
പുതു സാമ്പത്തിക വർഷത്തെ ആദ്യ കടമെടുക്കലിലേക്ക് കേരളം. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ മുഖേന കടപ്പത്രങ്ങളിറക്കി 2,000 കോടി രൂപയാണ് കേരളം എടുക്കുന്നത്. 21 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളം വായ്പ തേടുന്നതെന്നും ഈ മാസം 29നാണ് കടപ്പത്രങ്ങളിറക്കുകയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
നടപ്പുവർഷം (2025-26) ആകെ ഏകദേശം 50,000 കോടി രൂപ വായ്പ എടുക്കാൻ കേരളത്തിന് കഴിയുമെന്നാണ് സൂചനകൾ. എന്നാൽ, ഇക്കാര്യം കേന്ദ്ര ധനമന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കിഫ്ബി ഉൾപ്പെടെയുള്ളവ എടുത്ത വായ്പ, സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കി കടമെടുപ്പ് പരിധിയിൽ ഈ വർഷവും കേന്ദ്രം വെട്ടിക്കുറയ്ക്കൽ വരുത്തുമോ എന്നും വ്യക്തമല്ല.
കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളാണ് 29ന് ഇ-കുബേർ വഴി കടമെടുക്കുന്നത്. സംയോജിതമായി ഇവ എടുക്കുക 24,700 കോടി രൂപ. മഹാരാഷ്ട്രയാണ് 6,500 കോടി രൂപ തേടി ഏറ്റവും മുന്നിൽ. ഹരിയാന (1,000 കോടി), ഹിമാചൽ (1,300 കോടി), പഞ്ചാബ് (2,500 കോടി), രാജസ്ഥാൻ (4,500 കോടി), തമിഴ്നാട് (1,000 കോടി), തെലങ്കാന (1,400 കോടി), ത്രിപുര (500 കോടി), ഉത്തർപ്രദേശ് (3,000 കോടി), ഉത്തരാഖണ്ഡ് (1,000) എന്നിവയാണ് കടമെടുക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)