
നീണ്ട കാത്തിരിപ്പിനൊടുവിൽ അമേരിക്ക വീണ്ടും പലിശയിളവിന്റെ ട്രാക്കിലേക്ക് മാറുന്നെന്ന സൂചന ആഗോള ഓഹരികൾക്ക് ആവേശമാകുന്നു.
അതേസമയം, ട്രംപിന്റെ മധ്യസ്ഥ ശ്രമങ്ങളെല്ലാം ചീറ്റിയെന്ന സൂചനയുമായി റഷ്യയും യുക്രെയ്നും വീണ്ടും പോര് കടുപ്പിച്ചത് കനത്ത ആശങ്കയുമാകുന്നു. യുദ്ധം വീണ്ടും കലുഷിതമായതോടെ രാജ്യാന്തര എണ്ണവില കൂടിത്തുടങ്ങി.
ഇത് സ്വർണവില കൂടാനും ഇടവച്ചേക്കും.
മോസ്കോയിലെ ആണവ കേന്ദ്രങ്ങൾ ഉന്നമിട്ട് യുക്രെയ്ന്റെ ഡ്രോൺ ആക്രമണവും യുക്രെയ്നിലെ അമേരിക്കൻ ഫാക്ടറിക്ക് നേരെ റഷ്യയുടെ മിസൈൽ ആക്രമണവുമാണ് സ്ഥിതി വഷളാക്കിയത്. കൊണ്ടും തിരിച്ചടിച്ചും റഷ്യ-യുക്രെയ്ൻ സംഘർഷം ശമനമില്ലാതെ നീങ്ങുന്നു.
സമാധാന നീക്കങ്ങൾ പാളുന്ന കാഴ്ച. പുട്ടിൻ-സെലെൻസ്കി ചർച്ച ഇല്ലെന്ന് ഇതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലവ്റോവ് വ്യക്തമാക്കുകയും ചെയ്തതോടെ വെടിനിർത്തൽ ഉടനുണ്ടാവില്ലെന്ന സൂചനയും ശക്തമായി.
ഓഹരികൾക്ക് ആവേശക്കുതിപ്പ്
അടുത്തമാസം ചേരുന്ന പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചന യുഎസ് കേന്ദ്രബാങ്കിന്റെ ചെയർമാൻ ജെറോം പവൽ നൽകിയതോടെ ആവേശക്കുതിപ്പിലായി ആഗോള തലത്തിൽ ഓഹരി വിപണികൾ.
അതേസമയം, ഇന്ത്യൻ ഓഹരികളെ ഈയാഴ്ച കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളുമാണ്.
പലിശനിരക്ക് കുറയാനുള്ള സാധ്യത തെളിഞ്ഞതോടെ യുഎസിൽ വെള്ളിയാഴ്ച ഡൗ ജോൺസ് ഓഹരി സൂചിക 850 പോയിന്റോളം കുതിച്ചിരുന്നു. എസ് ആൻഡ് പി 500 സൂചിക 1.52%, നാസ്ഡാക് 1.88% എന്നിങ്ങനെയും മുന്നേറി.
ഫ്യൂച്ചേഴ്സ് വിപണികൾ പക്ഷേ, സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഡൗ 5 പോയിന്റ് മാത്രം കയറി.
നാസ്ഡാക് 0.06 ശതമാനവും എസ് ആൻഡ് 500 ഫ്യൂച്ചേഴ്സ് 0.03 ശതമാനവും താഴ്ന്നു. ഏഷ്യൻ, യൂറോപ്യൻ വിപണികൾ കുതിപ്പിലാണ്.
ജാപ്പനീസ് നിക്കേയ് 0.73%, ചൈനയിൽ ഷാങ്ഹായ് 1.11%, ഹോങ്കോങ് 1.99%, യൂറോപ്പിൽ എഫ്ടിഎസ്ഇ 0.13% എന്നിങ്ങനെ നേട്ടമുണ്ടാക്കി.
അതേസമയം, വിദേശ സൂചനകൾ പോസിറ്റീവായതിന്റെ കരുത്തിൽ ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ ഒരുഘട്ടത്തിൽ 100 പോയിന്റിനടുത്ത് ഉയർന്നു. സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ തുടങ്ങുമെന്ന സൂചന ഇതു നൽകുന്നു.
കഴിഞ്ഞയാഴ്ച നിഫ്റ്റി 239 പോയിന്റും സെൻസെക്സ് 709 പോയിന്റും നേട്ടം സ്വന്തമാക്കിയിരുന്നു. മോദി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണ നീക്കമാണ് കരുത്തായത്.
വാരാന്ത്യത്തിൽ പക്ഷേ, ലാഭമെടുപ്പ് സമ്മർദവും അലയടിച്ചു. ഇന്ത്യൻ ഓഹരി നിക്ഷേപർക്ക് ഈയാഴ്ച ടെൻഷൻ നിറഞ്ഞതാകാനുള്ള ഘടകങ്ങൾ ഒട്ടേറെ.
