
ന്യൂഡൽഹി∙ ഇന്ത്യയിലും ബ്രിട്ടനിലും നടന്ന പൊതുതിരഞ്ഞെടുപ്പുകളും ബ്രിട്ടനിലെ ഭരണമാറ്റവുമടക്കം ഇന്ത്യ– യുകെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ കാലതാമസമുണ്ടാക്കിയിരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ 3 ബ്രിട്ടിഷ് പ്രധാനമന്ത്രിമാരാണ് ചർച്ചകൾ നയിച്ചത്.
ഇന്ത്യ–ബ്രിട്ടൻ വ്യാപാരക്കരാർ 2022 ഒക്ടോബറിൽ ഒപ്പുവയ്ക്കാനാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ധാരണയായത്.
എന്നാൽ വൈകി. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം 2022 ഡിസംബറിൽ ചർച്ച പുനരാരംഭിച്ചു.
എങ്കിലും തടസ്സങ്ങൾ നേരിട്ടു.
ഋഷി സുനക് സ്ഥാനമൊഴിഞ്ഞ ശേഷം കരാറിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി. കിയേർ സ്റ്റാമെർ കഴിഞ്ഞ വർഷം ചുമതലയേറ്റ ശേഷമാണ് ചർച്ച വീണ്ടും ട്രാക്കിലായത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയാണ് ചർച്ച വേഗത്തിലാക്കാൻ കാരണം. അതേസമയം, വ്യാപാര കരാർ വഴി ബ്രിട്ടന്റെ ‘കാർബൺ നികുതി’യിൽ നിന്ന് ഇളവ് നേടിയെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
ഇന്ത്യയ്ക്കുള്ള നേട്ടവും സാധ്യതകളും ടെക്സ്റ്റൈൽസ്
∙ ഇന്ത്യയ്ക്ക് 12% തീരുവ ബാധകമായിരുന്നപ്പോൾ, ബ്രിട്ടനുമായി വ്യാപാര ഉടമ്പടിയുള്ളതിനാൽ ബംഗ്ലദേശ്, പാക്കിസ്ഥാൻ, കംബോഡിയ എന്നിവ തുണിത്തരങ്ങൾ ബ്രിട്ടനിലേക്ക് കയറ്റിയയച്ചിരുന്നത് തീരുവയില്ലാതെ.
ഇന്ത്യയും കരാറിന്റെ ഭാഗമായതോടെ ഈ അസമത്വം ഒഴിവായി. ∙ ബ്രിട്ടൻ മൊത്തം ഇറക്കുമതി ചെയ്യുന്ന 2.69 ലക്ഷം കോടി ഡോളർ ടെക്സ്റ്റൈൽസിൽ നിലവിൽ ഇന്ത്യയുടെ വിഹിതം 179 കോടി ഡോളർ മാത്രം.
തീരുവ ഒഴിവായതുവഴി വൻ സാധ്യത മുന്നിൽ.
ഫുട്വെയർ ആൻഡ് ലെതർ
∙ 2 വർഷത്തിനുള്ളിൽ ബ്രിട്ടനിലെ 5% വിപണി കൂടി ഇന്ത്യയ്ക്ക് സ്വന്തമാകും. തീരുവ കുറയുന്നതിലൂടെ ബ്രിട്ടിഷ് വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ വില കുറയുമെന്നതിനാൽ വിയറ്റ്നാം, ഇന്തൊനീഷ്യ, കംബോഡിയ, തുർക്കി, ബംഗ്ലദേശ് എന്നിവയേക്കാൾ ഇന്ത്യയ്ക്ക് മേൽക്കൈ.
∙ ബ്രിട്ടനിലേക്ക് ഫുട്വെയർ കയറ്റിയയ്ക്കുന്നതിൽ ടോപ് 3 ആകാൻ ഇന്ത്യ. കാർഷിക ഉൽപന്നങ്ങൾ
∙ ബ്രിട്ടൻ ആകെ വാങ്ങുന്ന 3.75 ലക്ഷം കോടി ഡോളറിന്റെ കാർഷിക ഉൽപന്നങ്ങളിൽ നിലവിൽ ഇന്ത്യയുടെ വിഹിതം 81 കോടി മാത്രം.
തീരുവ പൂജ്യമായതോടെ 3 വർഷത്തിനുള്ളിൽ 20% വർധന പ്രതീക്ഷിക്കുന്നു. ∙ ഇന്ത്യയിൽ നിന്നുള്ള പ്രോസസ്ഡ് ഫുഡ്, ബേക്കറി ഇനങ്ങൾ, പ്രിസേർവഡ് പച്ചക്കറി, പഴങ്ങൾ, നട്സ് എന്നിവയിലും മേൽക്കൈ.
∙ ചക്കപ്പഴം, മഞ്ഞൾ, കുരുമുളക്, ഏലയ്ക്ക, മാംഗോ പൾപ്പ്, അച്ചാർ, പയറുവർഗങ്ങൾ എന്നിവയ്ക്കു തീരുവയില്ലാതെ ബ്രിട്ടിഷ് വിപണിയിൽ വിൽക്കാം. പ്ലാന്റേഷൻ വിളകൾ
∙ തീരുവ ഒഴിവായതോടെ തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, റബർ എന്നിവയുടെ കയറ്റുമതി കൂടും.
