
രുചിയൂറും സസ്യാഹാരങ്ങൾക്ക് എപ്പോഴും ഡിമാൻഡുണ്ട്. അത്തരത്തിൽ മാംസത്തിനു പകരക്കാരനായി ഉപയോഗിക്കുന്ന സോയ ചങ്ക്സ് (Soya Pillets) നിർമിക്കുന്ന സ്ഥാപനമാണ് ഡോറസ് അഗ്രോ ഫുഡ് പ്രോഡക്ട്സ്. പാലക്കാട് ഷൊർണൂർ വ്യവസായ എസ്റ്റേറ്റിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.സോയ ചങ്ക്സ് നിർമിക്കുന്ന മറ്റു സ്ഥാപനങ്ങൾ ഒന്നുംതന്നെ കേരളത്തിലില്ല എന്നാണ് സ്ഥാപനത്തിന്റെ ഉടമസ്ഥനായ സതീഷ് നമ്പ്യാർ പറുന്നത്.
എന്തുകൊണ്ട് ഈ ബിസിനസ്
ഗുജറാത്തിലെ ജോലി രാജിവച്ച് നാട്ടിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചപ്പോഴാണ് സ്വന്തമായി സംരംഭം എന്ന ചിന്ത വരുന്നത്. അങ്ങനെയാണ് കേരളത്തിൽ അതുവരെ ഇല്ലാതിരുന്ന, എന്നാൽ മലയാളികൾക്ക് ആവശ്യമുള്ള ഒരു സംരംഭം തുടങ്ങണം എന്നുറപ്പിക്കുന്നത്. നിക്ഷേപച്ചെലവ് ഒരു കോടിയിൽ കവിയാത്ത പദ്ധതിയാണ് അന്വേഷിച്ചത്. അങ്ങനെ വിവിധ ഘടകങ്ങൾ ഒത്തുവന്നതോടെയാണ് ‘സോയാബീൻ’ നിർമാണത്തിലേക്ക് എത്തുന്നത്. സുഹൃത്തായ രാമകൃഷ്ണനും പങ്കാളിയായെത്തി.
ലളിതമായ നിർമാണരീതി
സോയവിത്തിൽനിന്നും എണ്ണ എടുത്തശേഷം വരുന്ന പൊടിയാണ് മുഖ്യ അസംസ്കൃത വസ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഇവ സുലഭ മായി ലഭിക്കും. സ്ഥിരമായി എത്തിച്ചുതരുന്ന കമ്പനികളുണ്ട്. ക്രെഡിറ്റ് അൽപംപോലും ലഭിക്കില്ല. അഡ്വാൻസായി തുക നൽകുകയും വേണം. തികച്ചും ആരോഗ്യകരമായവ മാത്രമേ ശേഖരിക്കുകയുള്ളൂ. അതിനായി പ്രത്യേകം പരിശോധനാ സംവിധാനവും ഇവിടെയുണ്ട്.
ആദ്യം സോയപ്പൊടി വെള്ളം ചേർത്തു മിക്സ് ചെയ്യും. ശേഷം പ്രഷർ കൊടുത്തു ചങ്ക്സ് പല്ലറ്റ് രൂപത്തിലാക്കുന്നു. അതിനായി എക്സ്ട്രൂഡറിലൂടെ കടത്തിവിടുന്നു. പിന്നീട് ഡ്രയറിലിട്ട് ഉണക്കിയെടുക്കും. ഈ പ്രക്രിയയെല്ലാം ഓട്ടമാറ്റിക്കായി ചെയ്യാന്‍ സാധിക്കുന്ന മെഷീനുകൾ സ്ഥാപനത്തിലുണ്ട്.
500 ഗ്രാം, 1,000 ഗ്രാം, 20 കി.ഗ്രാം പായ്ക്കറ്റുകളില്‍ ഡോറസ്(Dorus) എന്ന ബ്രാൻഡിലാണ് സോയാ ചങ്ക്സ് വിപണിയിലെത്തിക്കുന്നത്. ‘റെഡി ടു കുക്ക്’ വിഭാഗത്തിലാണ് വിൽപന.
ഒരു കോടിയുടെ നിക്ഷേപം
നിക്ഷേപത്തിനായുള്ള ഒരു കോടി രൂപ കണ്ടെത്തിയത് ബാങ്ക് വായ്പയിലൂടെയാണ്. മിക്സ്ചർ മെഷീൻ, എക്സ്ട്രൂഡർ മെഷീൻ, ഡ്രയർ, പാക്കിങ് മെഷീൻ എന്നിങ്ങനെയുള്ള പ്രധാന മെഷീനറികൾക്കായി 50 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. 10 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. ഷൊർണൂരിൽ വ്യവസായ എസ്റ്റേറ്റില്‍ ലഭിച്ച 10 സെന്റ് സ്ഥലത്താണ് ഫാക്ടറി സ്ഥാപിച്ചത്.