അവ നോക്കാം:
1) യുഎസ് ജിഡിപി: അമേരിക്കയുടെ ജൂൺപാദ ജിഡിപി കണക്ക് ഓഗസ്റ്റ് 28ന് പുറത്തുവരും. മാർച്ചുപാദത്തിൽ വളർച്ചനിരക്ക് നെഗറ്റീവ് 0.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.
ജൂൺപാദത്തിൽ 3% വളരുമെന്നാണ് പ്രതീക്ഷകൾ. കണക്കുകൾ നിരാശപ്പെടുത്തിയാൽ അത് ആഗോളതലത്തിൽതന്നെ ഓഹരികവിപണികളെ നഷ്ടത്തിലേക്ക് വീഴ്ത്തും.
അമേരിക്കയുടെ പണപ്പെരുപ്പക്കണക്കും അന്നുതന്നെ അറിയാമെന്നത് ആശങ്ക കൂട്ടുന്നു.
2) ഇന്ത്യൻ ജിഡിപി: ഇന്ത്യയുടെ ജിഡിപിക്കണക്കും കേന്ദ്രത്തിന്റെ ധനക്കമ്മി സംബന്ധിച്ച കണക്കും ഓഗസ്റ്റ് 29ന് പുറത്തുവരും. റിസർവ് ബാങ്ക് 6.5% വളർച്ചയാണ് വിലയിരുത്തിയതെങ്കിലും മറ്റ് നിരവധി ഏജൻസികൾ വളർച്ചനിരക്ക് കുറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നത് ആശങ്കയാണ്.
ഇക്കഴിഞ്ഞ മാർച്ചുപാദത്തിൽ 7.4 ശതമാനമായിരുന്നു വളർച്ചനിരക്ക്.
3) ട്രംപിന്റെ പിഴത്തീരുവ: റഷ്യൻ എണ്ണ വാങ്ങുന്നുവെന്ന പേരിൽ ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25% പിഴത്തീരുവ ഉൾപ്പെടെ മൊത്തം 50% തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വരും. കയറ്റുമതി അധിഷ്ഠിത കമ്പനികൾക്ക് ഇത് കനത്ത തിരിച്ചടിയാണ്.
അവയുടെ ഓഹരികളിൽ വൻ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
4) വിദേശധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഈ വർഷം ഇതിനകം 1.7 ലക്ഷം കോടി രൂപയിൽപരം നിക്ഷേപം ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിച്ചു. അവർ ഇതേ മനോഭാവമാണ് തുടരുന്നതെങ്കിൽ ഇന്ത്യൻ ഓഹരികൾക്ക് അത് കൂടുതൽ തിരിച്ചടിയാകും.
ശ്രദ്ധയിൽ ഈ ഓഹരികൾ
ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപന നടപടികൾ ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രവും എൽഐസിയും.
നിശ്ചിത ഓഹരി വിൽപന പൂർത്തിയാകുമ്പോഴേക്കും എൽഐസിയുടെ ബാങ്കിന്റെ ‘പൊതു ഓഹരി ഉടമ’ എന്ന നിലയിൽ പരിഗണിക്കാമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.
∙ എൻഎസ്ഇ സൂചിക പുനഃക്രമീകരിക്കാനൊരുങ്ങുകയാണ്. മാക്സ് ഹെൽത്ത്കെയർ, ഇൻഡിഗോ എന്നിവ പുതുതായി ഇടംപിടിക്കും.
ഹീറോ മോട്ടോകോർപ്പും ഇൻഡസ്ഇൻഡ് ബാങ്കും പുറത്താക്കും.
∙ വായ്പാത്തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ സിബിഐ പിടിമുറുക്കി. എസ്ബിഐക്ക് പിന്നാലെ ബാങ്ക് ഓഫ് ഇന്ത്യയും അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി എത്തി.
ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുമുണ്ട്. അനിൽ നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ ഓഹരികൾ ഇന്ന് വൻ സമ്മർദത്തിലായേക്കും.
എണ്ണയും സ്വർണവും
ഡോളർ വീണ്ടും കരുത്താർജ്ജിച്ചതോടെ സ്വർണവില താഴേക്കിറങ്ങി.
യുഎസ് ഡോളർ ഇൻഡക്സ് 0.21% ഉയർന്ന് 97.93ൽ എത്തി. സ്വർണവില ഔൺസിന് 10 ഡോളർ താഴ്ന്ന് 3,364 ഡോളറായി.
കേരളത്തിൽ ഇന്ന് വിലസ്ഥിരതയോ നേരിയ ഇടിവോ പ്രതീക്ഷിക്കാം. റഷ്യ-യുക്രെയ്ൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില കയറ്റം തുടങ്ങി.
ഡബ്ല്യുടിഐ വില 0.13% ഉയർന്ന് 63.74 ഡോളറും ബ്രെന്റ് വില 0.10% വർധിച്ച് 67.80 ഡോളറുമായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]