സമുദ്രോൽപന്നങ്ങൾ
∙ 2022–23ൽ മാത്രം 809 കോടി ഡോളറിന്റെ സമുദ്രോൽപന്നങ്ങളാണ് ഇന്ത്യ ബ്രിട്ടനിലേക്ക് കയറ്റിയയച്ചത്.
ബ്രിട്ടനിലെ മൊത്തം മറൈൻ ഉൽപന്ന വിപണിയിൽ നിലവിൽ ഇന്ത്യൻ വിഹിതം 2.25% മാത്രം. തീരുവ ഒഴിവാക്കിയതോടെ ചെമ്മീൻ, കണവ, ട്യൂണ തുടങ്ങിയവയുടെ വിപണിയേറും.
ഇന്ത്യൻ ചെമ്മീന് ബ്രിട്ടൻ ഈടാക്കിയിരുന്നത് ഇതുവരെ 4.2%-8.5% തീരുവ. കേരളമടക്കമുള്ള തീരദേശങ്ങൾക്ക് മെച്ചം.
എൻജിനീയറിങ് ഗുഡ്സ്, ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ
∙ 18% വരെയായിരുന്ന തീരുവ ഒഴിവായതോടെ 5 വർഷത്തിനുള്ളിൽ ഈ മേഖലയിലെ ഇന്ത്യൻ കയറ്റുമതി ഇരട്ടിയായി 750 കോടി ഡോളർ വരെയാകും.
സ്മാർട്ഫോണുകൾ, ഒപ്റ്റിക്കൽ ഫൈബർ, ഇൻവെർട്ടർ തുടങ്ങിയവ തീരുവയില്ലാതെ കയറ്റിയയ്ക്കാം. ഫാർമസ്യൂട്ടിക്കൽസ്
∙ യൂറോപ്പിൽ ഇന്ത്യൻ ജനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് ബ്രിട്ടൻ. ഇസിജി മെഷീൻ, എക്സ്–റേ സിസ്റ്റം എന്നിവയുടെ തീരുവയും ഒഴിവാക്കി.
മെഡിക്കൽ ഉപകരണ വിപണിയിലും ഇന്ത്യയ്ക്കു വലിയ സാധ്യത. ജ്വല്ലറി
∙ തീരുവ ഇളവുള്ളതിനാൽ ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജ്വല്ലറി കയറ്റുമതി 3 വർഷത്തിനുള്ളിൽ ഇരട്ടിയാകും.
കാറിന്റെ നികുതിയിൽ ആകാംക്ഷ
കൊച്ചി ∙ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ആഡംബരക്കാറുകളുടെ നികുതി സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനുണ്ട്.
ആഡംബരക്കാറുകളായ ലാൻഡ് റോവർ, ജാഗ്വർ, റോൾസ് റോയ്സ്, ബെന്റ്ലി, ആസ്റ്റൻ മാർട്ടിൻ എന്നിവയുടെ ഇറക്കുമതി നികുതി എത്ര ശതമാനമാകുമെന്ന ആകാംക്ഷ നിലവിലുണ്ട്. ഇപ്പോൾ 75 മുതൽ 125 ശതമാനം വരെയാണ് നികുതി.
150 ശതമാനമുള്ള വിസ്കിയുടെ നികുതി പകുതിയാകും. 10 വർഷത്തിനുള്ളിൽ 40 ശതമാനമായി കുറയും.
ഇന്ത്യ–ബ്രിട്ടൻ വ്യാപാരം ഒറ്റനോട്ടത്തിൽ
ഇന്ത്യയുമായുള്ള മൊത്തം വ്യാപാരം കണക്കിലെടുക്കുമ്പോൾ 16–ാം സ്ഥാനത്താണ് നിലവിൽ ബ്രിട്ടൻ.
ഇറക്കുമതിയിൽ 20–ാം സ്ഥാനവും കയറ്റുമതിയിൽ ആറാം സ്ഥാനവുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ ആറാമതാണ് ബ്രിട്ടൻ.
2023-24 (ബ്രാക്കറ്റിൽ വിഹിതം)
∙ ബ്രിട്ടനിൽ നിന്നുള്ള ഇറക്കുമതി: 841.3 കോടി ഡോളർ (1.24%)
∙ ബ്രിട്ടനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി: 1,292 കോടി ഡോളർ (2.95%) ആകെ: 2,133.6 കോടി ഡോളർ
ഇന്ത്യയുമായുള്ള വ്യാപാരം: ടോപ് 3 രാജ്യങ്ങൾ
∙ കയറ്റുമതി: യുഎസ്, യുഎഇ, നെതർലാൻഡ്സ്
∙ ഇറക്കുമതി: ചൈന, യുഎഇ, യുഎസ്
വ്യാപാര കരാർ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ചരിത്രത്തിൽ നാഴികക്കല്ലാകും.സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ രാജ്യാന്തര വിപണിയിൽ വലിയ ഡിമാൻഡുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി വിപുലമാകാൻ ഇതു സഹായിക്കും
– സംഗീത വിശ്വനാഥൻ, സ്പൈസസ് ബോർഡ് ചെയർപഴ്സൻ ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]