
കൊച്ചി ∙ ഇൻഫോപാർക്കിനു പുതിയ ക്യാംപസ് വികസനത്തിനു സ്ഥലം കണ്ടെത്തുന്നതിനായി നോഡൽ ഏജൻസിയായ വിശാല കൊച്ചി വികസന അതോറിറ്റിയും (ജിസിഡിഎ) ഇൻഫോപാർക്കും ഉടൻ ധാരണാപത്രം ഒപ്പുവച്ചേക്കും. കാക്കനാടിന്റെ ചുറ്റുവട്ടത്തു സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഇൻഫോപാർക്കിനു പുതിയ മേഖലകളിലേക്കു ‘ലോഗ് ഇൻ’ ചെയ്യാനുള്ള വഴിയാണു തെളിയുന്നത്. കിഴക്കമ്പലം, കുന്നത്തുനാട് പ്രദേശങ്ങളിലായി സംസ്ഥാന സർക്കാർ കണ്ടെത്തുന്ന 300 ഏക്കറിൽ 100 ഏക്കറാകും ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിനായി കൈമാറുക എന്നാണു സൂചന. ഇൻഫോപാർക്ക് രണ്ടാം ഘട്ട ക്യാംപസുമായുള്ള സാമീപ്യം പരിഗണിച്ചാണു കിഴക്കമ്പലത്തിനു മുൻഗണന. സ്ഥല വിനിയോഗം സംബന്ധിച്ചു കൂടുതൽ വ്യക്തത വന്നിട്ടില്ല.
300 ഏക്കർ കണ്ടെത്തുന്നതിനായി ലാൻഡ് പൂളിങ് നടത്താൻ ജിസിഡിഎയെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. വൻ തുക നൽകി സ്ഥലം ഏറ്റെടുക്കുന്നതിനു പകരമാണു ലാൻഡ് പൂളിങ്. വൈകാതെ സ്ഥലമുടമകളുമായി ആശയവിനിമയം നടത്തുകയും വിജ്ഞാപനത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യുമെന്നാണു വിവരം. ഇൻഫോപാർക്ക് ഒന്നും രണ്ടും ഘട്ട വികസനം ഏറെക്കുറെ പൂർത്തിയായി. കൊരട്ടി, തൃശൂർ സാറ്റലൈറ്റ് ക്യാംപസുകളുടെ വികസനവും പുരോഗമിക്കുന്നു. 120 കമ്പനികളെങ്കിലും സ്പേസ് അഭ്യർഥിച്ചിട്ടുണ്ടെന്നാണു സൂചന. 582 കമ്പനികളിലായി 70,000 ത്തിലേറെ ജീവനക്കാരാണ് ഇൻഫോപാർക്കിലുള്ളത്. മൂന്നാം ഘട്ടം കൂടി സജ്ജമാകുന്നതോടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ. 12,000 കോടി രൂപയുടെ നിക്ഷേപവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]