ഒരു എസിക്കെത്രയാ ഇപ്പോൾ വില, ടിവിയുടെ വിലയിൽ എത്ര കുറവുണ്ട്. ചെറിയ കാറിന്റെ വിലയ്ക്ക് ഇപ്പോൾ വലിയ കാർ വാങ്ങാനാകില്ലേ? എന്നിങ്ങനെ കേരളത്തിലെ ഹോം അപ്ലയൻസസ്, കാർ ഷോറൂമുകളിലേയ്ക്ക് ഇപ്പോൾ അന്വേഷണങ്ങളുടെയും ബുക്കിങ്ങിന്റെയും തിരക്കാണ്.
ഓണവിൽപ്പന തകൃതിയായി പുരോഗമിച്ചു കൊണ്ടിരുന്നപ്പോഴാണ് കേന്ദ്രസർക്കാർ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നു എന്ന വിവരം ഓഗസ്റ്റിൽ പുറത്തു വന്നത്.
അതോടെ കാറും വീട്ടുപകരണങ്ങളുമൊക്കെ വാങ്ങാനിരുന്നവർ തീരുമാനം തൽക്കാലത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. അത്തരക്കാരുൾപ്പടെ വിപണിയിലേയ്ക്ക് കൂടുതൽ പേർ ഉൽപ്പന്നം വാങ്ങാനെത്തുവെന്നും മുൻമാസങ്ങളെ അപേക്ഷിച്ച് 50 ശതമാനം വിൽപ്പന ഉയർന്നിട്ടുണ്ടെന്നും പോപ്പുലർ ഹ്യൂണ്ടായിയുടെ വിൽപ്പന – വിപണന വിഭാഗം വൈസ് പ്രസിഡന്റ് ബിജു വി.
പറയുന്നു. വാഹനങ്ങളുടെ ബുക്കിങ്ങും വാഹന വായ്പാ പ്രോസസിങുമെല്ലാം ഇപ്പോൾ തകൃതിയായി നടക്കുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ജിഎസ്ടിയിലെ കുറവു മാത്രമല്ല, അതതനുസരിച്ച് ഇൻഷുറൻസിലും റോഡ് ടാക്സിലും കുറവ് വന്നത് കാർ വാങ്ങാനിരിക്കുന്നവർക്ക് വമ്പൻ ഇളവാണ് നൽകുക.
വമ്പൻ വിലക്കുറവ്
വിലയിൽ ഒറ്റയടിക്ക് ഇത്രയും കുറവ് ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബറിലെ ആകെ വിൽപ്പന ഇനിയുള്ള അഞ്ച് ദിവസങ്ങൾക്കുള്ളിൽ ചെയ്ത് തീർക്കാനുള്ള തിരക്കാണിപ്പോൾ എല്ലാ കാർ ഡീലർമാർക്കും ഉള്ളത്.
നേരത്തെ 11 ലക്ഷം രൂപ വിലയുണ്ടായിരുന്ന കാറിന് ഇപ്പോൾ ഉല്സവകാല ഓഫറുകൾ ഉൾപ്പടെ 10 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ചെറിയ കാറുകൾക്ക് ഒരു ലക്ഷം രൂപയോളം ഇളവു ലഭിക്കുമ്പോൾ വമ്പൻ കാറുകൾക്ക് 3 ലക്ഷം രൂപ വരെ ഇളവ് ലഭ്യമാണ്.
അപ്പോൾ പിന്നെ അടുത്ത നിരയിലുള്ള മുന്തിയ കാർ വാങ്ങാമെന്ന് കരുതുന്നവരും ഉണ്ട്. വരുന്ന അവധി ദിവസങ്ങൾക്ക് മുമ്പ് കാർ വാങ്ങി യാത്ര പോകാനാണ് എല്ലാവരും പ്ലാൻ ചെയ്യുന്നതെന്ന് ബിജു കൂട്ടി ചേർത്തു.
വരും ദിവസങ്ങളിലെ വർധിച്ച ആവശ്യകത കണക്കിലെടുത്ത് മിക്ക മോഡലുകളും 45 ദിവസത്തേയ്ക്കുള്ള സ്റ്റോക്കും ഡീലർമാർ സൂക്ഷിച്ചിട്ടുണ്ട്.
എന്നാൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ജിഎസ്ടി ഇളവ് ബാധകമാണെങ്കിലും സാധാരണ അവയ്ക്ക് പരമാവധി വിൽപ്പന വിലയെക്കാളും കുറവ് നൽകുന്ന പതിവുള്ളതിനാൽ ഉപഭോക്താക്കൾക്ക് ജിഎസ്ടിയുടെ വിലക്കുറവ് അത്രയ്ക്കങ്ങ് പ്രകടമാകില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കാരണം 50,000 രൂപ പരമാവധി വിൽപ്പന വിലയാണ് കവറിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും അത് 35,000 രൂപയ്ക്ക് വില്ക്കുന്ന രീതിയാണിവിടെ സാധാരണയുള്ളത്.
എന്നിരുന്നാലും ഒന്നര മാസത്തോളം വിൽപ്പന വീട്ടിവച്ചതിനാൽ പുതുക്കിയ ജിഎസ്ടി നിരക്കു കൂടി കണക്കിലെടുത്ത് അവ വാങ്ങാനെത്തുവരുടെ എണ്ണം കൂടുന്നുണ്ട്. എസിയ്ക്ക് 20 ശതമാനവും ടിവിയ്ക്ക് 35 ശതമാനവും വിൽപ്പന വർധനവുണ്ടായിട്ടുള്ളതായാണ് കണക്കുകൾ കാണിക്കുന്നത്.
ഇവയ്ക്കെല്ലാം കേരളത്തിൽ അന്വേഷണങ്ങളേറെയാണെന്നാണ് സ്ഥിതിഗതികൾ വ്യക്തമാക്കുന്നു. വിജയദശമി, ദീപാവലി, ക്രിസ്മസ്, ന്യൂ ഇയർ എന്നിങ്ങനെ തുടരുന്ന ആഘോഷങ്ങളുടെ പിൻബലത്തിൽ വിൽപ്പനയിൽ 60 ശതമാനമെങ്കിലും മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ 500 രൂപയിൽ താഴെ വിലയുള്ള ഉൽപ്പന്നങ്ങളുടെ കുറവ് 10 –30 രൂപ മാത്രമാണെന്നതിനാൽ കേരളത്തിലെ രീതിയനുസരിച്ച് ആ കുറവ് കാര്യമായ സ്വാധീനം ഉപഭോക്താക്കളിലുണ്ടാക്കില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ കേരള ഘടകം ചെയർമാൻ വി കെസി റസാഖ് പറഞ്ഞു. എന്നാൽ കേരളത്തിലെ വ്യാപാര മേഖലയെ ക്രമേണ ഏകീകരിക്കാനിത് സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]