
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ചരിത്രപരമായ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചിരിക്കുകയാണ് ഇന്ത്യയും ബ്രിട്ടനും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവയ്ക്കുന്ന വ്യാപാരക്കരാറിനും താരിഫ് നിലപാടുകൾക്കും വിഭിന്നമായി, ഇന്ത്യയ്ക്കും ബ്രിട്ടനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ വ്യാപാരക്കരാർ എന്നതു സവിശേഷതയാണ്.
മറിച്ച്, ട്രംപ് ശ്രമിക്കുന്നത് യുഎസിന് മാത്രം നേട്ടം കിട്ടുന്ന കരാറിനായാണ്.
ഉദാഹരണത്തിന്, ഈ മാസമാദ്യം വിയറ്റ്നാമുമായുള്ള വ്യാപാരക്കരാർ ട്രംപ് പ്രഖ്യാപിച്ചിരുന്നു. വിയറ്റ്നാമിൽ നിന്ന് യുഎസിലെത്തുന്ന ഉൽപന്നങ്ങൾക്ക് 20% തീരുവ ചുമത്തും.
തിരിച്ച്, യുഎസിൽ നിന്ന് വിയറ്റ്നാമിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് തീരുവ ഇല്ല. ഫലത്തിൽ, നേട്ടം യുഎസിന്.
എന്നാൽ, ഇന്ത്യയ്ക്കും ബ്രിട്ടനും ഒരുപോലെ ഗുണപ്രദമാണ് ഇന്നലെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാർ.
ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90% ഉൽപന്നങ്ങൾക്കും ഇന്ത്യ തീരുവ കുറയ്ക്കും. 85% ഉൽപന്നങ്ങളുടെയും തീരുവ 10 വർഷത്തിനകം പൂജ്യമാക്കും.
ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലെത്തുന്ന 99% ഉൽപന്നങ്ങൾക്കും ഇനി തീരുവയില്ല. അതായത്, ഇരു രാജ്യങ്ങളിലെയും കയറ്റുമതിമേഖലയ്ക്ക് ഒരുപോലെ നേട്ടം.
എത്ര കുറയും സ്കോച്ച് വിസ്കിക്ക്?
സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഭാഗമായി ബ്രിട്ടനിൽ നിന്നുള്ള മദ്യത്തിന് ഈടാക്കുന്ന ഇറക്കുമതി തീരുവ ഇന്ത്യ നിലവിലെ 150ൽ നിന്ന് 75 ശതമാനത്തിലേക്കും 10 വർഷത്തിനകം 40 ശതമാനത്തിലേക്കും കുറയ്ക്കും.
∙ ഇതുപ്രകാരം ബ്രിട്ടീഷ് മദ്യത്തിന് 300 രൂപവരെ ബോട്ടിലിന് കുറയും.
∙ ജോണി വാക്കർ ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ പ്രീമിയം സ്കോച്ച് വിസ്കി ബ്രാൻഡുകൾക്ക് 200-300 രൂപ കുറയും.
∙ അളവു കണക്കിലെടുത്താൽ ലോകത്തെ ഏറ്റവും വലിയ സ്കോച്ച് വിസ്കി വിപണിയാണ് ഇന്ത്യ.
∙ നിലവിൽ 750 എംഎൽ ജോണി വാക്കർ ബ്ലാക്ക് ലേബൽ ബോട്ടിലിന് വില ഏകദേശം 3,100 രൂപയാണ്.
ഷിവാസ് റീഗലിന് 2,500 രൂപ. ബാലന്റൈൻ, മങ്കി ഷോൾഡർ, മക്കല്ലൻ തുടങ്ങിയവയ്ക്ക് വില 3,800 മുതൽ 9,500 രൂപയ്ക്ക് മുകളിൽ വരെ.
ആഡംബര കാറുകൾക്കും വില താഴേക്ക്
ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 110% ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്.
ഇതു 10 ശതമാനമായി കുറയ്ക്കാനാണ് സ്വതന്ത്ര വ്യാപാരക്കരാറിലെ തീരുമാനം. എന്നാൽ, നിശ്ചിത എണ്ണം (ക്വാട്ട) കാറുകളുടെ ഇറക്കുമതിക്ക് മാത്രമാണ് ഈ ഇളവ് ബാധകം.
ഈ പരിധി കഴിഞ്ഞുള്ള ഇറക്കുമതിക്ക് 110% നികുതി ഈടാക്കുന്നത് തുടരും.
∙ പൂർണമായും വിദേശത്തു നിർമിച്ച് (സിബിയു/ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്സ്) ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്കാണ് നികുതിയിളവ്.
∙ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെഎൽആറിന്റെ മോഡലുകളായ റേഞ്ച് റോവർ എസ്വി, വേളാർ, റേഞ്ച് റോവർ സ്പോർട്, ഇവോക്ക് തുടങ്ങിയവയ്ക്ക് വില മികച്ചതോതിൽ കുറയും.
∙ ബ്രിട്ടനിൽ നിന്നുള്ള ചോക്ലേറ്റുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ബിസ്കറ്റ്, മട്ടൻ, മത്സ്യം, ശീതളപാനീയം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കും വില കുറയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]