
സിനിമാമേഖലയിലുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് ഈയിടെ നിർമാതാവ് ജി.സുരേഷ് കുമാർ നടത്തിയ പത്രസമ്മേളനം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. എന്നാൽ നമ്മുടെ നാട്ടിൽ ലഘുസംരംഭകർ ഒരു വർഷം നേരിടുന്ന നഷ്ടം സിനിമാ മേഖലയിലേതിനെക്കാൾ പതിന്മടങ്ങു വരും. പല സംരംഭങ്ങളും ആദ്യവർഷംതന്നെ അകാലചരമം പ്രാപിക്കുന്നതു നിത്യകാഴ്ചയാണ്. എന്നാൽ ഇതിനുള്ള കാരണത്തെക്കുറിച്ച് അധികമാരും ചർച്ച ചെയ്യാറില്ല.
1. ‘ആവശ്യം’ ഇല്ലാത്ത ‘ആഗ്രഹം’
പലർക്കും സംരംഭകനാകണമെന്നുള്ള ആഗ്രഹം മാത്രമാണ് സംരംഭം തുടങ്ങുന്നതിനുള്ള കാരണം. എന്നാൽ ഉപഭോക്താവിന്റെ ആവശ്യത്തെക്കുറിച്ചു ചിന്തിക്കാറില്ല. സംരംഭകനാകണമെന്നു മനസ്സിലുറപ്പിക്കുംമുൻപുതന്നെ നിങ്ങൾ ചിന്തിക്കേണ്ട ഒന്നാണ് ഉപഭോക്താവിന്റെ ആവശ്യങ്ങൾ. തനിക്കു വൈദഗ്ധ്യമുള്ള മേഖലയിൽ നിലവിൽ ഉപഭോക്താക്കളുടെ ഏതാവശ്യമാണ് മാറ്റാരാലും നിറവേറ്റപ്പെടാതെ പോകുന്നത് എന്നു കണ്ടെത്തണം.
അതുമല്ലെങ്കിൽ, നിലവിൽ നിറവേറ്റപ്പെടുന്ന ആവശ്യം മറ്റാരെക്കാളും മികച്ച രീതിയിൽ തനിക്കു നൽകാനാകുമോ എന്നും കണ്ടെത്താം. ഇതു രണ്ടും കണ്ടെത്താൻ കഴിയില്ലെങ്കിൽ ആ സംരംഭം പരാജയപ്പെട്ടുപോകും. ഏതെങ്കിലുമൊരാൾ ഒരു സ്ഥലത്തൊരു സംരംഭം തുടങ്ങി അതു വിജയിച്ചാൽ അതേ സ്ഥലത്തു കുറെയേറെ പേരെത്തി സമാനസംരംഭങ്ങൾ തുടങ്ങി നഷ്ടത്തിലായിപ്പോകുന്നത് നമ്മൾ സ്ഥിരം കാണുന്നതാണ്. ഇതിനു കാരണം ആവശ്യത്തെക്കുറിച്ചു ചിന്തിക്കാത്തതുതന്നെയാണ്.
2. ‘ആവശ്യം’ എങ്ങനെ കണ്ടെത്തും?
ആവശ്യം കണ്ടെത്തുന്നതിനു നിരവധി മാർഗങ്ങളുണ്ട്. ഇതിൽ ലഘുസംരംഭകർക്ക് ഏറ്റവും അനുയോജ്യം ഒരു ഉപഭോക്താവെന്നനിലയിൽ സ്വയം അനുഭവിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക എന്നതാണ്. ശേഷം കണ്ടെത്തുന്ന പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കണ്ടെത്താമെന്നതിനെക്കുറിച്ചു പഠിച്ചശേഷം സംരംഭത്തെക്കുറിച്ചു ചിന്തിക്കുക.
3. എന്തൊക്കെ ശ്രദ്ധിക്കണം?
ഉപഭോക്താവിനുള്ള ആവശ്യം കണ്ടെത്തിക്കഴിഞ്ഞാൽ അതിനെ വിശകലനം ചെയ്യുകയാണ് അടുത്ത പടി. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കണം:
ദൈർഘ്യം
നിങ്ങൾ കണ്ടെത്തിയ ആവശ്യം ദീർഘകാലം നീണ്ടുനിൽക്കുന്നതാണോയെന്നു പഠിക്കണം. ഉദാഹരണത്തിന്, ക്ലിനിക്കൽ മാസ്കുകളുടെ ആവശ്യം കോവിഡ് കാലത്തേതിന് അപേക്ഷിച്ച് ഇപ്പോൾ കുറവാണ്.
ആവശ്യമാണോ അത്യാവശ്യമാണോ
കണ്ടെത്തിയ ആവശ്യം അത്യാവശ്യമാണോയെന്നു പഠിക്കുക. അത്യാവശ്യമെങ്കിൽ സമയം പാഴാക്കാതെ സംരംഭം തുടങ്ങുക.
ഉപഭോക്താവ് ബോധവാനാണോ?
ഇത്തരത്തിലൊരു ആവശ്യം തനിക്കുണ്ടെന്ന് ഉപഭോക്താവ് ബോധവാനാണോയെന്നു പഠിക്കുക. ഡയറ്റ് ഐസ്ക്രീമുകളാണ് ഇതിനൊരു ഉദാഹരണം. അങ്ങനെയൊരു ആവശ്യം നിലവിലുണ്ടെങ്കിലും ഉപഭോക്താവ് അതു തിരിച്ചറിയുന്നില്ല. ഐസ്ക്രീമുകൾ ആരോഗ്യകരമാകണമെന്ന ചിന്ത ഉപഭോക്താക്കളിൽ ഇല്ല എന്നതാണ് ഇവിടത്തെ പ്രശ്നം.
മത്സരം നോക്കണം
എവിടെനിന്നൊക്കെ മത്സരം വരുമെന്നു നോക്കുന്നതാണ് അടുത്ത പടി. കടുത്ത മത്സരം വരാനിടയുണ്ടെകിൽ കരുതലോടെ വേണം മുന്നോട്ടുപോകാൻ.
ലാഭകരമാകുമോ
പ്രസ്തുത ആവശ്യം നിറവേറ്റുന്നത് സംരംഭകന് നേട്ടമുണ്ടാക്കിക്കൊടുക്കുമോ എന്നു കൂടി ഉറപ്പിച്ചശേഷം സംരംഭകത്വത്തിലേക്കു കടക്കുക.