ന്യൂഡൽഹി ∙ വായ്പയെടുത്തവർക്ക് സ്വത്ത് തിരിച്ചെടുക്കാനുള്ള അവസരം പരിമിതപ്പെടുത്തുന്ന 2016ലെ സർഫാസി നിയമഭേദഗതി, അതു നിലവിൽ വരുന്നതിനു മുൻപെടുത്ത വായ്പകൾക്കും ബാധകമാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2016 സെപ്റ്റംബർ ഒന്നിനു മുൻപെടുത്തതും അതിനു ശേഷം കുടിശികയായതുമായ കേസുകൾക്കും ഭേദഗതി ബാധകമാണെന്ന് ജസ്റ്റിസ് ജെ.ബി.
പർദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
2016ന് ശേഷം നിഷ്ക്രിയ ആസ്തിയായ വായ്പ സംബന്ധിച്ച കേസിലാണ് വിധി. വായ്പയെടുത്ത ആൾക്ക് ലേല നോട്ടിസ് പ്രസിദ്ധീകരിച്ചതിനു ശേഷം ഈടുവച്ച സ്വത്ത് തിരിച്ചെടുക്കുന്നതിനുള്ള അവകാശം ഇല്ലാതാക്കുന്നതായിരുന്നു 2016ലെ ഭേദഗതി.
അതുവരെ, മറ്റൊരാൾക്ക് ബാങ്ക് സ്വത്ത് കൈമാറുന്നതിനു തൊട്ടുമുൻപു വരെ കുടിശികയടച്ചു തിരിച്ചുപിടിക്കാനുള്ള അവകാശം വായ്പയെടുത്തയാൾക്കുണ്ടായിരുന്നു. 2016 ജനുവരിയിൽ വായ്പയെടുത്തതിനാൽ ഭേദഗതി ബാധകമല്ലെന്ന ഹർജിക്കാരുടെ വാദമാണ് സുപ്രീം കോടതി തള്ളിയത്.
കേസിലെ വായ്പാ അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ചത് 2019 ഡിസംബറിലും ലേല നോട്ടിസ് നൽകിയത് 2021 ജനുവരിയിലുമായതിനാൽ പുതിയ വ്യവസ്ഥയാണ് ബാധകമെന്നു കോടതി വ്യക്തമാക്കി.
സർഫാസി നിയമത്തിലെ 13(8) വകുപ്പിലെയും 2002 ലെ ചട്ടങ്ങളിലെ ചില വകുപ്പുകളിലെയും അവ്യക്തതകൾ ഒട്ടേറെ വ്യവഹാരങ്ങൾക്ക് കാരണമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ധനമന്ത്രാലയത്തോടു നിർദേശിച്ചു. ലേലം സംബന്ധിച്ച പത്രപ്പരസ്യം കൊണ്ടുമാത്രം വായ്പയെടുത്തയാൾക്ക് സ്വത്ത് തിരിച്ചുപിടിക്കാനുള്ള അവകാശം നഷ്ടപ്പെടില്ല.
പത്രപ്പരസ്യത്തിനു പുറമേ സ്വത്തിൽ നോട്ടിസ് പതിക്കുകയും നോട്ടിസ് അപ്ലോഡ് ചെയ്യുകയും വേണം.
ഈ നടപടിക്രമങ്ങൾക്കു ശേഷം 30 ദിവസം കൂടി ധനകാര്യസ്ഥാപനം കാത്തിരിക്കണം. അതിനു ശേഷമേ ലേലനടപടികളിലേക്കു പോകാവൂ എന്നും കോടതി വ്യക്തമാക്കി.
സർഫാസി നിയമം
ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ഭൂമിയോ മറ്റുതരം വസ്തുക്കളോ പണയം നൽകി വായ്പയെടുത്ത ശേഷം തിരിച്ചടവു മുടങ്ങിയാൽ, പണയവസ്തുക്കൾ കൈവശമെടുത്ത്, വിറ്റ്, വായ്പത്തുക ഈടാക്കാൻ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണ് 2002 ലെ സർഫാസി നിയമം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]