
ന്യൂഡൽഹി∙ വാഗ – അട്ടാരി അതിർത്തി പാത ഇരു രാജ്യങ്ങളും അടച്ചതിനു പിന്നാലെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര ഇടപാടുകൾ പൂർണമായും നിർത്തിവയ്ക്കുകയാണെന്ന് പാക്കിസ്ഥാൻ.
2019ലെ പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഏറെക്കുറെ നിലച്ച ഇന്ത്യ–പാക്കിസ്ഥാൻ വ്യാപാരബന്ധം 2021നു ശേഷമാണ് ഭാഗികമായെങ്കിലും മെച്ചപ്പെട്ടു തുടങ്ങിയത്. ഇന്ത്യ–പാക്കിസ്ഥാൻ വ്യാപാരബന്ധത്തിൽ നിർണായകമായ വഴിത്തിരിവുണ്ടായതു 2019ൽ ആണ്. ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര (എംഎഫ്എൻ) പദവി ഇന്ത്യ പിൻവലിക്കുകയും അവിടെ നിന്നുള്ള ഇറക്കുമതിക്ക് 200% തീരുവ ചുമത്തുകയും ചെയ്തു. കയറ്റുമതിയിലും ഇറക്കുമതിയിലും ചുങ്കം സംബന്ധിച്ച ആനുകൂല്യങ്ങൾ ഇതോടെ പാക്കിസ്ഥാന് നഷ്ടമായി.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കാനുള്ള നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പശ്ചാത്തലത്തിൽ, 2019 ഓഗസ്റ്റിലാണ് ഉഭയകക്ഷി വ്യാപാരം നിർത്തിവയ്ക്കാൻ പാക്കിസ്ഥാൻ ഏകപക്ഷീയമായി തീരുമാനിച്ചത്. മെഡിക്കൽ ഉൽപന്നങ്ങൾക്ക് മാത്രമാണ് ഇളവുണ്ടായിരുന്നത്.
ഇതിനു പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ഏറക്കുറെ 60 ശതമാനത്തോളം ഇടിഞ്ഞു. പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയിലുണ്ടായത് 97 ശതമാനത്തിന്റെ ഇടിവും. 2021ൽ ആഭ്യന്തര വിലക്കയറ്റം മൂലമാണു ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഭാഗികമായി പുനഃസ്ഥാപിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചത്. പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാനും അന്നു തീരുമാനമായിരുന്നു. തുടർന്ന് പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ കാര്യമായ വർധനയുണ്ടായി.
2023–24 ൽ 9,863 കോടി രൂപയുടെ കയറ്റുമതി നടന്നു. അതേസമയം, പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കാര്യമായി ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം 3.56 കോടിയുടെ ഇറക്കുമതി മാത്രമാണു നടന്നത്. അട്ടാരി–വാഗ അതിർത്തി, കറാച്ചി തുറമുഖവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന 2 വ്യാപാരറൂട്ടുകൾ. ഇതിൽ അട്ടാരി–വാഗ അതിർത്തി ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം അടച്ചു.
ഇന്ത്യ–പാക്കിസ്ഥാൻ വ്യാപാരം പൂർവസ്ഥിതിയിലാക്കുന്നതിനെക്കുറിച്ച് പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കെല്ലാം കേന്ദ്രസർക്കാരിന് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ–‘ഉഭയകക്ഷി വ്യാപാരം പുനരാരംഭിക്കേണ്ടതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനാണ്’. അതേ പാക്കിസ്ഥാനാണ് ഇന്നലെ ഇന്ത്യയുമായി ഇനി വ്യാപാരമില്ലെന്ന് പ്രഖ്യാപിച്ചത്. മറ്റ് രാജ്യങ്ങളിലൂടെ റീറൂട്ട് ചെയ്തു വരുന്ന ഇന്ത്യൻ ഉൽപന്നങ്ങളും പാക്കിസ്ഥാൻ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഓർഗാനിക് കെമിക്കലുകൾ, ഫാർമ ഉൽപന്നങ്ങൾ, പരുത്തി, പഞ്ചസാര, മധുരപലഹാരങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് കാര്യമായി കയറ്റിയയയ്ക്കുന്നത്. ചില തുണിത്തരങ്ങൾ, ഉപ്പ്, സൾഫർ, കുമ്മായം, ചെമ്പ്, തുകൽ തുടങ്ങിയവയാണ് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തീർത്തും കുറഞ്ഞ അളവിലെത്തിയിരുന്നത്.
5 വർഷത്തിനിടെയുള്ള ഇന്ത്യ–പാക്കിസ്ഥാൻ വ്യാപാരം
വർഷം, കയറ്റുമതി, ഇറക്കുമതി
2020–21: 2,415 കോടി രൂപ, 17.69 കോടി രൂപ
2021–22: 3,831 കോടി രൂപ, 18.91 കോടി രൂപ
2022–23: 5,019 കോടി രൂപ, 157.77 കോടി രൂപ
2023–24: 9,863 കോടി രൂപ, 23.82 കോടി രൂപ
2024–25: 3,764 കോടി രൂപ, 3.56 കോടി രൂപ