
റിലയൻസ് ഇൻഡസ്ട്രീസിന്റെ നിക്ഷേപ പദ്ധതികളിലെ ഏറ്റവും വലിയ റിസ്കായിരുന്നു ‘റിലയൻസ് ജിയോ’ എന്ന് മുകേഷ് അംബാനി. ‘‘കടുത്ത മത്സരം നിറഞ്ഞ ഇന്ത്യയുടെ ടെലികോം വിപണിയിലേക്കാണ് 2016ൽ ജിയോ എത്തിയത്.
2,500 കോടി ഡോളറായിരുന്നു നിക്ഷേപം. ഏകദേശം രണ്ടുലക്ഷം കോടി രൂപ.
അത് സ്വന്തം പണമായിരുന്നു. ഞാനായിരുന്നു ഏറ്റവും വലിയ ഓഹരി ഉടമ’’ – മക്കിൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ പറഞ്ഞു.
‘‘വലിയ റിസ്കാണ് റിലയൻസ് എടുത്തത്. അന്നു ഞാൻ ഡയറക്ടർമാരുടെ യോഗത്തിൽ പറഞ്ഞു – ഈ നിക്ഷേപത്തിൽ നിന്ന് നേട്ടം (റിട്ടേൺ) കിട്ടണമെന്നില്ല.
സാരമില്ല, അതു നമ്മുടെ പണമാണ്. ഡിജിറ്റൽ ഇന്ത്യയ്ക്കുവേണ്ടി ഈ റിസ്ക് നമ്മളെടുക്കും’’.
ജിയോയുടെ രാജ്യാമെമ്പാടുമുള്ള സ്വീകാര്യതയിലൂടെ ആ ലക്ഷ്യം നേടിയെന്നും ഇന്ത്യയെന്ന് ‘ഡിജിറ്റൽ ഇന്ത്യ’ ആകുമെന്ന നിരവധി പേരുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. വളർച്ചയാണ് റിലയൻസിന്റെ ലക്ഷ്യം.യ രാജ്യത്തിനായി റിലയൻസിന്റെ ഏറ്റവും വലിയ ‘ജനക്ഷേമ പദ്ധതി’ ആയിരുന്നു ജിയോയെന്നും അദ്ദേഹം പറഞ്ഞു.
നൂതന ഡിജിറ്റൽ ടെക്നോളജി, നിർമിതബുദ്ധി (എഐ), അഡ്വാൻസ്ഡ് മാനുഫാക്ചറിങ് രംഗങ്ങളിൽ റിലയൻസിന്റെ ഊന്നൽ തുടരും. 1960ൽ വെറും 100 ഡോളർ മൂലധനവുമായി ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയൻസ്.
പെട്രോകെമിക്കലുകളും കടന്ന് ഇന്ന് റിലയൻസ് ടെലികോമിൽ എത്തിനിൽക്കുന്നു. ജിയോ തന്നെയായിരുന്നു ഏറ്റവും വലിയ ചുവടുവയ്പ്പ്.
സ്ഥാപകർക്കപ്പുറവും റിലയൻസ് നിലനിൽക്കും. ഏറ്റവും വലിയ സമർപ്പണം രാജ്യത്തിന്റെ വികസനത്തോടാണെന്നും അദ്ദേഹം പറഞ്ഞു.
അച്ഛൻ ധീരുഭായ് അംബാനി പറഞ്ഞ വാക്കുകളും മുകേഷ് അനുസ്മരിച്ചു – ‘‘ശതകോടീശ്വരനാകണമെന്ന് കരുതിയാണ് നിങ്ങളൊരു ബിസിനസ് തുടങ്ങുന്നതെങ്കിൽ പരാജയമായിരിക്കും ഫലം. എന്നാൽ, ശതകോടി ജനങ്ങളുടെ സേവനം ലക്ഷ്യമിട്ടാണ് ബിസിനസ് ആരംഭിക്കുന്നതെങ്കിൽ ഉറപ്പായും വിജയിക്കാനാകും’’.
ഈ വാക്കുകളാണ് റിലയൻസിനെ മുന്നോട്ട് നയിക്കുന്നതെന്നും അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് ഒരു ശതമാനം ഉയർന്ന് 1,465 രൂപയിലാണ് ബിഎസ്ഇയിൽ ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ വ്യാപാരം ചെയ്യുന്നത്.
സെൻസെക്സ് 530ലേറെ (+0.66%) ഉയർന്ന് 82,600 പോയിന്റിൽ എത്തിയിട്ടുണ്ട്. സെൻസെക്സിന്റെ മുന്നേറ്റത്തിൽ 90 പോയിന്റിലധികം സംഭാവന ചെയ്ത് മുൻനിരയിലും റിലയൻസുണ്ട്.
106.79 പോയിന്റ് പങ്കുവഹിച്ച് എച്ച്ഡിഎഫ്സി ബാങ്കാണ് ഒന്നാമത്. ഇൻഫോസിസ് (84 പോയിന്റ്), ഭാരതി എയർടെൽ (56.70 പോയിന്റ്) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]