തിരുവനന്തപുരം ∙ വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 2016 മാർച്ച് 31 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായി. വ്യക്തിഗത അപേക്ഷകൾ സംസ്ഥാന കർഷക കടാശ്വാസ കമ്മിഷനിൽ ഡിസംബർ 31 വരെ സ്വീകരിക്കും. കമ്മിഷനിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം.
റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്നതിനു വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അസ്സൽ, കർഷകനാണെന്നു തെളിയിക്കുന്ന കൃഷി ഓഫിസറുടെ സാക്ഷ്യപത്രം (അസ്സൽ) അല്ലെങ്കിൽ കർഷക തൊഴിലാളി ആണെന്നു തെളിയിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് / ഐഡി പകർപ്പ്, വസ്തുവിന്റെ കരം തീർത്ത രസീതിന്റെ പകർപ്പ് അല്ലെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ്, വായ്പ നിലനിൽക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് (ഒന്നിലധികം വായ്പ എടുത്തിട്ടുണ്ടെങ്കിൽ ബാങ്കുകളുടെ വിശദാംശം സഹിതം രേഖപ്പെടുത്തണം) എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം.
കമ്മിഷനിലൂടെ കാർഷിക കടാശ്വാസം മുൻപു ലഭിച്ചവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല. നിലവിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ മാത്രമാണ് സർക്കാരിന്റെ കടാശ്വാസ പദ്ധതിയുമായി സഹകരിക്കുന്നത്. അതിനാൽ മറ്റു ബാങ്കുകളിലെ വായ്പ കുടിശികയിൽ അപേക്ഷ സ്വീകരിക്കില്ല. ഫോൺ : 0471 2743782, 2743783.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]