തിരുവനന്തപുരം ∙ കടമെടുപ്പിൽ കേരളം വലിയ അപകടകരമായ അവസ്ഥയിലല്ലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നടത്തിയ വിശകലനരേഖ. 2022–23 വരെ 10 വർഷത്തെ സംസ്ഥാനങ്ങളുടെ കണക്കുകൾ പരിശോധിച്ചു തയാറാക്കിയ റിപ്പോർട്ടിലാണു കണ്ടെത്തൽ.
സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 25 ശതമാനത്തിൽ താഴെയാകണം ആകെ കടമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ധന ഉത്തരവാദിത്ത നിയമപ്രകാരം ഇത് 20 ശതമാനത്തിൽ താഴെയായിരിക്കണം.
28 സംസ്ഥാനങ്ങളുടെ കണക്കുകൾ പരിശോധിച്ചപ്പോൾ ഉയർന്ന ജിഎസ്ഡിപി–കടം അനുപാതത്തിൽ കേരളം 15–ാമതാണ്.
10.22 ലക്ഷം കോടിയായിരുന്നു 2023ൽ സംസ്ഥാനത്തിന്റെ ജിഎസ്ഡിപി. ഇതിന്റെ 24.71 ശതമാനമായ 2.52 ലക്ഷം കോടിയായിരുന്നു കേരളത്തിന്റെ കടം.
ഉയർന്ന ജിഎസ്ടിഡിപി–കടം അനുപാതത്തിൽ പഞ്ചാബാണ് മുന്നിൽ: 40.35%. നാഗാലാൻഡ് (37.15%), ബംഗാൾ (33.70%), ഹിമാചൽ (33.06%), ബിഹാർ (32.58%) എന്നിവയാണു തൊട്ടുപിന്നിൽ.
മേഘാലയ, മണിപ്പുർ, അരുണാചൽ, രാജസ്ഥാൻ, ആന്ധ്ര, ഹരിയാന, ഗോവ, തമിഴ്നാട്, യുപി എന്നിവയും കേരളത്തിനു മുന്നിലുണ്ട്. 8.45% മാത്രം കടമെടുത്ത ഒഡീഷയാണ് ഏറ്റവും ശുഭകരമായ അവസ്ഥയിൽ.
28 സംസ്ഥാനങ്ങളുടെയും പൊതുകടം 10 വർഷത്തിനുള്ളിൽ മൂന്നിരട്ടിയായി വർധിച്ചു.
റവന്യു കമ്മി നികത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്ന ഗ്രാന്റിൽ 16% ബംഗാളിനും 15% കേരളത്തിനും 12% ആന്ധ്രയ്ക്കും ലഭിച്ചു. 2022–23ൽ സംസ്ഥാനങ്ങൾക്കു വിതരണം ചെയ്ത 86,201 കോടി ഗ്രാന്റിൽ 13,174 കോടിയാണു കേരളത്തിനു ലഭിച്ചത്.
സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 80 ശതമാനത്തിലേറെ സ്വന്തമായി കണ്ടെത്തുന്ന ഹരിയാനയാണ് സാമ്പത്തികമായി മെച്ചപ്പെട്ട
നിലയിലുള്ള സംസ്ഥാനം. 16 സംസ്ഥാനങ്ങൾ മിച്ച വരുമാനമെന്ന മികച്ച നേട്ടം കൈവരിച്ചു.
യുപി, ഗുജറാത്ത്, ഒഡീഷ, ജാർഖണ്ഡ്, കർണാടക, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയാണ് ഇൗ പട്ടികയിൽ മുന്നിൽ. മിച്ച വരുമാനമുള്ള 16 സംസ്ഥാനങ്ങളിൽ 10 എണ്ണം ബിജെപി ഭരിക്കുന്നവയാണ്.
മറുവശത്ത് വരുമാനക്കമ്മി നേരിടുന്ന 12 സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം.
ആന്ധ്ര, തമിഴ്നാട്, രാജസ്ഥാൻ, ബംഗാൾ, പഞ്ചാബ്, ഹരിയാന, അസം, ബിഹാർ, ഹിമാചൽ എന്നിവ കഴിഞ്ഞാണു കേരളത്തിന്റെ സ്ഥാനം (-9,226 കോടി). പക്ഷേ, വരുമാനക്കമ്മി അതിജീവിച്ചു മുന്നേറുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണു കേരളമെന്ന് റിപ്പോർട്ടിലുണ്ട്.
വികസന പദ്ധതികൾ നടപ്പാക്കാമെന്ന പേരിലാണ് സംസ്ഥാനങ്ങൾ കടമമെടുക്കുന്നത്.
എന്നാൽ, 11 സംസ്ഥാനങ്ങൾ ആകെ കടമെടുത്ത തുകയെക്കാൾ കുറവാണ് പദ്ധതികൾക്കു ചെലവിട്ടത്. ഇൗ പട്ടികയിൽ ബംഗാൾ, ആന്ധ്ര, അസം, ബിഹാർ, ഹരിയാന, ഹിമാചൽ, മിസോറം, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവുമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]