35% സബ്സിഡി ലഭിച്ചു
എന്റർപ്രണർ സപ്പോർട്ട് സ്കീംപ്രകാരം 35% സബ്സിഡിയാണ് സ്ഥാപനത്തിനു ലഭിച്ചത്. ഭൂമി, കെട്ടിടം, മെഷീനറികൾ എന്നിവയിൽ വന്നിട്ടുള്ള നിക്ഷേപം കണക്കാക്കിയാണ് സബ്സിഡി അനുവദിച്ചത്. ജില്ലാ വ്യവസായ കേന്ദ്രംവഴിയാണ് ഈ തുക ലഭിച്ചത്.
മുഖ്യം പ്രാദേശിക വിൽപന
പ്രാദേശിക വിപണികളിലാണു പ്രധാനമായും വിൽപന നടക്കുന്നത്. മൊത്ത വിതരണക്കാരുണ്ട്. നേരിട്ടുള്ള വിൽപന കുറവാണ്. സൂപ്പർമാർക്കറ്റുകളിലടക്കം എല്ലാ ജില്ലയിലും ഉൽപന്നം ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായ് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്. കേരളത്തിലെ സോയാ ചങ്ക്സ് വിപണിയിൽ മത്സരം കുറവാണ്. എന്നാൽ, ഗുണമേന്മ ഒന്നുകൊണ്ടുമാത്രമാണ് കയറ്റുമതി ചെയ്യാനായതെന്ന് സതീഷ് പറയുന്നു. ക്രെഡിറ്റ് വിൽപനയാണ് പ്രധാന വെല്ലുവിളി. അതോടൊപ്പം അസംസ്കൃത വസ്തു എത്തിക്കാൻ മുടക്കുന്ന ട്രാൻസ്പോർട്ടേഷൻ ചാർജും.
ലാഭവിഹിതം കുറഞ്ഞ ബിസിനസ്
സാധാരണ ഭക്ഷ്യസംരംഭങ്ങൾക്കുള്ള ലാഭം ഇവിടെ ലഭിക്കില്ല. 10മുതൽ 15%വരെയാണ് മൊത്തവിതരണത്തിൽ ലഭിക്കാവുന്ന അറ്റാദായം. അന്യസംസ്ഥാനങ്ങളിൽനിന്നും സോയാ ചങ്ക്സ് എത്തുന്നതുകൊണ്ടാണിത്. പ്രതിമാസം ശരാശരി 50 ലക്ഷം രൂപയുടെ വ്യാപാരം ഡോറസിലുണ്ട്.
വിപുലീകരണം
സ്ഥാപനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സതീഷ്. അതിനുള്ള സ്ഥലസൗകര്യങ്ങൾ തേടുകയാണിപ്പോൾ. സാധനങ്ങൾ ശേഖരിക്കാനും മറ്റും കൂടുതൽ സ്ഥലം ആവശ്യമാണ്. ഇപ്പോൾ ലഭ്യമായ സ്ഥലത്തു മുഴുവനായികെട്ടിടം നിർമിച്ചിരി ക്കുകയാണ്. സ്ഥലപരിമിതി വലിയ ഒരു പ്രശ്നമാണ്. എല്ലാ ജില്ലയിലും വിതരണക്കാരെ വയ്ക്കാനും ആലോചിക്കുന്നുണ്ട്.
പുതുസംരംഭകർക്ക്
േകരളത്തിൽ അത്ര വ്യാപകമല്ലാത്ത, എന്നാൽ ആവശ്യക്കാരുള്ള ഉൽപന്നങ്ങള് പുറത്തിറക്കുന്ന സംരംഭങ്ങൾക്കു വലിയ സാധ്യതകളാണുള്ളത്. കൃത്യമായ പഠനങ്ങൾ നടത്തിവേണം നിക്ഷേപം നടത്താൻ. ലാഭവിഹിതം കുറവാണെങ്കിലും സ്ഥിരമായ വിപണിയും ലാഭവും നേടാനാകും. 50 ലക്ഷം രൂപ നിക്ഷേപിച്ചുകൊണ്ടും ഇത്തരം സംരംഭങ്ങളിലേക്കു കടക്കാം. 10 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നേടിയാൽപോലും ഒരു ലക്ഷം രൂപയോളം അറ്റാദായം നേടാനാകും.
മെയ് ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. സംശയങ്ങൾ സമ്പാദ്യത്തിലേക്കു കത്തായോ, വാട്സാപ്പ് സന്ദേശമായോ 92077 49142 എന്ന നമ്പറിലേക്ക് അയയ്ക്കുക.