
അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിനു കീഴിലെ കമ്പനികളായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ ഓഹരികൾ ഇന്നും നേരിട്ടത് കനത്ത തകർച്ച. ഇന്നലെ 5% വീതം ഇടിഞ്ഞ് ‘ലോവർ-സർക്യൂട്ടിലേക്ക്’ പതിച്ച ഓഹരികൾ ഇന്നും അതാവർത്തിച്ചു.
ഇതോടെ രണ്ടുദിവസത്തെ മൊത്തം ഇടിവ് 10% വീതം.
ഇന്ന് 5% ഇടിഞ്ഞ് 56.72 രൂപയിലാണ് റിലയൻസ് പവർ ഓഹരികൾ ബിഎസ്ഇയിൽ വ്യാപാരം ചെയ്തത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 5% താഴ്ന്ന് 342.05 രൂപയിലും.
ഇക്കഴിഞ്ഞ ജൂൺ 27ന് റിലയൻസ് ഇൻഫ്രായുടെ ഓഹരിവില 52-ആഴ്ചത്തെ ഉയരമായ 425 രൂപയിൽ എത്തിയിരുന്നു. റിലയൻസ് പവറിന്റെ ഓഹരികൾ ജൂൺ 11ന് 52-ആഴ്ചത്തെ ഉയരമായ 76.49 രൂപയും തൊട്ടിരുന്നു.
വിശദീകരണത്തിൽ തൃപ്തരാകാതെ നിക്ഷേപകർ
3,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ 35 കേന്ദ്രങ്ങളിലായി അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്.
ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി, ബാങ്ക് ഓഫ് ബറോഡ, നാഷനൽ ഹൗസിങ് ബാങ്ക്, നാഷനൽ ഫിനാൻസ് റിപ്പോർട്ടിങ് അതോറിറ്റി എന്നിവ കൈമാറിയ വിവരങ്ങളും സിബിഐ റജിസ്റ്റർ ചെയ്ത രണ്ടു കേസുകളും പരിഗണിച്ചായിരുന്നു റെയ്ഡ്.
യെസ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി 3,000 കോടി രൂപയുടെ വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്നതാണ് പ്രധാന ആരോപണം. 3,000 കോടി രൂപ കടലാസ് കമ്പനികളിലേക്ക് (ഷെൽ കമ്പനികൾ) മാറ്റിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പണംതിരിമറി തടയൽ (പിഎംഎൽഎ) നിയമപ്രകാരമാണ് റെയ്ഡ്.
എന്നാൽ, ആരോപണത്തിലുൾപ്പെട്ടെ റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം), റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ) എന്നിവ ഇപ്പോൾ റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും അതിനാൽ റെയ്ഡും മറ്റും റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും കമ്പനികൾ വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും ഓഹരികൾ ഇന്നും ഇടിഞ്ഞു.
∙ 10 വർഷം മുമ്പത്തെ വായ്പ സംബന്ധിച്ചാണ് ആരോപണം.
വായ്പ പൂർണമായി തിരിച്ചടച്ചു.
∙ റിലയൻസ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ 6 വർഷമായി പാപ്പരത്ത (ഇൻസോൾവൻസി) നടപടി നേരിടുകയാണ്.
∙ റിലയൻസ് ഹോം ഫിനാൻസുമായി ബന്ധപ്പെട്ട പണംതിരിമറി ആരോപണത്തെ തുടർന്ന് അനിൽ അംബാനിയെയും മറ്റ് 24 പേരെയും സെബി വിലക്കിയിരുന്നു.
∙ ഇവർക്ക് കമ്പനികളുടെ മാനേജ്മെന്റ് ചുമതലകൾ വഹിക്കാനും ഓഹരി വിപണിയിൽ ഇടപെടാനുമാണ് 5 വർഷത്തെ വിലക്ക്.
∙ അനിൽ അംബാനി നിലവിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ ഡയറക്ടർ ബോർഡിൽ ഇല്ലെന്ന് കമ്പനികൾ പറഞ്ഞു.
∙ ഇ.ഡിയുടെ നടപടികൾ ബിസിനസ് പ്രവർത്തനം, സാമ്പത്തികകാര്യം, ഓഹരി ഉടമകൾ, ജീവനക്കാർ തുടങ്ങിയവരെ അതിനാൽ ബാധിക്കില്ലെന്നും കമ്പനികൾ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.
∙ അനിൽ അംബാനിയെയും ആർകോമിന്റെ വായ്പാ അക്കൗണ്ടുകളെയും എസ്ബിഐ ‘തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തിയതിലും കമ്പനികൾ വിശദീകരണം നൽകിയിട്ടുണ്ട്.
അനിൽ അംബാനിയുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് എസ്ബിഐയുടെ നടപടിയെന്നാണ് കമ്പനികളുടെ വാദം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer:
ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/SK Chakraborty എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]