
യുഎസുമായുള്ള വ്യാപാര ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് കടുപ്പിച്ച് ഇന്ത്യ. കയറ്റുമതി രംഗത്തെ എതിരാളികളേക്കാൾ കുറഞ്ഞ ഇറക്കുമതി തീരുവ മാത്രമേ അംഗീകരിക്കൂ എന്ന് ചർച്ചകളിൽ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യം കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും സ്ഥിരീകരിച്ചു.
ഇന്ത്യയുടെ കാർഷിക, ക്ഷീരോൽപന്ന വിപണി തുറന്നുകിട്ടണമെന്ന യുഎസിന്റെ ആവശ്യവും ഇന്ത്യ അംഗീകരിച്ചിട്ടില്ല. യുകെയുമായി ഇന്നലെ ചരിത്രംകുറിച്ച് സ്വതന്ത്ര വ്യാപാരക്കരാറിൽ ഏർപ്പെടാനായത് യുഎസുമായുള്ള ചർച്ചയിൽ കൂടുതൽ ആവേശം പ്രകടിപ്പിക്കാൻ ഇന്ത്യയ്ക്ക് ഊർജവുമായിട്ടുണ്ട്.
യുഎസിനെതിരെ ആഞ്ഞടിക്കാൻ സജ്ജമാണെന്ന് യൂറോപ്യൻ യൂണിയനും ഇതിനിടെ വ്യക്തമാക്കി.
നിലവിൽ 30% തീരുവയാണ് യൂറോപ്യൻ യൂണിയനെതിരെ ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു പരമാവധി 15 ശതമാനമാക്കണമെന്നാണ് യൂറോപ്യൻ യൂണിയന്റെ ആവശ്യം.
ഇതംഗീകരിച്ചില്ലെങ്കിൽ തിരിച്ചടിക്കാനാണ് തീരുമാനവും.
ഇന്ത്യയും യൂറോപ്യൻ യൂണിയനും കടുംപിടിത്തം തുടരുന്നതും ഇന്ത്യ-യുകെ വ്യാപാരക്കരാർ ഇരു രാജ്യങ്ങൾക്കും നേട്ടംനൽകുംവിധം യാഥാർഥ്യമായതും ട്രംപിന് വൻ തിരിച്ചടിയുമാണ്. ഇന്ത്യയുമായും യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളിൽ നിലപാട് മയപ്പെടുത്തേണ്ട
സ്ഥിതിയിലേക്ക് യുഎസും ട്രംപും നീങ്ങുന്നുവെന്നാണ് സൂചനകൾ. എന്നാൽ, ഇക്കാര്യത്തിൽ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ ഓഹരികളിൽ വൻ നിരാശ
ഇന്ത്യ-യുകെ വ്യാപാരക്കരാർ യാഥാർഥ്യമായെങ്കിലും അതിന്റെ ആവേശം ഇന്നലെ ഇന്ത്യൻ ഓഹരികളിൽ പ്രകടമായിരുന്നില്ല.
നിഫ്റ്റിയും സെൻസെക്സും 0.6% ഇടിഞ്ഞാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചതും. ഇന്നും സമ്മർദം നിലനിൽക്കുന്നെന്ന് സൂചിപ്പിച്ച് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 100ലേറെ പോയിന്റ് താഴ്ന്നു.
ഐടി കമ്പനികളുടെ ഓഹരികളിലുണ്ടായ സമ്മർദമാണ് ഇന്നലെ തിരിച്ചടിയായത്.
വിദേശ ഓഹരി വിപണികൾ സമ്മിശ്രം
യുഎസിൽ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് പ്രതീക്ഷകളെ മറികടന്നുള്ള പ്രവർത്തനഫലം പുറത്തുവിട്ടതിന്റെ ആവേശത്തിൽ നാസ്ഡാക് 0.18%, എസ് ആൻഡ് പി500 സൂചിക 0.07% എന്നിങ്ങനെ ഉയർന്നു. ഡൗ ജോൺസ് 0.70% ഇടിഞ്ഞു.
മോശം പ്രവർത്തനഫലം പുറത്തുവിട്ട ടെസ്ല ഓഹരികൾ എട്ട് ശതമാനത്തിലധികം ഇടിഞ്ഞു.
∙ യൂറോപ്പിൽ എഫ്ടിഎസ്ഇ 0.85% ഉയർന്നു
∙ ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്.
ജാപ്പനീസ് നിക്കേയ് 0.59%, ചൈനയിൽ ഷാങ്ഹായ് 0.09%, ഹോങ്കോങ് 0.49% എന്നിങ്ങനെ ഇടിഞ്ഞു.
∙ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ പണപ്പെരുപ്പം 3.1ൽ നിന്ന് 2.9 ശതമാനത്തിലേക്ക് കുറഞ്ഞെങ്കിലും ഓഹരി വിപണിയിൽ നേട്ടമുണ്ടായില്ല.
