപേക്ഷിച്ച് ഏറെക്കൂടുതലാണ് ഇരു പണപ്പെരുപ്പക്കണക്കുകളും.
എന്നിട്ടും പക്ഷേ…
എന്നിട്ടും പക്ഷേ, അടുത്തയാഴ്ച ചേരുന്ന പണനയ നിർണയ യോഗത്തിൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള സാധ്യത ശക്തമായി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഈ നീക്കമാകട്ടെ വലിയ നേട്ടവുമാണ്.
പണപ്പെരുപ്പം കൂടിയിട്ടും പലിശ കുറയ്ക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത് എന്തുകൊണ്ട്..?
∙ പണപ്പെരുപ്പം കൂടിയാൽ നിയന്ത്രിക്കാനായി സാധാരണ അടിസ്ഥാന പലിശനിരക്ക് കൂട്ടുകയോ നിലനിർത്തുകയോ ആണ് കേന്ദ്രബാങ്കുകൾ ചെയ്യാറുള്ളത്. അമേരിക്കയിൽ പക്ഷേ, കടകവിരുദ്ധമായി പലിശനിരക്ക് കുറയ്ക്കാനുള്ള സാഹചര്യമാണ് സജ്ജമാകുന്നത്.
കാരണം നോക്കാം:
1) പണപ്പെരുപ്പം മാസാടിസ്ഥാനത്തിലും വാർഷികാടിസ്ഥാനത്തിലും കൂടിയെങ്കിലും നിരീക്ഷകർ പ്രതീക്ഷിച്ചതിനേക്കാൾ കുറയുകയാണുണ്ടായത്.
2) മാസാടിസ്ഥാനത്തിൽ പണപ്പെരുപ്പം 4 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 3.1 ശതമാനവും ആയിരിക്കുമെന്നാണ് ഡൗ ജോൺസ് വിലയിരുത്തിയിരുന്നത്.
3) എന്നാൽ, മാസാടിസ്ഥാനത്തിൽ പണപ്പെരുപ്പം കൂടിയത് 0.3% മാത്രം; വാർഷികാടിസ്ഥാനത്തിൽ 3 ശതമാനവും. ഓഗസ്റ്റിൽ മാസാടിസ്ഥാന വളർച്ച 0.1 ശതമാനമായിരുന്നു.
അമേരിക്കയിലേക്ക് എത്തുന്ന ഏതാണ്ടെല്ലാ വിദേശ ഉൽപന്നങ്ങൾക്കും ട്രംപ് തീരുവ കൂട്ടിയതാണ് പണപ്പെരുപ്പം കൂടാനുള്ള മുഖ്യ കാരണം.
അമേരിക്കൻ ഉപഭോക്താക്കൾ വാങ്ങുന്ന മിക്ക ഉൽപന്ന/സേവനങ്ങൾക്കും വില കൂടി. എന്നാൽ, തീരുവ ഫലത്തിൽ അമേരിക്കയ്ക്ക് ഗുണം ചെയ്യുമെന്നും നിക്ഷേപവും തൊഴിലവസരങ്ങളും വർധിക്കുമെന്നും സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നുമാണ് ട്രംപിന്റെ വാദം.
പലിശനിരക്ക് കുറയുന്നത്, താരിഫ് വർധനമൂലമുള്ള വിലക്കയറ്റ ആഘാതത്തിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാൻ സഹായിക്കുമെന്നും ട്രംപ് കരുതുന്നു.
കഴിഞ്ഞമാസം പെട്രോൾ വില 4.1% കൂടിയതും വലിയ തിരിച്ചടിയായത്. ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങളുടെ വില 0.7 ശതമാനവും വർധിച്ചു.
യുഎസിൽ കുറഞ്ഞുതുടങ്ങിയ പണപ്പെരുപ്പം വീണ്ടും കത്തിക്കയറാൻ ട്രംപിന്റെ തീരുവനയങ്ങൾ ഇടയാക്കുമെന്ന വിലയിരുത്തലുകൾ വീണ്ടും ശക്തമായിട്ടുണ്ട്.
ഈ മാസത്തിന്റെ തുടക്കത്തിലായിരുന്നു പണപ്പെരുപ്പക്കണക്കുകൾ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിടേണ്ടിയിരുന്നത്. എന്നാൽ, പ്രവർത്തനച്ചെലവിന് പണമില്ലാതെ ട്രംപിന്റെ ഗവൺമെന്റ് ഷട്ട്ഡൗണിലേക്ക് വീണതോടെ പല ഓഫിസുകളും അടഞ്ഞുകിടപ്പാണ്.
ഇതാണ് കണക്കുകൾ പുറത്തുവിടാൻ വൈകിയതും.
ആഘോഷമാക്കി ഓഹരികൾ
പണപ്പെരുപ്പം കൂടിയിട്ടും അമേരിക്കൻ ഓഹരികൾ നടത്തിയത് റെക്കോർഡ് പുതുക്കിയുള്ള മുന്നേറ്റം. പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷകളാണ് കാരണം.
ഡൗ ജോൺസ് 472.51 പോയിന്റ് (+1.01%) കുതിച്ചുയർന്ന് 47,207.12ൽ എത്തി. സൂചിക 47,000ന് മുകളിൽ ക്ലോസ് ചെയ്തത് ചരിത്രത്തിലാദ്യം.
എസ് ആൻഡ് പി500 സൂചിക 0.79% ഉയർന്ന് 6,791.69ലും നാസ്ഡാക് 1.15% മുന്നേറി 23,204.87ലുമെത്തി. രണ്ടും റെക്കോർഡാണ്.
പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷകൾ ബാങ്കുകളുടെ ഓഹരികളിൽ സൃഷ്ടിച്ച മികച്ച വാങ്ങൽ ട്രെൻഡും നേട്ടമായി.
പലിശനിരക്ക് കുറയുന്നത് അമേരിക്കയിൽ സാമ്പത്തികപ്രവർത്തനങ്ങൾ കൂടുതൽ സജീവമാകാൻ സഹായിക്കുമെന്ന വിലയിരുത്തലുകളാണ് കാരണം. ജെപി മോർഗൻ, സിറ്റി ഗ്രൂപ്പ്, ഗോൾഡ്മാൻ സാക്സ്, ബാങ്ക് ഓഫ് അമേരിക്ക എന്നിവയുടെ ഓഹരികൾ 2% ഉയർന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