∙ ദക്ഷിണ കൊറിയയുടെ കോസ്പി 0.48%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.41% എന്നിങ്ങനെയും നഷ്ടത്തിലാണുള്ളത്.
പ്രവർത്തനഫലത്തിൽ ഉറ്റുനോട്ടം
കോർപറേറ്റ് കമ്പനികളുടെ പ്രവർത്തനഫലം സൃഷ്ടിക്കുന്ന ആശങ്കയാണ് ഇന്ത്യൻ ഓഹരികളിൽ പ്രധാനമായും അലയടിക്കുന്നത്. ഇന്ന് ബജാജ് ഫിൻസെർവ്, ബാങ്ക് ഓഫ് ബറോഡ, സിപ്ല, ശ്രീറാം ഫിനാൻസ് തുടങ്ങിയവ ജൂൺപാദ പ്രവർത്തനഫലം പുറത്തുവിടും.
∙ ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (ഐഇഎക്സ്) ഇന്നലെ സംയോജിത ലാഭത്തിൽ 25% വർന്നുവെന്നത് ഉൾപ്പെടെ മെച്ചപ്പെട്ട
ജൂൺപാദ പ്രവർത്തഫലം പുറത്തുവിട്ടിട്ടും കമ്പനിയുടെ ഓഹരികൾ 30% വരെ തകർന്നടിഞ്ഞു.
∙ 2026 ജനുവരി മുതൽ ‘മാർക്കറ്റ് കപ്ലിംഗ്’ നടത്തുമെന്ന ഊർജ റഗുലേറ്റർമാരായ സെൻട്രൽ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ (സിഇആർസി) നിർദേശത്തിനു പിന്നാലെയാണ് ഓഹരിവില കൂപ്പുകുത്തിയത്. 187.89 രൂപയിൽ നിന്ന് ഓഹരി നിലംപൊത്തിയത് 135.49 രൂപയിലേക്ക്.
∙ നിലവിൽ ഐഇഎക്സ് ഉൾപ്പെടെ ഈ രംഗത്തെ സ്ഥാപനങ്ങൾ വ്യത്യസ്ത വില നിശ്ചയിച്ചാണ് ഊർജ വിൽപന നടത്തുന്നത്.
2026 മുതൽ ഏകീകൃത സംവിധാനം കൊണ്ടുവരുമെന്ന (മാർക്കറ്റ് കപ്ലിംഗ്) തീരുമാനമാണ് ഓഹരികളെ തകർച്ചയിലേക്ക് നയിച്ചത്.
സ്വർണം താഴേക്കുതന്നെ, എണ്ണവില മേലോട്ട്
രാജ്യാന്തര സ്വർണവില നിലവിൽ വ്യാപാരം ചെയ്യുന്നത് ഔൺസിന് 24 ഡോളർ ഇടിഞ്ഞ് 3,365 ഡോളറിൽ. യുഎസ് തുടങ്ങിവച്ച താരിഫ് പ്രതിസന്ധികൾ അയഞ്ഞേക്കുമെന്ന പ്രതീക്ഷകളും യുഎസിൽ സമീപഭാവിയിൽ പലിശനിരക്ക് കുറയാനുള്ള തീരുമാനത്തിൽ അനിശ്ചിതത്വം തുടരുന്നതും ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും കരകയറ്റവുമാണ് സ്വർണത്തിനു തിരിച്ചടിയാകുന്നത്.
∙ യുഎസ് ഡോളർ ഇൻഡക്സ് 0.19% ഉയർന്ന് 97.56ൽ എത്തി.
∙ യുഎസ് ട്രഷറി യീൽഡ് 4.35 നിലവാരത്തിൽ നിന്ന് 4.40% തിരിച്ചുപിടിച്ചു.
∙ കേരളത്തിൽ ഇന്നും സ്വർണവിലയിൽ കുറവുണ്ടാകുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
∙ രാജ്യാന്തരതലത്തിൽ ഡിമാൻഡ് മെച്ചപ്പെടുന്നത് ക്രൂഡ് ഓയിൽ വിലയെ മുന്നോട്ട് നയിക്കുന്നു.
ബ്രെന്റ് വില ബാരലിന് 0.51% കയറി 69.53 ഡോളറിലും ഡബ്ല്യുടിഐ വില 0.51% ഉയർന്ന് 66.37 ഡോളറുമായി.
രൂപയും വിദേശ നിക്ഷേപവും
രൂപ ഇന്നലെ ഡോളറിനെതിരെ വെറും ഒരു രൂപ നേട്ടത്തോടെ 86.40ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിൽ നിന്നുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്ഐഐ) പിൻവലിയൽ, ക്രൂഡ് ഓയിൽ വിലവർധന എന്നിവ രൂപയ്ക്ക് സമ്മർദമാണ്.
എഫ്ഐഐ ഇന്നലെയും 2,133 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]